വർധിച്ചുവരുന്ന സ്കൂൾ ഫീസ് സൃഷ്ടിക്കുന്ന സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദത്തെക്കുറിച്ച് നോയിഡയിലെ ഒരു ഡോക്ടർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. മാസാമാസം ഇത് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. 

ഇന്ത്യയിലെ പല ന​ഗരങ്ങളിലും രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവ് കൂടിക്കൂടി വരുന്നു എന്നത്. അടുത്തിടെ, നോയിഡ ആസ്ഥാനമായുള്ള ഒരു ഡോക്ടർ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയെ കുറിച്ച് ഒരു പോസ്റ്റ് ഷെയർ ചെയ്തതാണ് ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സ്കൂൾ ഫീസ് ഇനി ഒരു സാമ്പത്തിക ഉത്തരവാദിത്തം മാത്രമല്ല, മറിച്ച് മാസവും ഇതിന്റെ സമ്മർദ്ദമുണ്ടാകുന്നു എന്നാണ് പോസ്റ്റ്. നോയിഡ ആസ്ഥാനമായുള്ള ഡോക്ടറായ ഡോ. ശ്രദ്ധേയ് കത്യാർ ആണ് സ്കൂൾ ഫീസ് ഇങ്ങനെ കൂടുന്നത് കാരണം ഉണ്ടാകുന്ന വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ എടുത്തുകാണിക്കുന്ന ഒരു പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്.

സ്കൂൾ ഫീസുകൾ ഒരു രക്ഷിതാവിന്റെ വരുമാനത്തെ മാത്രമല്ല പരീക്ഷിക്കുന്നത്, അവരുടെ പ്രതികരണ ശേഷിയെ കൂടിയാണ് എന്നാണ് കത്യാർ തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 'വർഷം തോറും നമ്പർ കൂടിക്കൂടി വരികയാണ്. മാതാപിതാക്കൾ അതിനനുസരിച്ചാണ് തങ്ങളുടെ ജീവിതത്തെ ക്രമീകരിക്കുന്നത്. അവധിക്കാലം കുറവാണ്. സ്വപ്നങ്ങൾ ഒന്നും നടക്കുന്നില്ല. അധിക ഷിഫ്റ്റുകൾ എടുക്കേണ്ടി വരുന്നു. പരാതികളൊന്നുമില്ല. നിശബ്ദമായ ത്യാ​ഗമാണ് ഇത്' എന്നാണ് കത്യാരുടെ പോസ്റ്റ്.

'​ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന പേര് പറഞ്ഞിട്ടാണ് പലരും സ്കൂൾ ഫീസ് വർധിക്കുന്നതിനെ ന്യായീകരിക്കുന്നത്. എന്നാൽ, ക്ലാസിൽ നിറയെ കുട്ടികളാണ്, അധ്യാപകർക്ക് നല്ല ശമ്പളം കൊടുക്കുന്നില്ല. രക്ഷിതാക്കൾക്ക് മാസാമാസം ഇതൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു' എന്നാണ് കത്യാരുടെ ചോദ്യം.

Scroll to load tweet…

നിരവധി രക്ഷിതാക്കളാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്. സമാനമായ അനുഭവം പലരും പങ്കുവച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചിലവ് കാരണം ജീവിതത്തിലെ പല ആവശ്യങ്ങളും വേണ്ടെന്ന് വയ്ക്കുകയാണ്, ഓരോ മാസവുമെന്നോണം ഇത് കൂടിക്കൂടി വരികയാണ് ഇതിൽ എന്തെങ്കിലും നിയന്ത്രണം വേണം എന്നും പലരും പ്രതികരിച്ചു.