ഭാര്യയുടെ 23 മണിക്കൂർ പ്രസവ വീഡിയോ ഓൺലൈനിൽ പങ്കുവച്ചു; പിന്നാലെ ഇൻഫ്ലുവൻസർക്ക് പൂട്ട് വീണു

Published : Feb 23, 2026, 07:06 PM IST
Pregnancy

Synopsis

ചൈനീസ് ഇൻഫ്ലുവൻസറായ പോൾ ഇൻ യുഎസ്എ, ഭാര്യയുടെ 23 മണിക്കൂർ നീണ്ട സങ്കീർണ്ണമായ പ്രസവത്തിന്‍റെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ രൂക്ഷ വിമർശനം നേരിട്ടു. സ്വകാര്യ ദൃശ്യങ്ങൾ പങ്കുവെച്ചതും വീഡിയോയിൽ പരസ്യം ചേർത്തതും വിവാദമായി. 

 

ഭാര്യയുടെ 23 മണിക്കൂർ നീണ്ട പ്രസവ വീഡിയോ ഓണ്‍ലൈനിൽ പങ്കുവച്ച ചൈനീസ് സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവിന് രൂക്ഷ വിമ‍ർശനം. പോൾ ഇൻ യുഎസ്എ എന്ന പേരിൽ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ പ്രശസ്തനായ ആളാണ് തന്‍റെ ഭാര്യയുടെ പ്രസവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. മെഡിക്കൽ സങ്കീർണതകൾ മുതൽ ഭാര്യയുടെ നഗ്നമായ ശരീരം വരെ വീഡിയോയിൽ ഉൾപ്പെട്ടിരുന്നതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യമായ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നത്. ചൈനീസ സമൂഹ മാധ്യമായ ഡ്യുയിനിലാണ് ഇയാൾ വീഡിയോ പങ്കുവച്ചത്.

വൈറൽ സ്രഷ്ടാവ്

ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം ഫോളോവേഴ്‌സുള്ള ചൈനീസ് സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവാണ് പോൾ ഇൻ യുഎസ്എ. 1990 -ൽ ജനിച്ച പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ഇയാൾ ഇപ്പോൾ വാഷിംഗ്ടണിലെ സിയാറ്റിലിലാണ് താമസിക്കുന്നത്. സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവാകുന്നതിന് മുമ്പ് ഇയാൾ മൈക്രോസോഫ്റ്റിൽ ഒരു പ്രൊഡക്റ്റ് മാനേജരായി ജോലി ചെയ്തിരുന്നു. 2019 ഫെബ്രുവരിയിൽ ഇയാൾ സിയാറ്റിലിലെ തന്‍റെ ദൈനംദിന ജീവിതം രേഖപ്പെടുത്തുന്ന വീഡിയോകൾ പങ്കുവച്ച് കൊണ്ടാണ് ഉള്ളടക്ക സൃഷ്ടിയിലേക്ക് കടന്നത്. വടക്കുകിഴക്കൻ ചൈനീസ് ഭാഷയിൽ സംസാരിക്കുന്ന മൈക്രോസോഫ്റ്റ് പ്രൊഡക്റ്റ് മാനേജർ എന്ന തന്‍റെ പ്രത്യേകതയിലൂടെ ഇയാൾ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.

