
ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ കാദിപൂരിൽ നടന്ന ഒരു വിവാഹം അസാധാരണമായ ചില സംഭവങ്ങളോടെ നിർത്തിവയ്ക്കപ്പെട്ടു. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് വരൻ, ട്രാന്‍സ്ജെന്‍ഡറാണെന്ന് വധുവിന്‍റെ കുടുംബം തിരിച്ചറിഞ്ഞത്. ഒടുവിൽ വിവാഹം കഴിഞ്ഞെങ്കിലും വധുവില്ലാതെ വരനും സംഘവും ഗ്രാമത്തിലേക്ക് തിരിച്ച് പോയി.
ആറ് മാസം മുമ്പാണ് കാദിപൂർ സ്വദേശിയായ യുവതിയും പുർ ഗനായി ഗ്രാമത്തിലെ 22 -കാരനായ റിഷുവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ഫെബ്രുവരി 13 -ന് സംഗീതവും നൃത്തവുമെല്ലാമായി പരമ്പരാഗത ചടങ്ങുകളുകളോടെ വരന്‍റെ ഘോഷയാത്ര വിവാഹ വേദിയായ വധുവിന്‍റെ വീട്ടിലെത്തി. വിവാഹം കഴിഞ്ഞ് ഭക്ഷണ ശേഷം അതിഥികളും പിരിഞ്ഞു. പുലർച്ചെ 4 മണിയോടെ വധുവിനെ വരന്‍റെ വീട്ടിലേക്ക് യാത്രയയക്കുന്ന ചടങ്ങായിരുന്നു (വിദായ്).
ഇതിനിടെ കദിപൂരിൽ നിന്നുള്ള ഒരു കൂട്ടം ട്രാൻസ്ജെന്‍ററുകൾ, തങ്ങൾക്ക് അർഹതപ്പെട്ട സമ്മാനങ്ങൾ ശേഖരിക്കാനായി വധുവിന്‍റെ വീട്ടിലെത്തി. ഇവർ വരനെ തിരിച്ചറിഞ്ഞു. ഒരിക്കൽ തങ്ങളുടെ സംഘത്തിലുണ്ടായിരുന്നയാൾ. പിന്നാലെ വരന്‍റ കുടുംബം 23,000 രൂപ തങ്ങൾക്ക് കൈമാറിയിരുന്നതായും വരന്‍റെ സ്വത്വം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും അവർ ആരോപിച്ചു. ഇതോടെ സന്തോഷത്തോടെ നിന്ന വധൂ ഗൃഹം ശോകമൂകമായി.
പിന്നാലെ വരനെ പരിശോധിക്കണമെന്ന് വധൂവിന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാഷ വരന്‍ അതിന് തയ്യാറായില്ല. ഇതോടെ വധുവിന്‍റെ കുടുംബം രോഷാകുലരായി. പ്രശ്നം സംഘർഷത്തിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ ആരോ പോലീസിനെ വിവരം അറിയിച്ചു. പോലീസുകാരുടെ ഇടനിലയിൽ നടന്ന ചർച്ചയെ തുടർന്ന് വിവാഹച്ചെലവുകൾ തിരികെ നൽകാൻ വരന്‍റെ കുടുംഹം സമ്മതിച്ചു. പിന്നാലെ വരനും കുടുംബവും വധുവില്ലാതെ വീട്ടിലേക്ക് തിരിച്ച് പോയി. പോലീസ് വിഷയത്തിൽ എഫ്ഐആർ തയ്യാറാക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.