
ലോകം മുഴുവൻ നടന്ന് കണ്ട് തീർക്കാനുള്ള തന്‍റെ ദീർഘയാത്ര ആരംഭിച്ച് 28 വർഷങ്ങൾക്ക് ശേഷം, 57 -കാരനായ ബ്രിട്ടീഷ് പൗരൻ കാൾ ബുഷ്ബി ഒടുവിൽ തന്‍റെ ജന്മനാട്ടിൽ തിരിച്ചെത്തി. അൻപതിനായിരത്തോളം കിലോമീറ്ററുകൾ പിന്നിട്ടെത്തിയ ഈ മുൻ പാരട്രൂപ്പറെ, ഇംഗ്ലീഷ് ചാനലിലൂടെയുള്ള ദിവസങ്ങൾ നീണ്ട സാഹസികമായ നീന്തലൊടുവിൽ തെക്കൻ ഇംഗ്ലണ്ടിലെ ഡോവറിന് സമീപമുള്ള ഷേക്സ്പിയർ ബീച്ചിൽ വച്ചാണ് ഉറ്റവരും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചത്.
1998 -ൽ ചിലിയിലെ പന്ത അരീനാസിൽ നിന്ന് വടക്കൻ ഇംഗ്ലണ്ടിലെ ഹള്ളിലുള്ള തന്‍റെ അമ്മയുടെ വീട്ടിലേക്ക് നടന്നെത്താൻ യാത്ര തിരിക്കുമ്പോൾ, സ്വയം നിശ്ചയിച്ച രണ്ട് നിയമങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വർഷങ്ങളിലുടനീളം അദ്ദേഹം ആ നിബന്ധനകൾ കൃത്യമായി പാലിക്കുകയും ചെയ്തു. യാത്ര മുന്നോട്ട് കൊണ്ടുപോകാൻ ഒരു തരത്തിലുമുള്ള വാഹനങ്ങളും ഉപയോഗിക്കില്ലെന്നതായിരുന്നു ആദ്യത്തെ നിബന്ധന. സാഹസിക യാത്ര പൂർത്തിയാക്കുന്നതുവരെ യുകെയിലേക്ക് മടങ്ങില്ലെന്നതായിരുന്നു രണ്ടാമത്തേത്. ഇപ്പോൾ, 28 വർഷത്തെ കഠിനമായ യാത്രയ്ക്കും 50,000 കിലോമീറ്ററോളം നടപ്പിനും ശേഷം അദ്ദേഹം മാതൃരാജ്യത്ത് തിരിച്ചെത്തിയിരിക്കുകയാണ്.
After a 28-year, 50,000km round-the-world trek on foot, UK adventurer Karl Bushby is back on British soil. Bushby set out from Punta Arenas, Chile, in Nov. 1988, aiming to get to Hull in the UK under his own power.
After swimming the English Channel, he has one last leg to go. https://t.co/MFQoGKpndl
— Al Jazeera English (@AJEnglish) October 6, 2026
ഇംഗ്ലീഷ് ചാനലിലൂടെയുള്ള ദിവസങ്ങൾ നീണ്ട നീന്തൽ പൂർത്തിയാക്കിക്കൊണ്ടാണ് ബുഷ്ബി തന്‍റെ യുകെയിലേക്കുള്ള മടക്കയാത്രയുടെ അവസാന ഘട്ടം പൂർത്തിയാക്കിയത്. ഷേക്സ്പിയർ ബീച്ചിൽ അദ്ദേഹത്തെ അച്ഛനും സുഹൃത്തുക്കളും ഉൾപ്പെടുന്ന ഒരു ചെറിയ സംഘം സ്വീകരിച്ചു. ചലച്ചിത്ര നിർമ്മാതാവ് വെർണർ ഹെർസോഗും അദ്ദേഹത്തിന്‍റെ സിനിമാ സംഘവും ബുഷ്ബിയെ സ്വീകരിക്കാനെത്തിയിരുന്നു. ഈ ബ്രിട്ടീഷ് സാഹസികന്‍റെ ലോക സഞ്ചാരത്തെ ആസ്പദമാക്കി സംവിധായകൻ ഒരു ചിത്രം നിർമ്മിക്കുന്നുണ്ട്. "വാക്ക് ഓഫ് ലൈഫ്" എന്നാണ് ചിത്രത്തിന്‍റെ പേര്. കഴിഞ്ഞ 16 വർഷമായി ഈ ചിത്രത്തിന് പിന്നിലുള്ള പ്രൊഡക്ഷൻ കമ്പനി ഈ സാഹസികന്‍റെ യാത്രയെ പിന്തുണയ്ക്കുന്നുണ്ട്. ബുഷ്ബിക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങളും കമ്പനി നൽകുന്നു.
