Asianet News MalayalamAsianet News Malayalam

പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...

മാഞ്ഞുപോയിട്ടും മായാത്ത രാത്രികള്‍, സിനിമ പെയ്തിട്ടും ബാക്കിയാവുന്ന പാട്ടുകള്‍!  ഓര്‍മ്മയും പാട്ടും കൂടിക്കുഴയുന്ന വാക്കുകളുടെ മധുരാനുഭവം. പാട്ടോര്‍മ്മ

Column on Malayalam film music by Sharmila C Nair
Author
First Published Sep 18, 2023, 3:01 PM IST

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

Column on Malayalam film music by Sharmila C Nair

 

'നിലാവിലൂടിറങ്ങി രണ്ടു കാലങ്ങളിലേക്ക് നോക്കിയിരുന്ന തണുപ്പന്‍ രാത്രികളിലെന്നോ, സമാന്തര രേഖകളാണ് ഞങ്ങളെന്നറിയാമായിരുന്നിട്ടും അവന്‍ പറയുമായിരുന്നു: നക്ഷത്രങ്ങള്‍ കണ്ണു തുറന്നിരിക്കുന്ന ആകാശത്തിന്‍ ചുവട്ടില്‍ നമുക്കൊന്നിക്കണം.'' -മറവിക്ക് വിട്ടുകൊടുത്ത ഒരു കാലത്തെക്കുറിച്ചോര്‍ത്ത് പ്രിയ കൂട്ടുകാരി ഷെമി വിതുമ്പുന്നു. 

''ഗിരിയെന്നും കാല്പനിക ലോകത്തിലായിരുന്നു. കവിതയും യാത്രയും ഫോട്ടോഗ്രാഫിയും നിറഞ്ഞ ഒരു ലോകം. പെട്ടെന്ന് തീരുമാനിച്ചൊരു യാത്രയായിരുന്നു. രാവിലെ കാണുന്നത് ട്രക്കിംഗിന് പോവുന്നു, വന്നിട്ട് കാണാമെന്ന മെസേജ് . റെയ്ഞ്ചില്ലാത്ത സ്ഥലം. രാത്രി അറിയുന്നത് ഗിരി പോയെന്ന വാര്‍ത്തയാണ്.  കൂട്ടുകാരുടെ മുന്നില്‍, കാല്‍ വഴുതി  കൊക്കയിലേക്ക് വീഴുകയായിരുന്നു. ആരോടും  ഒന്നും പറയാതെ അവന്‍ നക്ഷത്രങ്ങള്‍ക്കിടയിലേക്ക് പറന്നു പോയി. അത്  ഉള്‍ക്കൊള്ളാനാവാതെ എത്രയോ രാത്രികളില്‍ ഞാനവന്റെ മൊബൈലിലേക്ക് വിളിച്ചിട്ടുണ്ട്. പെട്ടെന്ന് അവനില്ലല്ലോയെന്ന യാഥാര്‍ത്ഥ്യം മനസില്‍ തെളിയും. ആ നിമിഷങ്ങളില്‍ ഞാനനുഭവിച്ചിരുന്ന ശൂന്യത പറയാനാവില്ല. ഈ ലോകത്ത് വല്ലാതങ്ങ് ഒറ്റപ്പെട്ടുപോയി .കാലത്തിന് മായ്ക്കാനാവാത്ത മുറിവുകളില്ലെന്നല്ലേ. പക്ഷേ, ആ രാത്രി മാഞ്ഞു പോവുമോ?   നക്ഷത്രങ്ങള്‍ കണ്ണു തുറന്നിരിക്കുന്ന ആകാശത്തിന്‍ ചുവട്ടില്‍ എന്നാണിനി ഞങ്ങള്‍ക്ക് ഒന്നിക്കാനാവുക.''

