
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിൽ മാത്രമല്ല തുർക്കി, അസർബൈജാൻ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിനും ഒരു നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. 'തുർക്കിയും അസർബൈജാനും ബഹിഷ്കരിക്കുക' എന്ന ആശയം ഇന്ത്യയിലെ സാധാരണക്കാരിൽ നിന്നും സാമൂഹിക മാധ്യമങ്ങൾ വഴി ശക്തി പ്രാപിച്ചതോടെ പ്രമുഖ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും ഈ ബഹിഷ്കരണത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം മുഴുവൻ അപലപിച്ചപ്പോൾ, തുർക്കി പാകിസ്ഥാനോടൊപ്പം നിന്നതാണ് ഇന്ത്യൻ ജനതയിൽ തുർക്കിയോട് ദേഷ്യമുണ്ടാന്‍ കാരണം. കൂടാതെ ഇന്ത്യയുടെ സൈനിക താവളങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടാൻ പാകിസ്ഥാൻ സൈന്യം തുർക്കി സോംഗർ ഡ്രോണുകൾ ഉപയോഗിച്ചതും എതിർസ്വരങ്ങൾക്ക് കാരണമായി. ഇതെല്ലാം തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള വ്യാപകമായ ആഹ്വാനത്തിലേക്ക് നയിച്ചു, ഇന്ത്യക്കാർ അങ്കാറയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും തുർക്കി ആപ്പിൾ ബഹിഷ്കരിക്കണമെന്നും അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
'തുർക്കിയിൽ നിന്ന് ആപ്പിൾ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു, കാരണം, അവർ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു, പകരം ഹിമാചലിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ആപ്പിൾ വാങ്ങാനാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യ തീവ്രവാദത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, തുർക്കി പാകിസ്ഥാന് ഡ്രോണുകൾ നൽകി. ചില്ലറ വിൽപ്പനക്കാരും തുർക്കി ആപ്പിൾ വേണ്ടെന്ന് വയ്ക്കുകയാണ്.' ബഹിഷ്കരണത്തെ പിന്തുണച്ച് പൂനയിലെ ആപ്പിൾ വ്യാപാരികൾ വ്യക്തമാക്കിയ നിലപാടാണിത്.
നിരവധി ഇന്ത്യക്കാർ തുർക്കിയിലേക്കുള്ള യാത്ര ബഹിഷ്‌കരിക്കുകയും വിമാനക്കമ്പനികൾ തുക്കിയുമായുള്ള എല്ലാ പങ്കാളിത്തവും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ അങ്കാറ സ്വീകരിച്ച നിലപാട് കണക്കിലെടുത്ത് ഗോവയിലെ തുർക്കി പൗരന്മാർക്ക് താമസ സൗകര്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാട് ഗോവ വില്ലാസ് തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ചില ആളുകൾ തുർക്കിയെക്കാൾ ഗ്രീസിനെ അനുയോജ്യമായ യാത്രാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.
തുർക്കി മാത്രമല്ല, അസർബൈജാനുമായുമുള്ള ബന്ധങ്ങളും ഇന്ത്യക്കാർ ഉപേക്ഷിക്കണമെന്ന രീതിയിലും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യ ഭീകരവാദികൾക്കെതിരെ നിലപാടെടുത്തപ്പോൾ അസർബൈജാൻ പാക്കിസ്ഥാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതാണ് ഇതിന് കാരണം. 'കഴിഞ്ഞ വർഷം ടൂറിസത്തിലൂടെ ഇന്ത്യക്കാർ തുർക്കിക്കും അസർബൈജാനും 4,000 കോടിയിലധികം രൂപ നൽകി. തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അവരുടെ സമ്പദ്‌വ്യവസ്ഥ, ഹോട്ടലുകൾ, വിവാഹങ്ങൾ, വിമാനങ്ങൾ എന്നിവ ഉയർത്തി. ഇന്ന്, പഹൽഗാം ആക്രമണത്തിന് ശേഷം ഇരുവരും പാകിസ്ഥാനോടൊപ്പം നിൽക്കുന്നു. ഇന്ത്യയിലും ലോകത്തും ധാരാളം മനോഹരമായ സ്ഥലങ്ങളുണ്ട്. ദയവായി ഈ രണ്ട് സ്ഥലങ്ങൾ ഒഴിവാക്കുക," എന്നാണ് വ്യവസായി ഹർഷ് ഗോയങ്ക അഭിപ്രായപ്പെട്ടത്.