
കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമം വലിയ തരത്തിൽ വർധിച്ചു വരികയാണ്. വീടിനകത്തും പുറത്തും ഒരുപോലെ സ്ത്രീകൾക്ക് നേരെ ബലാത്കാര ശ്രമങ്ങൾ നടക്കുന്നു. ഉത്തർ പ്രദേശിൽ ഒരമ്മ തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കാമുകന്റെ ലിംഗം അറുത്തെടുത്തു.
36 -കാരിയായ അമ്മ പുറത്ത് നിന്നും വീട്ടിലെത്തിയപ്പോൾ കാമുകൻ തന്റെ 14 -കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. കാമുകന് 32 വയസായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ പങ്കാളി തന്നെ അക്രമിക്കാൻ ശ്രമിച്ചു എന്ന് അമ്മ പറയുന്നു. ഇവരും കാമുകനും ഒരുമിച്ചാണ് താമസം. കാമുകൻ തന്നെ അക്രമിക്കാൻ ശ്രമിച്ചതോടെ അവർ ഓടി അടുക്കളയിലെത്തി കത്തിയുമായി തിരികെ വരികയായിരുന്നു. അവനെ ഒരു പാഠം പഠിപ്പിക്കാനാണ് താൻ വെട്ടിയത് എന്നും സ്ത്രീ പറയുന്നു.
ഇയാൾ യുവതിയുടെ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവർ തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എന്ന് അവർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'യാദൃച്ഛികമായി താൻ വീട്ടിലേക്ക് വന്നതാണ്. അപ്പോഴാണ് മകളെ അവൻ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് നേരിൽ കണ്ടത്. നേരെ അടുക്കളയിലേക്ക് ചെന്ന് കത്തിയുമായി വരികയായിരുന്നു. അവനെ ഒരു പാഠം പഠിപ്പിക്കാനാണ് അവന്റെ സ്വകാര്യഭാഗം അറുത്തെടുത്തത്. ഞാൻ ചെയ്തതിൽ എനിക്ക് തരിമ്പും കുറ്റബോധമില്ല' എന്നും അമ്മ പറഞ്ഞു.
സ്ത്രീയുടെ ഭർത്താവ് മദ്യപാനിയായിരുന്നു. അയാളെ പിരിഞ്ഞ് കഴിയുകയായിരുന്നു അവർ. രണ്ട് വർഷമായി ഈ കാമുകനും യുവതിയും ഒരുമിച്ച് കഴിയുകയാണ്. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 100 മൈൽ കിഴക്ക് ലഖിംപൂർ ഖേരിയിലെ മഹേവഗഞ്ച് ഏരിയയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.
കുട്ടിയെ പീഡിപ്പിച്ചതിന് ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇയാളെ തുടർ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീക്ക് നേരെ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ല.