സങ്കടങ്ങളുടെ ആകാശത്തുനിന്നും ഷെമി വീണ്ടും പെയ്യുന്നു. അന്നേരം, ഉറക്കം നഷ്ടപ്പെട്ട കുറേ രാത്രികള്‍ എന്റെ ഓര്‍മ്മയിലും മിന്നിമാഞ്ഞു. ഇനിയൊരിക്കലും അമ്മയെ ഒന്നു തൊടാനാവില്ലല്ലോ എന്നോര്‍ത്ത്, ഈ രാത്രി പുലരാതിരുന്നെങ്കിലെന്നു കൊതിച്ച ഒരു കൗമാരക്കാരി ഇപ്പോഴും എന്റെയുള്ളിലുണ്ട്. ഉറങ്ങാതെ കരഞ്ഞു തീര്‍ത്ത രാത്രികള്‍. 

 


മാഞ്ഞ രാവുകള്‍, മായാത്ത വരികള്‍

ഓര്‍ക്കാന്‍ കൊതിക്കുന്നതും മാഞ്ഞു പോവാനാഗ്രഹിക്കുന്നതുമായ എത്രയോ രാത്രികള്‍ നമ്മുടെയൊക്കെ ജീവിതത്തിലുമുണ്ട്.  എങ്കിലും, രാത്രികള്‍ക്ക് എപ്പോഴും പകലുകളേക്കാള്‍ വശ്യതയും മാസ്മരികതയുണ്ട്. 
'പഞ്ചാഗ്‌നി'യിലെ  ഇന്ദിരയുടെ (ഗീത) ജീവിതത്തിലെ രക്തക്കറ പുരണ്ട ആ രാത്രി ഒരു ഗാനത്തിലൂടെ മറക്കാന്‍ പ്രേരിപ്പിക്കുകയാണ്, ചിത്രത്തില്‍ ഇന്ദിരയുടെ പ്രിയ കൂട്ടുകാരിയായ ശാരദ (ചിത്ര). എം.ടി എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ ആ മലയാളചലച്ചിത്രത്തിന്റെ തുടിക്കുന്ന ആത്മാവാണ്, ആ ഗാനം. 

'ആ രാത്രി മാഞ്ഞുപോയി,
ആരക്തശോഭമാം 
ആയിരം കിനാക്കളും 
പോയിമറഞ്ഞു..
പാടാന്‍ മറന്നു പോയ
പാട്ടുകളല്ലോ നിന്‍
മാടത്ത മധുരമായ് പാടുന്നു...'

  
ഗൃഹാതുരത്വത്തിന്റെ നൊമ്പരവും പ്രതീക്ഷയുടെ മധുരവുമുണര്‍ത്തുന്ന ഒ എന്‍ വി യുടെ വരികള്‍ക്ക് കാവ്യഭംഗി ചോരാതെ ബോംബെ രവിയുടെ ഈണം. വരികളുടെ ആത്മാവിലൂടെ സഞ്ചരിച്ച  കെ എസ് ചിത്രയുടെ രാഗാത്മകമായ ആലാപനവും കൂടി ആയപ്പോള്‍ മൂന്ന് പതിറ്റാണ്ടിനിപ്പുറവും പാടാന്‍ മറന്നു പോയ പാട്ടുകള്‍ മധുരമായി പാടുന്നു, മാടത്ത.

'പഞ്ചാഗ്‌നി'യില്‍ ഗീത അഭിനയിച്ച ഇന്ദിരയുടെ ജീവിതം മാറ്റിമറിച്ചത് ഒരു രാത്രിയാണ്.  ആ രാവോര്‍മ്മയും വിപ്ലവ സ്വപ്നങ്ങളും ഒരു പാട്ടിലൂടെ മായ്ക്കുകയാണ് കവി. ശാരദയുടെ (ചിത്ര) പാട്ടു കേട്ടിരിക്കുന്ന ഇന്ദിരയുടെ (ഗീത) മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍.  ഗീതയെന്ന നടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉജ്വലമായ കഥാപാത്രമായിരുന്നു ഇന്ദിര. 