@StokeyyG2 karl bushby, the man who walks the earth for 27 years from chile to his home https://t.co/EofAZd66Q2
— Curio 𝑿 (@curious_X_) October 7, 2026
പാരട്രൂപ്പർ ആയിരിക്കുമ്പോഴാണ് ലോകം ചുറ്റി നടക്കണമെന്ന ചിന്ത കാളിന്‍റെ മനസ്സിലുദിക്കുന്നത്. പാതയുടെ രൂപരേഖ കണ്ട സഹപ്രവർത്തകർ ഇത് നടപ്പില്ലെന്ന് പറഞ്ഞ് നിരാശപ്പെടുത്തിയെങ്കിലും, കാൾ തന്‍റെ തീരുമാനത്തിൽ ഉറച്ചുനിന്നു. "50,000 കിലോമീറ്ററിലധികം നീളുന്ന അജ്ഞാത പാതയിലേക്ക് കാൽവെക്കുമ്പോൾ കാര്യങ്ങൾ എങ്ങനെ അവസാനിക്കുമെന്ന് എനിക്ക് വ്യക്തതയില്ലായിരുന്നു. എങ്കിലും എനിക്കിത് സാധിക്കുമെന്ന് ഉറപ്പായിരുന്നു. ചെറിയൊരു ആത്മവിശ്വാസത്തിന് നമ്മളെ വളരെ ദൂരേക്ക് നയിക്കാൻ കഴിയും," എന്ന് പിന്നീട് ഒരു ടിക് ടോക് വീഡിയോയിൽ കാൾ പറഞ്ഞു.
英国人卡尔·布什比(Karl Bushby)经历了长达28年、行程5万公里的徒步环球之旅后,10月5日重返英国。在游过英吉利海峡并踏上英国土地后,布什比又启程,踏上返回英格兰北部家乡赫尔(Hull)的最后一段旅程。 https://t.co/jP0ZFyp0Dk
— 美国之音中文网 (@VOAChinese) October 7, 2026
സ്വയം നിശ്ചയിച്ച നിയമങ്ങൾ തെറ്റിക്കാതെ 29 -ാം വയസ്സിൽ ചിലിയിൽ നിന്നാണ് അദ്ദേഹം നടന്നു തുടങ്ങിയത്. യാത്രയിലുടനീളം അർജന്‍റീന, പെറു, ഇക്വഡോർ, കൊളംബിയ, മെക്സിക്കോ, യുഎസ്, കാനഡ, മംഗോളിയ, ചൈന, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങൾ പിന്നിട്ടു. 2006 മാർച്ചിൽ ഫ്രഞ്ച് - അമേരിക്കൻ സാഹസികനായ ഡിമിത്രി കീഫറുമായി ചേർന്ന് കഠിനമായ ബെറിംഗ് കടലിടുക്കും അദ്ദേഹം മുറിച്ചുകടന്നു. സ്പോൺസർമാരെ കാണാൻ ഇടയ്ക്ക് യുഎസിലേക്ക് പോകേണ്ടി വന്നെങ്കിലും മടങ്ങിയെത്തി കൃത്യം നിർത്തിയിടത്ത് നിന്നുതന്നെയാണ് അദ്ദേഹം വീണ്ടും യാത്ര ആരംഭിച്ചത്.
VIDEO After 28 years and 50,000 km, British adventurer Karl Bushby faces one last hurdle in his bid to trek home from South America without using any transport: the English Channel. If he isn't allowed to walk the Channel Tunnel, he might try swimming from France to England https://t.co/nfbFgM9gJp
— AFP News Agency (@AFP) September 26, 2026
"ഇത്രയും വർഷങ്ങൾക്ക് ശേഷം യുകെയിലെ മണ്ണിൽ കാലുകുത്താൻ കഴിയുന്നത് സന്തോഷം നൽകുന്നു. ഇതൊട്ടും എളുപ്പമായിരുന്നില്ല. എന്നാൽ അതിൽ ഒരു പ്രധാന കാര്യവുമുണ്ട് - ഞാൻ സ്വയം കരുതുന്നതിനേക്കാൾ കൂടുതൽ കഴിവുള്ളവനാണെന്ന് തെളിയിക്കുക എന്നത്," ബുഷ്ബി ബ്രിട്ടനിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. യാത്രയിൽ ഏറ്റവും കഠിനമായ ദിനങ്ങൾ സമ്മാനിച്ചത് റഷ്യയായിരുന്നു. സൈനിക മേഖലയിലൂടെ കടന്നുപോകാനുള്ള അനുമതിപത്രങ്ങൾ നേടുക എളുപ്പമായിരുന്നില്ല. കഠിനമായ ശൈത്യകാലത്ത് നദികളും മഞ്ഞും ഉറഞ്ഞു കട്ടിയാകുമ്പോൾ മാത്രമാണ് സൈബീരിയയിലൂടെ നടക്കാൻ കഴിഞ്ഞിരുന്നത്. കൂടാതെ, റഷ്യൻ നിയമപ്രകാരം ഓരോ 180 ദിവസത്തിലും 90 ദിവസം മാത്രമായിരുന്നു വിസ അനുവദിച്ചിരുന്നത്. 2007-08 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് മഹാമാരിയും അദ്ദേഹത്തിന്‍റെ യാത്രയെ കൂടുതൽ വൈകിപ്പിച്ചു. ഈ നവംബറോടെ ഹള്ളിലുള്ള അമ്മയുടെ വീട്ടിലെത്തുന്നതോടെ അദ്ദേഹത്തിന്‍റെ ചരിത്രപരമായ ദൗത്യം പൂർത്തിയാകും.