
തെലങ്കാന(Telangana)യിലെ ഒരു യുവാവ് പാതിരാത്രി പൊലീസി(police)നെ വിളിച്ച് രണ്ട് കുപ്പി ബിയർ (beer) വേണമെന്ന് ആവശ്യപ്പെട്ടു. ദൗലതാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വികരാബാദ് ജില്ലയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ഗോക ഫസ്‌ലബാദ് ഗ്രാമത്തിൽ നിന്നുള്ള മധുവെന്ന യുവാവ് ആദ്യം 100 -ൽ വിളിച്ച് താൻ അപകടത്തിലാണെന്ന് പൊലീസിനോട് പറഞ്ഞു. തന്നെ ഒരു സംഘം ആളുകൾ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പൊലീസിനെ ധരിപ്പിച്ചു. രാത്രി 2.30 -നായിരുന്നു മധുവിന്റെ വിളി വന്നത്.
ഇതിനെ തുടർന്ന്, ദൗലത്താബാദിലെ മധുവിന്റെ വീട്ടിലേക്ക് പട്രോളിംഗ് നടത്തുകയായിരുന്ന കോൺസ്റ്റബിൾമാരെ കൺട്രോൾ റൂം അയച്ചു. എന്നാൽ, ഏകദേശം ഏഴ് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ പോലീസുകാർ എത്തിയപ്പോഴാണ് കഥ മാറിയത്. പൊലീസിനെ കണ്ട മധു തനിക്ക് രണ്ട് കുപ്പി തണുത്ത ബിയർ വേണമെന്ന് ആവശ്യപ്പെട്ടു. പ്രദേശത്തെ എല്ലാ മദ്യവിൽപ്പന ശാലകളും അടച്ചിരിക്കുന്നതിനാൽ മദ്യം കിട്ടാൻ വേറെ വഴിയില്ലെന്ന് മധു പറഞ്ഞപ്പോൾ പൊലീസുകാർ ശരിക്കും ഞെട്ടി. ആളുകളുടെ എല്ലാ ആവശ്യവും പൊലീസ് നടത്തിത്തരുമെന്ന വിശ്വാസത്തിലാണ് പൊലീസിനെ വിളിച്ചതെന്നും യുവാവ് വാദിച്ചു.
ഒരു വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഈ 22 -കാരൻ മദ്യലഹരിയിലായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന മദ്യവും കുറച്ച് ബിയറും താൻ കഴിച്ചുവെന്നും ഇനിയും വേണമെന്നും പൊലീസുകാരോട് അയാൾ പറഞ്ഞു. എന്നാൽ, അന്നൊന്നും പൊലീസ് ചെയ്തില്ല. മധുവിന്റെ പേര് വിവരങ്ങൾ ശേഖരിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. എന്നാൽ, പിറ്റേദിവസം അവനുള്ള സമ്മാനവുമായാണ് പൊലീസ് എത്തിയത്. രോഷാകുലരായ പൊലീസുകാർ പിറ്റേന്ന് പിതാവിനൊപ്പം പൊലീസ് സ്‌റ്റേഷനിലേക്ക് അവനെ വിളിച്ചുവരുത്തി. അവനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അവനും പിതാവിനും കൗൺസിലിംഗ് നൽകിയതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
100 -ൽ വിളിച്ച് ഇത്തരം പണിയൊപ്പിച്ചാൽ തിരിച്ചും നല്ല പണി കിട്ടുമെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ ഈ സൗകര്യം ദുരുപയോഗം ചെയ്യരുതെന്ന് പൊലീസ് ആളുകളോട് അഭ്യർത്ഥിച്ചു. അവരുടെ വിലപ്പെട്ട സമയം നഷ്‌ടപ്പെടുത്തുക മാത്രമല്ല, അടിയന്തര കോളുകൾ അറ്റൻഡ് ചെയ്യുന്നതിൽ നിന്ന് പൊലീസിനെ ഇത് തടയുകയും ചെയ്യും.
എന്നാൽ, സമാനമായ മറ്റൊരു സംഭവത്തിൽ, മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള ഒരാൾ രണ്ട് കുപ്പി മദ്യം വാങ്ങി കഴിച്ചിട്ട് ലഹരി കിട്ടാതായപ്പോൾ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കും എക്സൈസ് വകുപ്പിനും രേഖാമൂലം പരാതി നൽകി. പ്രാദേശികമായി നിർമിച്ച മദ്യത്തിന്റെ നാല് ക്വാർട്ടർ സേതിയ വാങ്ങിയിരുന്നു. എന്നാൽ മദ്യം കഴിച്ചിട്ടും ലഹരി കിട്ടാതായപ്പോൾ അത് വ്യാജനാണോ എന്ന സംശയത്തിലായി അയാൾ. മദ്യത്തിന്റെ ബാക്കി കുപ്പികളും ഇയാൾ പരാതിക്കൊപ്പം തെളിവായി സമർപ്പിച്ചു. തന്റെ പരാതിയിൽ അന്വേഷണം നടക്കാതായപ്പോൾ ഉപഭോക്തൃ ഫോറത്തെ സമീപിക്കുമെന്ന് അയാൾ പറഞ്ഞു.