ഗ്രാമത്തിലെ ഒരു കുടുംബത്തിൽ 85 വർഷത്തിന് ശേഷം ആഘോഷപൂർവ്വം വിവാഹം; അതിനൊരു കാരണമുണ്ട്

Published : Feb 23, 2026, 09:08 PM IST
Bihar family

Synopsis

ഒരു കുടുംബം 85 വർഷമായി നിർത്തിവെച്ചിരുന്ന വിവാഹഘോഷയാത്ര പുനരാരംഭിച്ചു. 1940 -ൽ ഒരു വിവാഹത്തിനിടെയുണ്ടായ മരണം അപശകുനമായി. പിന്നാലെ സ്വയം വിലക്ക്. ഒടുവിൽ, 85 വർഷത്തിന് ശേഷമൊരു വിവാഹത്തിന് മുമ്പ് കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ചു. പിന്നാലെ വിലക്ക് നീങ്ങി.

 

റികളുടേയും നെയ്ത്തിന്‍റെയും ശബ്ദത്തിന് പേരുകേട്ട ബീഹാറിലെ ഗയ ജില്ലയിലുള്ള 'പത്വ ടോളി' (Patwa Toli) എന്ന ഗ്രാമത്തിൽ 85 വർഷത്തിന് ശേഷം ഒരു വിവാഹഘോഷയാത്ര (ബരാത്ത്) നടന്നു. ഒരു കുടുംബം, പതിറ്റാണ്ടുകളായി സ്വയം ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് കൊണ്ട് കുതിരപ്പുറത്ത് വരൻ നീങ്ങിയപ്പോൾ അത് ഗ്രാമവാസികൾക്ക് ഒരു ചരിത്ര നിമിഷമായി മാറി.

ആഘോഷം മുടക്കിയ കാരണം

ഈ വിചിത്രമായ ആചാരത്തിന് പിന്നിൽ സങ്കടകരമായ ഒരു കഥയുണ്ട്. 1940 -ൽ ഈ കുടുംബത്തിലെ മുതിർന്ന അംഗമായ ജാനകി പ്രസാദിന്‍റെ വിവാഹ ദിവസമാണ് എല്ലാറ്റിനും തുടക്കം കുറിച്ചത്. ജാനകിയുടെ വിവാഹ ഘോഷയാത്ര വധുവിന്‍റെ വീട്ടിലെത്തി ചടങ്ങുകൾ തുടങ്ങാനിരിക്കെ, ജാനകിയുടെ മൂത്ത സഹോദരൻ നത്തു പത്വ പെട്ടെന്ന് അന്തരിച്ചു. ഈ ദുരന്തത്തെ ഒരു 'അപശകുനമായി' കണ്ട കുടുംബം, അന്ന് മുതൽ കുടുംബത്തിലെ വിവാഹ ഘോഷയാത്രകൾ വേണ്ടെന്ന് വച്ചു.

85 വർഷത്തെ വിലക്ക്

വർഷങ്ങൾ കടന്നുപോയെങ്കിലും കുടുംബം ഈ തീരുമാനം കർശനമായി പാലിച്ചു. വിവാഹ സമയത്ത് കുടുംബത്തിൽ ഒരു കുഞ്ഞ് ജനിക്കുകയാണെങ്കിൽ മാത്രമേ ഇനി ഘോഷയാത്ര നടത്താവൂ എന്നതായിരുന്നു അവരുടെ അലിഖിത നിയമം. പുതിയൊരു ജീവന്‍റെ ജനനം പഴയ ആ ദുരന്തത്തിന്‍റെ ദോഷം മാറ്റുമെന്ന് അവർ വിശ്വസിച്ചു. ഇതിനിടയിൽ ജാനകി പ്രസാദ്, അദ്ദേഹത്തിന്‍റെ മക്കൾ, പേരമക്കൾ തുടങ്ങി ഏകദേശം 17-ഓളം പേരുടെ വിവാഹം ആഘോഷങ്ങളോ ഘോഷയാത്രകളോ ഇല്ലാതെ നടന്നു. വധുവിന്‍റെ വീട്ടുകാർ വധുവിനെ വരന്‍റെ വീട്ടിലെത്തിച്ച് ലളിതമായി വിവാഹം നടത്തുകയായിരുന്നു ഈ കുടുംബത്തിലെ ഇതുവരെയുള്ള പതിവ്.

ഒടുവിൽ, ശുഭലക്ഷണം

കുടുംബത്തിലെ മൂന്നാം തലമുറയിലെ ഇളയ മകനായ രാജു പത്വയുടെ വിവാഹവും ലളിതമായി നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, വിവാഹത്തിന് കൃത്യം രണ്ട് ദിവസം മുമ്പ് കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ചു. പതിറ്റാണ്ടുകളായി അവർ കാത്തിരുന്ന ആ 'ശുഭലക്ഷണം' ഒടുവിൽ സംഭവിച്ചു. ഇതോടെ മുതിർന്നവർ 85 വർഷത്തെ വിലക്ക് നീക്കാൻ തീരുമാനിക്കുകയായിരുന്നു. പെട്ടെന്നുള്ള തീരുമാനമായതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ബാൻഡും കുതിരയുമെല്ലാം സംഘടിപ്പിക്കേണ്ടി വന്നെങ്കിലും ആ സുവർണ്ണാവസരം കുടുംബം പാഴാക്കിയില്ല. വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാജു കുതിരപ്പുറത്ത് ഘോഷയാത്രയായി നീങ്ങിയപ്പോൾ ഗ്രാമവാസികൾ ആവേശത്തോടെ അത് കാണാൻ ഒത്തുകൂടി.

 

PREV
Read more Articles on
click me!

Recommended Stories

മരണശയ്യയിലെ അവസാന വാക്കുകൾ; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐസിയു നേഴ്സ്
ഭാര്യയുടെ 23 മണിക്കൂർ പ്രസവ വീഡിയോ ഓൺലൈനിൽ പങ്കുവച്ചു; പിന്നാലെ ഇൻഫ്ലുവൻസർക്ക് പൂട്ട് വീണു