
പതിനേഴാം വയസ്സിൽ വീട്ടിൽ നിന്നും കാണാതായ കൗമാരക്കാരനെ എട്ടു വർഷങ്ങൾക്കുശേഷം കണ്ടെത്തി. 2015 -ലാണ് വീട്ടിലെ വളർത്തു നായയുമായി നടക്കാൻ പോയ ടെക്സാസ് സ്വദേശിയായ റൂഡി ഫാരിയാസ് എന്ന കൗമാരക്കാരനെ കാണാതായത്. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ നിരവധി സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ, എട്ടു വർഷങ്ങൾക്കുശേഷം ഇപ്പോൾ അദ്ദേഹത്തെ ജീവനോടെ കണ്ടെത്തിയതായാണ് പൊലീസും വീട്ടുകാരും പറയുന്നത്.
തെക്കുകിഴക്കൻ ഹൂസ്റ്റണിലെ ഒരു പള്ളിക്ക് മുന്നിൽ നിലത്ത് കിടക്കുന്ന നിലയിൽ ഒരാളെ കണ്ടെത്തി എന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പരിക്കുകൾ പറ്റി അബോധാവസ്ഥയിൽ റൂഡി ഫാരിയാസിനെ കണ്ടെത്തിയത്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇത്രയും വർഷക്കാലം എവിടെയായിരുന്നു എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ചോദിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വക്താവ് ജോൺ കാനൻ പറഞ്ഞു.
കണ്ടെത്തിയത് തൻറെ മകനെ തന്നെയാണെന്ന് ഫാരിയസിന്റെ അമ്മ ജാനി സാന്റാന പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ സംസാരിക്കാൻ സാധിക്കുന്ന അവസ്ഥയിൽ അല്ല തന്റെ മകൻ എന്നും രോഗം ഭേദമാകുന്നതോടെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
ട്രോളിബാഗുകളുമായി ചെന്നാൽ ഈ നഗരത്തിലിനി പിഴയൊടുക്കേണ്ടി വരിക 20000 -ത്തിലധികം രൂപ!
2015 മാർച്ച് 6 -നാണ് വടക്കുകിഴക്കൻ ഹൂസ്റ്റണിലെ തന്റെ കുടുംബവീട്ടിൽ നിന്നും രണ്ട് വളർത്തു നായകൾക്കൊപ്പം നടക്കാനിറങ്ങിയ ഫാരിയസിനെ കാണാതായത്. അന്ന് 17 വയസ്സ് ആയിരുന്നു ഫാരിയസിന്റെ പ്രായം. വീട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ നായ്ക്കളെ കണ്ടെത്തിയെങ്കിലും ഫാരിയസിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. അപരിചിതരെ ഇദ്ദേഹം വളരെയധികം ഭയന്നിരുന്നു എന്നാണ് കാണാതാവുന്ന സമയത്ത് അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
കൂടാതെ കാണാതാകുന്ന സമയത്ത് വിഷാദരോഗത്തിന് അടിമയായിരുന്ന ഇയാൾ തുടർച്ചയായി മരുന്നു കഴിച്ചിരുന്നു. എന്നാൽ, കാണാതായ ദിവസം മരുന്നു കഴിച്ചിരുന്നില്ല എന്നും വീട്ടുകാർ പൊലീസിനു നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വഴിതെറ്റി എവിടേക്കെങ്കിലും പോയതായിരിക്കാം എന്നതായിരുന്നു പൊലീസിന്റെ അനുമാനം. ഏതായാലും വരും ദിവസങ്ങളിൽ എട്ടു വർഷത്തെ അജ്ഞാത ജീവിതത്തെക്കുറിച്ച് ഇയാളിൽ നിന്ന് തന്നെ അറിയാൻ കഴിയും എന്ന പ്രതീക്ഷയിലാണ് വീട്ടുകാരും പൊലീസും.