23 മണിക്കൂർ നീണ്ട സങ്കീർണ പ്രസവം

23 മണിക്കൂർ നീണ്ടുനിന്ന പ്രസവം ഗുരുതരമായ ആരോഗ്യ അപകടങ്ങൾ നിറ‌‌ഞ്ഞതായിരുന്നെന്ന് പോൾ തന്നെയാണ് വെളിപ്പെടുത്തിയത്. ഇയാൾ ഭാര്യയുടെ പേർ വെളിപ്പെടുത്തിയില്ല. സീസേറിയൻ പ്രസവമായിരുന്നു. പ്രസവാനന്തര രക്തസ്രാവവും ഉണ്ടായി. ഏതാണ്ട് 3,344 മില്ലി ലിറ്റർ രക്തം നഷ്ടപ്പെട്ടു. അടിയന്തര ശസ്ത്രക്രിയയ്ക്കും രക്തനഷ്ടത്തിനും ശേഷം, അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നും ഇയാൾ വെളിപ്പെടുത്തി. ഇത്രയും സങ്കീർണമായ പ്രസവം നടക്കുമ്പോൾ പ്രസവമുറിയിൽ കാമറാ ചിത്രീകരണം തുടർന്ന പോളിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്. ശസ്ത്രക്രീയ ചിത്രീകരിച്ചതിനെതിരെയും വീഡിയോയ്ക്കിടെയിൽ ഡയപ്പർ പരസ്യം ചേർത്തതും പ്രമോഷണൽ സ്ക്രിപ്റ്റ് നേരിട്ട് വായിച്ചതും കാഴ്ചക്കാർ വിമർശിച്ചു.

അക്കൗണ്ട് പൂട്ടി

20 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഹ്രസ്വ പ്രൊമോഷണൽ വീഡിയോകൾക്ക് 2,50,000 യുവാൻ (ഏകദേശം 32,82,500 രൂപ) , 21 മുതൽ 60 സെക്കൻഡ് വരെയുള്ള വീഡിയോകൾക്ക് 2,78,000 യുവാൻ (ഏകദേശം 36,57,982 രൂപ), ദൈർഘ്യമേറിയ ഉള്ളടക്കത്തിന് 298,000 യുവാൻ (ഏകദേശം 39,21,146 രൂപ) എന്നിങ്ങനെ ഇയാൾ കൈപറ്റിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവം വിവാദമായതോടെ പോളിന്‍റെ ഭാര്യ തന്നെ വിശദീകരണവുമായി നേരിട്ടെത്തി. 'പ്രസവ പ്രക്രിയയെ ആധികാരികമായി രേഖപ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. ചിത്രീകരണ സമയത്ത് സങ്കീർണതകൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ, ദൃശ്യങ്ങൾ പങ്കിടേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതി.' അവർ വിശദീകരിച്ചു. 'പ്രസവത്തിന്‍റെ അപകടസാധ്യതകളും പ്രവചനാതീതതയും നന്നായി മനസ്സിലാക്കാൻ വീഡിയോ സഹായിച്ചതായി ചിലർ ഞങ്ങളോട് പറഞ്ഞു. എല്ലാ പ്രസവവും സുഗമമായിരിക്കണമെന്നില്ല; ചിലത് അങ്ങേയറ്റം അപകടകരമാണ്' അവർ കൂട്ടിച്ചേർത്തു. പക്ഷേ. ഭാര്യയുടെ വിശദീകരണം വിമർശനം കൂട്ടിയതേയുള്ളൂ. പിന്നാലെ സമൂഹ മാധ്യമ നിയമങ്ങളും ചട്ടങ്ങളും നയങ്ങളും ലംഘിച്ചതിന് പോൾ ഇന്‍ യുഎസ്എ എന്ന അക്കൗണ്ട് തന്നെ ഡ്യുയിൻ എന്ന ചൈനീസ സമൂഹ മാധ്യമം പൂട്ടി.

 

PREV
Read more Articles on
click me!

Recommended Stories

ദക്ഷിണ കൊറിയയിൽ ഇന്ത്യൻ ഇൻഫ്ലുവൻസർക്ക് തടങ്കൽ: ജേജു ദ്വീപിലെ ദുരനുഭവം വിവരിച്ച് സച്ചിൻ അവസ്തി
3.5 ലക്ഷം നൽകിയ യാത്ര, ഭക്ഷണത്തിന് യാചിക്കേണ്ടി വന്നു; ആഡംബര റിസോർട്ടിൽ ഇന്ത്യൻ കുടുംബത്തിന് വംശീയാധിക്ഷേപം