ഭക്ഷണത്തിന്റെ ചിത്രങ്ങൾ നോക്കിയാൽ വിശപ്പ് കുറയുമെന്ന് ഗവേഷകർ 

Published : May 31, 2023, 02:30 PM IST
ഭക്ഷണത്തിന്റെ ചിത്രങ്ങൾ നോക്കിയാൽ വിശപ്പ് കുറയുമെന്ന് ഗവേഷകർ 

Synopsis

ആയിരത്തിലധികം ആളുകളെ പങ്കാളികളാക്കിയാണ് ഈ ഗവേഷണം നടത്തിയത്. ഇവർക്ക് വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങളുടെ ചിത്രങ്ങൾ നോക്കാൻ നൽകിക്കൊണ്ടായിരുന്നു പഠനം.

വിശപ്പടക്കാൻ ഭക്ഷണം കഴിച്ചാൽ മാത്രമേ സാധിക്കൂ എന്നായിരുന്നില്ലേ നാമെല്ലാം കരുതിയിരുന്നത്? എന്നാൽ അങ്ങനെയല്ല ഭക്ഷണത്തിൻറെ ചിത്രങ്ങളിൽ നോക്കിയാലും വിശപ്പ് ശമിപ്പിക്കാൻ കഴിയും എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. പക്ഷേ, ഒരു തവണ നോക്കിയാൽ പോരാ 30 തവണ നോക്കണം എന്നാണ് ഗവേഷകർ പറയുന്നത്. എന്നുവച്ചാൽ ഇനി വിശപ്പ് തോന്നിയാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണോ ആ വിഭവത്തിന്റെ ചിത്രം എടുത്ത് കുറച്ച് അധികം സമയം അങ്ങനെ നോക്കിയിരുന്നാൽ മതി എന്ന് സാരം.

ഡെൻമാർക്കിലെ ആർഹസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിൽ ഒരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഭക്ഷണത്തിന്റെ ചിത്രങ്ങൾ എങ്ങനെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും എന്നതിനെക്കുറിച്ചുള്ള ചില അത്ഭുതകരമായ കണ്ടെത്തലുകൾ ആണ് ഈ ഗവേഷണത്തിൽ അവർ നടത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ തവണ ഒരു ഭക്ഷണത്തിൻറെ ചിത്രത്തിലേക്ക് നോക്കിയാൽ നമുക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ലെന്നും എന്നാൽ ഒരേ ഭക്ഷണത്തിന്റെ ചിത്രം ആവർത്തിച്ച് കാണുന്നത് ആളുകൾക്ക് സംതൃപ്തി നൽകും എന്നുമാണ് ഗവേഷകർ പറയുന്നത്.

ആയിരത്തിലധികം ആളുകളെ പങ്കാളികളാക്കിയാണ് ഈ ഗവേഷണം നടത്തിയത്. ഇവർക്ക് വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങളുടെ ചിത്രങ്ങൾ നോക്കാൻ നൽകിക്കൊണ്ടായിരുന്നു പഠനം. ചിത്രങ്ങളിൽ കൂടുതൽ തവണ ആവർത്തിച്ചു നോക്കിയവർക്ക് കൂടുതൽ സംതൃപ്തി നൽകി എന്നാണ് പഠനത്തിൽ പറയുന്നത്. പിസ, ബർഗർ മുതലായ ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങി ചോക്ലേറ്റുകളുടെയും ചെറിയ മിഠായികളുടെയും ശീതള പാനീയങ്ങളുടെയും പോലും കാര്യത്തിൽ ഇത് സത്യമാണ് എന്നാണ് പഠനം റിപ്പോർട്ട് ചെയ്യുന്നത്.

ഗവേഷണത്തിൽ പങ്കാളിയായ ആർഹസ് സർവകലാശാലയിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്‌മെന്റിലെ പിഎച്ച്ഡി വിദ്യാർത്ഥി ജാർക്ക് ആൻഡേഴ്സ് ഇത്തരത്തിൽ ഒരു സംതൃപ്തി ലഭിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനമാണ്. ഭക്ഷണം കഴിക്കുമ്പോൾ ഉത്തേജിക്കപ്പെടുന്ന തലച്ചോറിന്റെ ഭാഗങ്ങൾ ഭക്ഷണപദാർത്ഥങ്ങളുടെ ചിത്രങ്ങളിലേക്ക് ആവർത്തിച്ചു നോക്കുമ്പോഴും ഉത്തേജിപ്പിക്കപ്പെടും എന്നാണ് ജാർക്ക് ആൻഡേഴ്സ് അവകാശപ്പെടുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആരും ചിത്രത്തിൽ നോക്കി ശരീരഭാരം കുറച്ചു കളയാം എന്ന തീരുമാനമൊന്നും എടുത്തേക്കരുത് കാരണം ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭ്യമാകേണ്ട പോഷകാഹാരങ്ങൾ ശരീരത്തിന് ലഭിച്ചാൽ മാത്രമേ ആരോഗ്യപ്രദമായ ഒരു ജീവിതം ഉണ്ടാകൂ.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്