
വൈദ്യുതി ബിൽ ആയിരമോ രണ്ടായിരമോ കടന്നാൽ നെറ്റി ചുളിക്കുന്നവരാണ് നിങ്ങൾ? എങ്കിൽ, ഹിമാചൽ പ്രദേശിലെ ഹാമിർപൂരിൽ നിന്നും റിപ്പോർട്ട് ചെയ്ത ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് നിങ്ങൾ എന്തു പറയും? ഹാമിർപൂരിലെ ഒരു സംരംഭകയ്ക്ക് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് അയച്ചത് 210 കോടി രൂപയുടെ ബില്ലാണ്.
ഹമീർപൂരിലെ ഭോരഞ്ച് സബ് ഡിവിഷന് കീഴിലുള്ള ബെഹ്‌ദാവിൻ ജട്ടൻ ഗ്രാമത്തിലാണ് സംഭവം. കോൺക്രീറ്റ് കട്ട നിർമ്മാണ വ്യവസായം നടത്തുന്ന ചെറുകിട വ്യവസായി ലളിതാ ധിമാനാണ് 210 കോടിയിലധികം രൂപയുടെ വൈദ്യുതി ബിൽ കണ്ട് അമ്പരന്ന് പോയത്. ബില്ലിലെ കൃത്യമായ തുക 210,42,08,405 രൂപയായിരുന്നു.
കോൺക്രീറ്റിൽ നിന്ന് സിമന്‍റ് ഇഷ്ടികകൾ നിർമ്മിക്കുന്ന സംരംഭം നടത്തുന്നവരാണ് ലളിതാ ധിമാനും മകൻ ആശിഷ് ധിമാനും. ബില്ലിലെ പൊരുത്തക്കേട് മനസ്സിലാക്കിയ ഇവർ ഉടൻ തന്നെ വൈദ്യുതി ബോർഡ് ഓഫീസിൽ പരാതി നൽകി. തുടർന്ന് ബിൽ തുക വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥർ 4,047 രൂപയാക്കി പുതുക്കി നിശ്ചയിച്ചു.
സാങ്കേതിക പിഴവാണ് വലിയ ബില്ലിന് കാരണമായതെന്ന് ഭോരഞ്ച് ഇലക്ട്രിസിറ്റി ബോർഡ് എസ്ഡിഒ അനുരാഗ് ചന്ദേൽ വിശദീകരിച്ചു. പരാതി ലഭിച്ചയുടൻ, ബിൽ ശരിയാക്കി എന്നും, പുതുക്കിയ ബില്ലിൽ 836 യൂണിറ്റ് വൈദ്യുതി ഉപയോഗം കാണിച്ചിട്ടുണ്ടെന്നും അതിനനുസരിച്ചിട്ടുള്ള തുക മാത്രമാണ് ഇപ്പോൾ ഈടാക്കിയിട്ടുള്ളതൊന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ വൈദ്യുതി വകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് നിരവധി പേര്‍ എഴുതിയത്. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ തലയൂരാനാണ് ശ്രമിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇത്തരം അനാസ്ഥകൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും വ്യാപകമായ അഭിപ്രായമുയർന്നു.
'റഷ്യക്കാരിയായ ഭാര്യയുമായി നാട്ടില്‍ നടക്കാന്‍ വയ്യെന്ന്' ഇന്ത്യന്‍ യുവാവ്, വീഡിയോ വൈറൽ