'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

മനസ്സില്‍ കൂടണഞ്ഞ ചില സുന്ദര നിമിഷങ്ങളെ തലോടുന്ന സാന്ത്വന ഗീതമാണ് ചില പാട്ടുകള്‍... കേള്‍ക്കുമ്പോഴുള്ള പ്രതീതി. അതിങ്ങനെ നിനക്കാതെ പെയ്ത മഴ പോലെ പെയ്തിറങ്ങുമ്പോള്‍ പിന്നിട്ട നാളുകളിലേക്കുള്ള മനസിന്‍റെ പാലായനം എത്രയോ അനിര്‍വചനീയമാണ്.

ഓരോരോ പാട്ട് കേള്‍ക്കുമ്പോഴും വിവിധ പശ്ചാത്തലമാണ് മനസിലുണരുക.. അത് സന്തോഷമാകാം, സങ്കടമാകാം, പ്രണയമാകാം, വിരഹമാകാം... അങ്ങനെ ആര്‍ദ്രമായെന്‍റെ ഹൃദയത്തില്‍ പതിഞ്ഞ, ജീവിതത്തിലെ ഏറ്റവും നല്ല പ്രണയാര്‍ദ്ര നിമിഷങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന മനോഹരമായ വരികളാണ്,

   ''ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാന്‍
   അമ്പലം ചുറ്റുന്ന നേരം..
   കയ്യില്‍ പ്രസാദവും കണ്ണില്‍ പ്രകാശവുമായ്
   സുന്ദരീ നിന്നെ ഞാന്‍ കണ്ടു....
   ആദ്യമായ് കണ്ടു..'' 

ബിച്ചു തിരുമല എഴുതി കണ്ണൂര്‍ രാജന്‍ സംഗീതം നല്‍കി ദാസേട്ടൻ ആലപിച്ച ഈ ഗാനം 'ഹൃദയാഞ്ജലി' ആല്‍ബത്തിലേതായിരുന്നു. ഈ ഗാനം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി എഴുതിയതാണോ എന്ന് തോന്നിപ്പോകും. അവിടെയാണ് ഗാനങ്ങളുടെ വിജയം. പ്രണയമഴപോലെ കാവ്യാത്മകമായ ഈ വരികള്‍ എന്നിലേക്ക്‌ പെയ്തിറങ്ങുമ്പോള്‍ അറിയുന്നു ഞാന്‍, നീ എന്നില്‍ ചാലിച്ച പ്രണയാര്‍ദ്ര നിമിഷങ്ങളുടെ തിരയൊഴുക്കുകള്‍..

അതെ.. ഭക്തിസാന്ദ്രമായ വൃശ്ചികപുലരികളില്‍ ശിവഭക്തയായ ഞാന്‍ അടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ പതിവായി പോകാറുണ്ട്. അവിടെ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്‌. 
    
      ''കയ്യില്‍ പ്രസാദവും കണ്ണില്‍ പ്രകാശവുമായ്
       സുന്ദരീ നിന്നെ ഞാന്‍ കണ്ടു... 
       ആദ്യമായ് കണ്ടു..''

എത്ര സുന്ദരം.. ആദ്യാനുരാഗത്തിന്‍റെ മധുരസ്മരണകള്‍ മഴവില്‍ശോഭ പോലെ വന്നണയുമ്പോള്‍ ഈ വരികള്‍ എനിക്കായ് മാത്രം എഴുതപ്പെട്ടതാണോ എന്ന തോന്നലാണ്. അങ്ങനെ തന്നെ വിശ്വസിക്കാനാണ് ഇന്നെനിക്കിഷ്ടം. ഈ വരികളില്‍ നിറയുന്നത് നിന്‍ മന്ത്രണമായിരുന്നില്ലേ? അതെയതെ.. അതെപ്പോഴും എനിക്ക് ജീവിത താളമാണ്..

      ''ഓമല്‍ പ്രതീക്ഷകള്‍ ഓരോ കിനാവിലും 
       ഓഹരി വെയ്ക്കുന്ന പ്രായം 
       മാതള തേന്‍മലര്‍ താരുണ്യ മൊട്ടുകള്‍ 
       മാറത്ത് കൂമ്പുന്ന കാലം..''

