വിവാഹമോചനത്തിനായി കമ്പനി സിഇഒ ഭാര്യയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തെന്ന് ഭർത്താവിന്‍റെ പരാതി; സംഭവം യുഎസിൽ

Published : Jan 31, 2026, 08:54 AM IST
Michael Steckling family, Tamir Poleg

Synopsis

വിവാഹിതയായ കീഴുദ്യോഗസ്ഥയെ ഭർത്താവിൽ നിന്നും അകറ്റാൻ ദശലക്ഷക്കണക്കിന് ഡോളർ വാഗ്ദാനം ചെയ്തെന്ന കേസിൽ യുഎസ് റിയൽ എസ്റ്റേറ്റ് സിഇഒ കുരുക്കിൽ. തമിർ തന്‍റെ ഭാര്യ പൈജിന് പണം വാഗ്ദാനം ചെയ്ത് ആരോപിച്ച് ഭർത്താവ് മൈക്കൽ സ്റ്റെക്ലിംഗ് രംഗത്തെത്തി. 

 

വിവാഹിതയായ ഒരു റിയൽ എസ്റ്റേറ്റ് എക്സിക്യൂട്ടീവ്, ഒരു വനിതാ കീഴുദ്യോഗസ്ഥയെ ദശലക്ഷക്കണക്കിന് ഡോളറും മറ്റ് സ്വത്തുക്കളും ആഡംബര ആനുകൂല്യങ്ങളും നൽകി ഭർത്താവിൽ നിന്നും അകറ്റാൻ ശ്രമിച്ചതായി യുഎസിൽ കേസ്. യൂട്ടാ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ റിയൽ ബ്രോക്കറേജിന്‍റെ ചീഫ് എക്സിക്യൂട്ടീവ് തമിർ പോളിഗ്, തന്‍റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പൈജ് സ്റ്റെക്ലിങ്ങ് എന്ന യുവതിനോടാണ് വിവാഹമോചനം തേടാനായി പണവും സ്വത്തും മറ്റ് ആഡംബരങ്ങളും വാഗ്ദാനം ചെയ്തത് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

വിവാഹ മോചനത്തിന് പണവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം

കമ്പനി ഓഹരികളിൽ നിന്നുള്ള പണം, റിയൽ എസ്റ്റേറ്റ് ഡീലുകൾ, ആഡംബര യാത്രകൾ തുടങ്ങിയ വമ്പൻ ഓഫറുകളാണ് പോളേഗ് തന്‍റെ ഭാര്യയ്ക്ക് നൽകിയെന്നും ഇതോടെ തന്‍റെ ദാമ്പത്യം തകർന്നെന്നും ചൂണ്ടിക്കാട്ടി പൈജ് സ്റ്റെക്ലിങ്ങിന്‍റെ ഭ‍ർത്താവ് മൈക്കൽ സ്റ്റെക്ലിംഗ് കേസ് നൽകിയതോടെയാണ് വിവരം പുറത്തായത്. 2025 -ൽ മൈക്കിളും പൈജ് സ്റ്റെക്ലിങ്ങും വിവാഹമോചനം നേടിയെന്നും വാർത്തയിൽ പറയുന്നു. 2025 ജനുവരിയിൽ യൂട്ടായിലെ പാർക്ക് സിറ്റിയിൽ 1.5 മില്യൺ ഡോളറിന്‍റെ വീട്, ഒപ്പം വിവാഹമോചനം തേടിയാൽ പൈജ് സ്റ്റെക്ലിങ്ങിന്‍റെ മറ്റ് എല്ലാ ആവശ്യങ്ങളും താൻ നിറവേറ്റുമെന്ന ഉറപ്പ് തുടങ്ങിയ നീണ്ട വാഗ്ദാനങ്ങളുടെ ഒരു കരാറും പോളിഗ്, പൈജിന് വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തന്‍റെ വാഗ്ദാനം നിറവേറ്റുന്നതിനായി പോളിഗ് ഏകദേശം 6,00,000 ഡോളർ (ഏകദേശം 5,51,00,000 രൂപ) വിലമതിക്കുന്ന റിയൽ ബ്രോക്കറേജ് സ്റ്റോക്കുകൾ വിറ്റുവെന്നും പരാതിയിൽ ആരോപിക്കുന്നു.

നഷ്ടപരിഹാരം വേണം

ആഴ്ചകൾക്ക് ശേഷം മിയാമിയിൽ ഇരുവരും ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തുവെന്നും ഫെബ്രുവരി ആദ്യം വാഗ്ദാനം ചെയ്ത 1.5 മില്യൺ ഡോളർ രണ്ട് ഗഡുക്കളായി എങ്ങനെ കൈമാറാമെന്ന് നിർദ്ദേശിച്ച് കൊണ്ട് ഒരു ഇമെയിൽ അയച്ചതായും മൈക്കൽ തന്‍റെ പരാതിയിൽ വിശദീകരിച്ചു. ഏതാണ്ട് ഇതേ കാലത്താണ് തമിർ പോളിഗ് വിവാഹ മോചനം നേടിയത്. പൈജ് സ്റ്റെക്ലിങ്ങ് 2025 ഫെബ്രുവരിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ, മൈക്കളിന്‍റെ ആരോപണത്തെ എതിർത്ത പൈജ്, വ്യക്തിപരമായ കാരണങ്ങളാലാണ് വിവാഹമോചനം നേടിയതെന്ന് പ്രതികരിച്ചു. അതേസമയം മൈക്കളിന്‍റെ പരാതിയിൽ പറയുന്ന ഇമെയിൽ ലഭിച്ചതായും തമിർ പോളിഗ് സമ്മതിച്ചു. എന്നാൽ പൈജ് അഭ്യർത്ഥിച്ച പ്രകാരം സാമ്പത്തിക സഹായം മാത്രമാണ് താൻ വാഗ്ദാനം ചെയ്തതെന്നും പ്രണയയോ വൈവാഹിക ബന്ധത്തിലെ ഇടപെടലോ ഉണ്ടായിട്ടില്ലെന്നും തമിർ പോളിഗ് അവകാശപ്പെട്ടു. എന്നാൽ. തമിർ ബോധപൂർവ്വം തന്‍റെ വിവാഹബന്ധം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മൈക്കൽ സ്റ്റെക്ലിംഗ് 5 മില്യൺ ഡോളറിന്‍റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

റെസ്യൂമെയാണോ അതോ വിവാഹ ക്ഷണക്കത്താണോ? വൈറലായി ഒരു 'കല്യാണക്കുറി'
കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവിന്‍റെ 'ക്രൂരമായ തമാശ'; പിന്നാലെ മോഡൽ ആത്മഹത്യ ചെയ്തു