
മതപഠനത്തിനു (Religious studies) മുന്‍തൂക്കം നല്‍കി സ്ഥാപിച്ച ബോര്‍ഡിംഗ് സ്‌കൂളില്‍ (Boarding School) 13 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും (Sexual assault) അവരില്‍ എട്ടു കുട്ടികളെ ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ ഇന്തോനേഷ്യന്‍ അധ്യാപകന് (Indonesian teacher) ജീവപര്യന്തം ശിക്ഷ. പടിഞ്ഞാറന്‍ ജാവയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അധ്യാപകനുമായ ഹെറി വിരാവനാണ് (Herry Wirawan) ബാന്‍ദുംഗ് കോടതിയിലെ മൂന്നംഗ ബെഞ്ച് ശിക്ഷ വിധിച്ചത്. ഇയാളുടെ കുറ്റകൃത്യങ്ങള്‍ പരിഗണിച്ച് വധശിക്ഷയും നിര്‍ബന്ധിത വന്ധ്യംകരണവും ഇരകള്‍ക്ക് വന്‍തുക പിഴശിക്ഷയും വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി തള്ളി. അതിനിടെ, വിധിക്കെതിരെ സ്ത്രീ സംഘടനകളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു.
ഇന്തോനേഷ്യയില്‍ വന്‍ കോളിളക്കമുണ്ടാക്കിയ കേസിലാണ് കോടതി ഇന്നലെ ശിക്ഷ വിധിച്ചത്. ഹെറി വിറാവന്‍ എന്ന അധ്യാപകനെയാണ് കോടതി ശിക്ഷിച്ചത്. 36 -കാരനായ ഇയാള്‍ 2016-ല്‍ സ്ഥാപിച്ചതാണ് ബോര്‍ഡിംഗ് സ്‌കൂള്‍. ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലാണ് കൊടുംപീഡനം അരങ്ങേറിയത്. 2016 മുതല്‍ 2021 വരെയാണ് മതപഠനത്തിന്റെ മറവില്‍ ഇയാള്‍ 13 പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇവരില്‍ എട്ടു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി. ഇവര്‍ ഒമ്പതു കുട്ടികള്‍ക്ക് ജന്‍മം നല്‍കുകയും ചെയ്തു.
പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മതപഠനത്തിന് മുന്‍തൂക്കം നല്‍കി സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന പേരിലാണ് ഇയാള്‍ സ്‌കൂള്‍ ആരംഭിച്ചത്. ഇത്തരം വിദ്യാലയങ്ങള്‍ ഇന്തോനേഷ്യയില്‍ വ്യാപകമാണ്. ഇവിടെ പഠനത്തോടൊപ്പം താമസവും ഭക്ഷണവും സൗജന്യമായിരുന്നു. ഒപ്പം, കുട്ടികള്‍ക്ക് ഇയാള്‍ സ്‌കോളര്‍ഷിപ്പും നല്‍കിയിരുന്നു. ഇവിടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടികളെയാണ് ഇയാള്‍ നീണ്ട കാലം ബലാല്‍സംഗം ചെയ്തുപോന്നത്.
സൗജന്യമായി പഠനവും താമസ, ഭക്ഷണ സൗകര്യവും നല്‍കിയിരുന്ന സ്‌കൂള്‍ നിരവധി വ്യവസ്ഥകളോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കുട്ടികള്‍ക്ക് വീടുകളിലേക്ക് പോവാന്‍ അനുമതി ഉണ്ടായിരുന്നത്. രക്ഷിതാക്കള്‍ക്കും സ്‌കൂളിലേക്ക് അതിനിടയ്ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതോടൊപ്പം ഇവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ വാങ്ങിവെക്കുമായിരുന്നു. വലിയ മതിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തില്‍ നടക്കുന്ന കാര്യം പുറത്തറിഞ്ഞിരുന്നില്ല. താരതമ്യേനെ ദുര്‍ബലരായ കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് തെരഞ്ഞെടുത്തിരുന്നത്. ഈ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
...............................................
Read More : സ്ത്രീക്ക് നൂറടി, പുരുഷന് പതിനഞ്ചും; ഇന്തോനേഷ്യയില്‍ സെക്‌സിനിടെ പിടിയിലായവര്‍ക്ക് വ്യത്യസ്ത ശിക്ഷ!
...............................................
പടിഞ്ഞാറന്‍ ജാവയിലെ ബാന്‍ഡങ് (Bandung) നഗരത്തിലുള്ള കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റം ചെയ്തതെന്ന് തെളിഞ്ഞതായി മൂന്ന്‍ംഗ ബെഞ്ച് വ്യക്തമാക്കി. കുട്ടികളെ ഇയാള്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി തെളിഞ്ഞതായും ജഡ്ജിമാര്‍ പറഞ്ഞു. എന്നാല്‍, ഇയാള്‍ക്ക് വധശിക്ഷ വിധിക്കാനും ഇയാളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കാനും കോടതി അനുവദിച്ചില്ല. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും കോടതി ഇയാള്‍ക്ക് അനുകൂലമായിരുന്നു. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് 300 മില്യന്‍ റുപയാ (15.8 ലക്ഷം രൂപ) ഇയാള്‍ നഷ്ടപരിഹാരം നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. പകരമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്ക് 85 മില്യന്‍ റുപയാ (4.4 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
കഴിഞ്ഞ വര്‍ഷം മേയിലാണ് ഈ കൊടുംക്രൂരത പുറത്തുവന്നത്. ബോര്‍ഡിംഗില്‍നിന്നു വീട്ടിലേക്ക് വന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് രക്ഷിതാക്കള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവം വന്‍ വാര്‍ത്തയാവുകയും ചെയ്തു. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 13 പെണ്‍കുട്ടികള്‍ തങ്ങളെ ഇയാള്‍ ബലാല്‍സംഗം ചെയ്തതായി മൊഴി നല്‍കിയത്. ഈ സംഭവം വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. പ്രതിയെ ശിക്ഷിക്കണമെന്നും ലൈംഗിക പീഡന കേസുകളില്‍ വധശിക്ഷയും വന്ധ്യംകരണവും ശിക്ഷയായി നല്‍കണമെന്നും ആവശ്യപ്പെട്ട് സ്ത്രീ സംഘടനകള്‍ തെരുവിലിറങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള ബില്‍ കൊണ്ടുവരാന്‍ പതിറ്റാണ്ടുകളായി പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിലെ യാഥാസ്ഥിതിക മതവാദ കക്ഷികള്‍ ഒന്നടങ്കം ഈ ബില്ലിനെ എതിര്‍ത്തു. ഈ ബില്‍ ലൈംഗിക അരാജകത്വം കൊണ്ടുവരുമെന്നതടക്കം വാദങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. പാശ്ചാത്യ മൂല്യങ്ങള്‍ പ്രകാരമുള്ള ബില്‍ ഇന്തോനേഷ്യന്‍ സംസ്‌കാരത്തെ തകര്‍ക്കുന്നതാണെന്നും മതനേതാക്കളടക്കം പറഞ്ഞു. ഇക്കാരണങ്ങളാല്‍ ബില്‍ അകാരണമായി വൈകുകയാണ്.