കഴിഞ്ഞുപോയ കൗമാര കാലത്തിലേക്ക്, കാലം മറച്ച ഇന്നലകളിലേക്ക് ഒരു സ്വപ്നശലഭമായ് വീണ്ടും പറന്നിറങ്ങാന്‍ മോഹിപ്പിക്കുന്ന ബിച്ചു തിരുമലയുടെ അസാധ്യമായ വരികള്‍. 1983 -ല്‍ ഹൃദയാഞ്ജലി സമ്മാനിച്ച ഈ ഗാനം ജീവിത തിരയൊഴുക്കിൽ ആഴ്ന്നു പോകുമ്പോള്‍ വീണ്ടും നിന്നിലേക്ക... കഴിഞ്ഞു പോയ നമ്മുടെ പ്രണയാര്‍ദ്ര നിമിഴങ്ങളിലേക്ക് ഒരു നിലാവ് പോലെ കൂട്ടി കൊണ്ടു പോവുകയാണ്. പ്രണയത്തെ അനുഭവഭേദ്യമാക്കാനുള്ള എല്ലാ മാസ്മരികതയും കണ്ണൂര്‍ രാജന്‍റെ സംഗീതത്തിലും ഉണ്ടായിരുന്നു. പാടിയത് ദാസേട്ടനും കൂടി ആയപ്പോള്‍ എടുത്ത് പറയേണ്ടതില്ലല്ലോ..
ചില പാട്ടുകള്‍ ഇങ്ങനെയാണ്... 

   ''ആരോമലേ നിനക്കേകുവാന്‍ ഞാനെത്ര 
   പ്രേമോപഹാരങ്ങള്‍ തീര്‍ത്തു...
   പൂര്‍ണ്ണിമേ നിന്നെ ഞാന്‍ സ്വന്തമാക്കും 
   നിന്‍റെ പൂമേനിയിന്നു ഞാന്‍ ശയ്യയാക്കും...''

ഈ ഗാനത്തിലെ ഏറ്റവും വശ്യമായ പ്രേമസങ്കല്‍പ്പമാണ് ഈ വരികളില്‍. ഉള്ളം പിടയുമ്പോള്‍ ഒരു നനുത്ത സ്പര്‍ശമായ് തഴുകി തലോടുന്ന ആര്‍ദ്രത. അത് കൂടിയാണ് എനിക്ക് ഈ പാട്ട്. നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട പ്രണയത്തിന്‍റെ നൈര്‍മല്യം.. നിന്‍റെ പുഞ്ചിരിയില്‍ ഞാന്‍ കണ്ട സ്നേഹാര്‍ദ്രഭാവം.... നിന്നില്‍ നിന്നുതിരുന്ന നിശ്വാസത്തിന്‍റെ അലയൊലികളാണ് ഈ ഓരോ വരികളുമെന്ന് തോന്നിപ്പോകും. ഓരോ നിനവുകളിലും നീയെന്ന സാമീപ്യമാണ് എനിക്കീ സംഗീതം..

ഇന്ന് നീ എനിക്ക് സ്വന്തമായപ്പോള്‍.. നിന്‍റെ സാമീപ്യം കാറ്റിന്‍ ചിലമ്പൊലിപോലെ അനുരാഗ നിമിഷങ്ങളിലേക്ക് ഊര്‍ന്നുപോകുമ്പോൾ... ഞാന്‍ നമിച്ച് പോകുന്നു എന്‍റെ ഇഷ്ടദേവന്‍ ‘രുദ്രനെ..’

    ''ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ 
    തിങ്കള്‍ കലാഞ്ജിതം കോടീര ബന്ധനം...''

ആ പാട്ടിന്‍റെ തുടക്കമാണ് ഈ വരികള്‍. എങ്ങനെ മറക്കാന്‍ കഴിയും. ഇഷ്ടദേവന്‍ രുദ്രനെ പ്രകീര്‍ത്തിച്ച് തന്നെയാണ് ആദ്യവരികള്‍. അതാണെന്‍റെ ഏറ്റവും വലിയ സന്തോഷം. മനസ്സ് വിതുമ്പുന്ന നേരങ്ങളില്‍ പ്രാര്‍ത്ഥനാഗീതിയുമായ് ഓടിയരികില്‍ ചെല്ലുമ്പോള്‍ അകതാരില്‍ കിട്ടുന്ന സാന്ത്വനം. ആ ശക്തി തന്നെയാണ് ദേവീക്ഷേത്ര നടയിലെ സാമീപ്യത്തില്‍ ഞങ്ങള്‍ കാണാന്‍ ഇടയായതും.. ഞങ്ങളുടെ പ്രണയം സാഫല്യമാക്കി തന്നതും. അങ്ങനെ തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

നമിക്കുന്നു ദേവാ,

   ''കയ്യില്‍ പ്രസാദവും കണ്ണില്‍ പ്രകാശവുമായ്
    സുന്ദരീ നിന്നെ ഞാന്‍ കണ്ടു... ആദ്യമായ് കണ്ടു''

എന്നും മനസിന്‍റെ തളിര്‍ചില്ലയില്‍ മായാമുദ്രകള്‍ പതിപ്പിച്ച ആ അനുരാഗ നിമിഷങ്ങള്‍.. ഇന്നും ഈ പാട്ടിലൂടെ ഞാന്‍ കേള്‍ക്കുകയാണ്, എന്‍റെ ഹൃദയ താളമായ്.. എന്‍റെ ജീവിത താളമായ്..

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം