Asianet News MalayalamAsianet News Malayalam

Indonesia woman whipped : സ്ത്രീക്ക് നൂറടി, പുരുഷന് പതിനഞ്ചും;സെക്‌സിനിടെ പിടിയിലായവര്‍ക്ക് വ്യത്യസ്ത ശിക്ഷ!

പുരുഷനാവട്ടെ, കൂസലില്ലാതെയാണ് ശിക്ഷ ഏറ്റുവാങ്ങിയത്. 15 അടി കഴിഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി. എന്നാല്‍, സ്ത്രീയാവട്ടെ, തളര്‍ന്നു വീണു കിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Indonesian woman whipped 100 times for adultery and the man 15 strokes
Author
Aceh, First Published Jan 14, 2022, 4:33 PM IST
  • Facebook
  • Twitter
  • Whatsapp

പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തി എന്നാരോപിച്ച് യുവതിക്ക് പരസ്യമായി നൂറ് ചാട്ടവാറടി. യുവതിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിടിയിലായ പുരുഷനാവട്ടെ, ചാട്ടവാറടി 15-ല്‍ ഒതുങ്ങി. ഇന്തോനേഷ്യയിലെ എയ്‌സെ പ്രവിശ്യയിലാണ് സംഭവം. ഇസ്‌ലാമിക ശരീഅത്ത് നിയമം ഏര്‍പ്പെടുത്തിയ ഇന്യോനേഷ്യയിലെ ഏക പ്രവിശ്യയാണ് ഇത്. 

നൂറു കണക്കിനാളുകളെ സാക്ഷി നിര്‍ത്തിയാണ് പരസ്യമായ ചാട്ടവാറടി നടന്നത്. മത പൊലീസിന്റെ സാന്നിധ്യത്തിലാണ്, പരമ്പരാഗത വേഷം ധരിച്ചെത്തിയ സ്ത്രീയെ പരസ്യമായി നൂറ് ചാട്ടവാടറിക്ക് വിധേയയാക്കിയത്. സ്ത്രീയ്ക്ക് ഈ ശിക്ഷ താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇടയ്ക്ക് അടി നിര്‍ത്തിയെങ്കിലും അല്‍പ്പനേരം കഴിഞ്ഞ് വീണ്ടും തുടങ്ങി. എന്നാല്‍, ഇവരോടൊപ്പം അറസ്റ്റിലായ സാമൂഹ്യമായി ഉന്നതനിലയിലുള്ള പുരുഷനാവട്ടെ കേവലം 15 ചാട്ടവാറടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശരീഅത്ത് നിയമത്തിന്റെ പേരില്‍ മതകാര്യ കോടതിയിലെ ജഡ്ജിമാര്‍ പുലര്‍ത്തുന്ന മുന്‍വിധിയാണ് ശിക്ഷയിലെ ഈ വ്യത്യാസമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

കഴിഞ്ഞ മാസമാണ്, സ്ഥലത്തെ പാമോയില്‍ തോട്ടത്തിനകത്തുവെച്ച് ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനിടെ ഇരുവരെയും നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് മത കോടതിക്കു മുമ്പാകെ ഇരുവരെയും ഹാജരാക്കി. വിവാഹിതയായ യുവതിക്കെതിരെ ഭര്‍ത്താവിനെ ചതിക്കുകയും പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ചുമത്തിയത്. പ്രദേശിക മല്‍സ്യ ബന്ധന തൊഴിലാൡസമിതയുടെ അധ്യക്ഷനായിരുന്നു ഇവര്‍ക്കൊപ്പം അറസ്റ്റിലായ പുരുഷന്‍. പരസ്ത്രീയുമായി ശാരീരിക ബന്ധം പുലര്‍ത്തി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 

