മരണശയ്യയിലെ അവസാന വാക്കുകൾ; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐസിയു നേഴ്സ്

Published : Feb 23, 2026, 08:39 PM IST
ICU

Synopsis

ഫ്ലോറിഡയിലെ ഒരു ഐസിയു നഴ്‌സ്, മരണാസന്നരായ രോഗികൾക്ക് തങ്ങളുടെ അന്ത്യം മുൻകൂട്ടി അറിയാമെന്ന് വെളിപ്പെടുത്തുന്നു. അവർ അവസാനമായി പറയുന്ന മൂന്ന് വാചകങ്ങളെക്കുറിച്ചും വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത ആത്മീയ മാറ്റങ്ങളെക്കുറിച്ചും അവർ സംസാരിക്കുന്നു. 

 

ജീവിതത്തിനും മരണത്തിനുമിടയിലുള്ള അതിർവരമ്പ് എത്രത്തോളം നേർത്തതാണെന്ന് തീവ്രപരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ നിത്യവും കാണുന്ന കാഴ്ചയാണ്. കഴിഞ്ഞ നാല് വർഷമായി ഫ്ലോറിഡയിലെ ഐസിയുവിൽ സേവനമനുഷ്ഠിക്കുന്ന 29 വയസ്സുകാരിയായ ക്രിസ്റ്റി റോബർട്ട്സ് എന്ന നഴ്‌സ്, മരണശയ്യയിലുള്ള രോഗികളിൽ കണ്ടുവരുന്ന സമാനമായ ചില പ്രത്യേകതകൾ വെളിപ്പെടുത്തി. സമൂഹ മാധ്യമങ്ങളിൽ ആറ് ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയിലൂടെയാണ് ക്രിസ്റ്റി തന്‍റെ അനുഭവങ്ങൾ പങ്കുവെച്ചത്.

അവസാനം പറയുന്ന വാചകങ്ങൾ

ഡോക്ടർമാർ പറയുന്നതോ രോഗിയുടെ ശാരീരിക അവസ്ഥയോ എന്തുതന്നെയായാലും, തങ്ങളുടെ മരണം അടുത്തുവെന്ന് രോഗികൾ സ്വയം തിരിച്ചറിയാറുണ്ടെന്ന് അവർ പറയുന്നു. പ്രധാനമായും മൂന്ന് വാചകങ്ങളാണ് മിക്കവരും അവസാനമായി പറയാറുള്ളത്:

"ഞാൻ മരിക്കാൻ പോകുകയാണെന്ന് എനിക്കറിയാം."

"എന്‍റെ കുടുംബത്തെ ഞാൻ സ്നേഹിക്കുന്നു എന്ന് അവരോട് പറയുക."

"എനിക്ക് സുഖം തോന്നുന്നില്ല."

ഇത്തരം കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ അധികം വൈകാതെ തന്നെ അവർ ഈ ലോകത്തോട് വിടപറയാറുണ്ടെന്ന് ക്രിസ്റ്റി നിരീക്ഷിക്കുന്നു.

വിശദീകരിക്കാൻ കഴിയാത്തത്

ചില സമയങ്ങളിൽ രോഗിയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഉൾപ്പെടെയുള്ള എല്ലാ സൂചനകളും സാധാരണ നിലയിലായിരിക്കുമ്പോഴും പെട്ടെന്ന് ചില മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഈ മാറ്റങ്ങളെ വൈദ്യശാസ്ത്രപരമായി വിശദീകരിക്കാൻ പ്രയാസമാണെന്ന് ക്രിസ്റ്റി പറയുന്നു. മരുന്നുകൾക്കോ പരിശോധനകൾക്കോ തടയാനാവാത്ത ഒരു ആത്മീയ മാറ്റം അവിടെ സംഭവിക്കുന്നു. ഇത് ആത്മാവ് യാത്ര പറയാൻ തയ്യാറെടുക്കുന്നതിന്‍റെ സൂചനയാകാമെന്ന് താൻ കരുതുന്നെന്നും ക്രിസ്റ്റി കൂട്ടിച്ചേർത്തു.

കരുതലുള്ളവരാകുക

മറ്റ് പല ആരോഗ്യപ്രവർത്തകരും ക്രിസ്റ്റിയുടെ ഈ നിരീക്ഷണത്തെ ശരിവെക്കുന്നു. പല രോഗികളും തങ്ങളെ കൊണ്ടുപോകാൻ നേരത്തെ മരിച്ചുപോയ ബന്ധുക്കൾ വന്നതായി പറയാറുണ്ടെന്നും നഴ്‌സുമാർ സാക്ഷ്യപ്പെടുത്തുന്നു. മരണത്തെ നിരന്തരം അഭിമുഖീകരിക്കുന്നത് വൈകാരികമായി വലിയ വെല്ലുവിളിയാണെന്ന് ക്രിസ്റ്റി സമ്മതിക്കുന്നു. എങ്കിലും, ഈ ജോലി ജീവിതത്തെക്കുറിച്ച് വലിയ പാഠങ്ങൾ നൽകിയതായി അവർ പറയുന്നു. ഭൗതികമായ സമ്പാദ്യങ്ങളേക്കാൾ പ്രധാനം നമ്മൾ മറ്റുള്ളവർക്ക് നൽകുന്ന സ്നേഹവും കരുതലുമാണന്നാണ് ക്രിസ്റ്റിയുടെ നിരീക്ഷണം. ദൈവത്തെ സ്നേഹിക്കാനും മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാനും അവർ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.

ആത്മീയ യാത്ര

അവയവങ്ങൾ പ്രവർത്തനം നിർത്തുന്നതിന് മുമ്പ് തലച്ചോറ് നൽകുന്ന ചില സിഗ്നലുകൾ കാരണം രോഗികൾക്ക് അമിതമായ ഉത്കണ്ഠയോ അസ്വസ്ഥതയോ അനുഭവപ്പെടാമെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാൽ, നഴ്‌സുമാരുടെയും പരിചാരകരുടെയും അനുഭവങ്ങൾ പ്രകാരം, മരണം എന്നത് കേവലം ഒരു ശാരീരിക പ്രതിഭാസം മാത്രമല്ല, മറിച്ച് ആഴമേറിയ വൈകാരികവും ആത്മീയവുമായ ഒരു യാത്ര കൂടിയാണ്. തങ്ങളുടെ അവസാന നിമിഷം എപ്പോഴാണെന്ന് മനുഷ്യർക്ക് മുൻകൂട്ടി തിരിച്ചറിയാൻ കഴിയുമോ എന്ന ഗൗരവകരമായ ചോദ്യത്തിലേക്കാണ് ക്രിസ്റ്റിയുടെ ഈ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത്

PREV
Read more Articles on
click me!

Recommended Stories

ഭാര്യയുടെ 23 മണിക്കൂർ പ്രസവ വീഡിയോ ഓൺലൈനിൽ പങ്കുവച്ചു; പിന്നാലെ ഇൻഫ്ലുവൻസർക്ക് പൂട്ട് വീണു
ദക്ഷിണ കൊറിയയിൽ ഇന്ത്യൻ ഇൻഫ്ലുവൻസർക്ക് തടങ്കൽ: ജേജു ദ്വീപിലെ ദുരനുഭവം വിവരിച്ച് സച്ചിൻ അവസ്തി