സ്ത്രീക്കെതിരെ കടുത്ത നിലപാടാണ് കോടതി സീകരിച്ചതെന്ന് വിചാരണ നടപടികള്‍ക്ക് സാക്ഷിയായ എ എഫ് പി വാര്‍ത്താ ഏജന്‍സി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. തനിക്കെതിരായ ആരോപണം ഇവര്‍ സമ്മതിക്കേണ്ടിവരികയും ഇവര്‍ക്കെതിരായി 100 അടി ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍, സാമൂഹ്യമായി ഉന്നത പദവിയിലുള്ള പുരുഷനാവട്ടെ, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പല ചോദ്യങ്ങള്‍ക്കും അയാള്‍ ഉത്തരം പോലും നല്‍കിയില്ല. തുടര്‍ന്ന്, ഭര്‍ത്താവിനെ വഞ്ചിച്ച് പരപരുഷനുമായി ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കുറ്റത്തിന്  യുവതിക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചു. എന്നാല്‍, പുരുഷനെതിരെ ഭാര്യ നിലവിലിരിക്കെ മറ്റൊരു സ്ത്രീയുമായി പ്രണയബന്ധം പുലര്‍ത്തി എന്ന കുറ്റമാണ് വിധിച്ചത്. ഇതുപ്രകാരം ഇയാള്‍ക്ക് 30 അടിയാണ് കോടതി വിധിച്ചത്. അതിനു ശേഷം, ഇയാള്‍ അപ്പീല്‍ പോവുകയും ശിക്ഷ 15 ചാട്ടവാറടിയായി പരിമിതപ്പെടുത്തുകയും ചെയ്തതായി വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതിനുശേഷമാണ്, പൊതുസ്ഥലത്തുവെച്ച് എല്ലാവരെയും വിവരമറിയിച്ചശേഷം ശിക്ഷ നടപ്പാക്കിയത്. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് പരമ്പരാഗത രീതിയില്‍ എത്തിയ യുവതിയെ മുഖം മറച്ചെത്തിയ ഉദ്യോഗസ്ഥന്‍ ചാട്ടവാറുപയോഗിച്ച് നൂറ് തവണ അടിക്കുകയായിരുന്നു. അടി താങ്ങാന്‍ കഴിയാതെ പലപ്പോഴും ഇവര്‍ മോഹാലസ്യപ്പെട്ടു. ബോധം തെളിയുമ്പോള്‍ വീണ്ടും അടിച്ചു. എന്നാല്‍, പുരുഷനാവട്ടെ, കൂസലില്ലാതെയാണ് ശിക്ഷ ഏറ്റുവാങ്ങിയത്. 15 അടി കഴിഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി. എന്നാല്‍, സ്ത്രീയാവട്ടെ, തളര്‍ന്നു വീണു കിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചോദ്യം ചെയ്യലില്‍ യുവാവ് എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കുകയും ചെയ്തതായി അന്വേഷണ സമിതി അധ്യക്ഷന്‍ ഇവാന്‍ നജ്ജാര്‍ അലവി ശിക്ഷ നടപ്പാക്കിയ സ്ഥലത്തു കൂടിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇയാള്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യുവതിയാവട്ടെ, എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുകയും കുറ്റം സമ്മതിക്കുകയും ചെയ്തതായും അതാണ് ശിക്ഷ കനത്തതെന്നും ഇദ്ദേഹം പറഞ്ഞു. 

ശരീഅത്ത് നിയമത്തിന്റെ മറവില്‍ തികച്ചും പക്ഷപാതപരമായ രീതിയിലാണ് ശിക്ഷകള്‍ നടപ്പാക്കുന്നതെന്ന് 
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ഇന്തോനേഷ്യന്‍ ഗവേഷകനായ ആന്‍ഡ്രിയ ഹാര്‍സനോ വൈസ് ന്യൂസിനോട് പറഞ്ഞു. നിയമവ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പലവട്ടം എയ്‌സെ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. 

ഇന്തോനേഷ്യയിലെ ഈ പ്രവിശ്യയ്ക്ക് അര്‍ദ്ധ സ്വയംഭരണാവകാശമുണ്ട്. രാജ്യത്ത് ഈ പ്രവിശ്യയില്‍ മാത്രമാണ് ഇസ്‌ലാമിക ശരീഅത്ത് നിയമം നടപ്പാക്കിയത്. ചൂതാട്ടം, മദ്യപാനം, അവിഹിത ലൈംഗിക ബന്ധം, സ്വവര്‍ഗരതി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇവിടെ പരസ്യമായ ചാട്ടവാറടിയാണ് ശിക്ഷ. സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടതിന് ഈ മാസം തന്നെ രണ്ടു പുരുഷന്‍മാരെ പരസ്യമായ ചാട്ടവാറടിക്ക് വിധേയമാക്കിയിരുന്നു. മദ്യം ഉപയോഗിച്ചുവെന്ന കുറ്റത്തിന് ക്രിസ്തീയ സമുദായത്തില്‍ പെട്ട രണ്ടുപേരെ കഴിഞ്ഞ വര്‍ഷം അവസാനം പരസ്യമായ ചാട്ടവാറടിക്ക് വിധേയരാക്കിയയിരുന്നു. 
 

Follow Us:
Download App:
  • android
  • ios