അവറാച്ചന്‍ കൊല്ലപ്പെട്ട കേസില്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ഇന്ദിര  പരോളിലിറങ്ങിയതാണ്. പതിനാലു ദിവസത്തെ പരോളുപോലും വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ട് ഇന്ദിരയ്ക്ക.  മാനസികരോഗാശുപത്രിയിലും ജയിലിലും അകപ്പെട്ടാല്‍ തിരിച്ചിറങ്ങാതിരിക്കുന്നതാണ് നല്ലത്. കൂടു നഷ്ടപ്പെട്ട കിളിയുടെ അവസ്ഥ വന്നേക്കും. 

പരോളില്‍ പുറത്തിറങ്ങിയ ഇന്ദിരയെ സ്‌നേഹത്തോടെ സ്വീകരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ശാരദ. തന്നെ കെട്ടിപ്പിടിച്ച ശാരദയോട് 'ശാരദയ്ക്കിപ്പോള്‍ എന്നെ കാണുമ്പോള്‍ ഭയം തോന്നുന്നുണ്ടോ?' എന്ന് ചോദിക്കുന്നുണ്ട് ഇന്ദിര. ഇന്ദിരയ്ക്കുള്ള  മറുപടിയാണ് ഒരു പാട്ടിലൂടെ മനോഹരമായി അവതരിപ്പിച്ചത്. 

'അത്ഭുത കഥകള്‍ തന്‍ ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം
പ്ലാവില പാത്രങ്ങളില്‍ പാവയ്ക്കു പാല്‍ കുറുക്കും
പൈതലായ് വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ ..'

ആരെന്ത് പറഞ്ഞാലും, എങ്ങനെയൊക്കെ മാറിയാലും  എനിക്ക് നീ, എന്റെയാ പഴയ കളിചങ്ങാതി തന്നെയാണ്. പ്ലാവില പാത്രങ്ങളില്‍ പാവയ്ക്ക് പാല്‍ കുറുക്കിയിരുന്ന ആ കുട്ടിക്കാലത്തിലേക്ക് ഇന്ദിരയുടെ മനസ്സ് കൊണ്ടുപോവുകയാണ് ശാരദ.  വിഷാദം ഘനീഭവിച്ച  ഇന്ദിരയുടെ കണ്ണുകളില്‍ മിന്നിമറയുന്ന ഭൂതകാലം, മനസില്‍ നോവ് പടര്‍ത്തും.

ടെലിവിഷന് മുന്നില്‍ പഞ്ചാഗ്‌നി കാണാന്‍ ശ്വാസമടക്കിയിരുന്ന ദിവസം. വീണ്ടും ഇന്ദിര പോലീസ് സ്റ്റേഷന്റെ പടവുകള്‍ കയറുമ്പോള്‍, ശാരദയുടെ വീട്ടിലേക്കവള്‍ പോവാതിരുന്നെങ്കിലെന്നാശിച്ച് നെഞ്ചിടിച്ചു. എത്രയോ നാള്‍  നോവായി കൊണ്ടു നടന്നു, ഇന്ദിരയും ഈ ഗാനവും. വിപ്ലവവും കാരാഗൃഹവാസവുമെല്ലാം മലക്കിമറിച്ച ഓര്‍മ്മകളില്‍ നിന്നും ഇന്ദിരയെ, ശാരദയുടെ പഴയ കളിക്കൂട്ടുകാരിയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് കവി ഓരോ വരികളിലൂടെയും.

'അപ്സരസ്സുകള്‍ താഴെ
ചിത്രശലഭങ്ങളായ്
പുഷ്പങ്ങള്‍ തേടിവരും കഥകള്‍ ചൊല്ലാം.
പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത
കേവലസ്നേഹമായ് നീ അരികില്‍ നില്‍ക്കൂ.'

കൂടപിറപ്പുകള്‍ പോലും സ്വാര്‍ത്ഥതയുടെ പേരില്‍ ഇന്ദിരയെ തള്ളിപ്പറയുമ്പോള്‍, പൂവിനെ പോലും നുള്ളി നോവിക്കാന്‍ അറിയാത്ത സ്‌നേഹത്തിന്റെ ഉടമയാണ് ശാരദയ്ക്ക് ഇന്ദിര. സൗഹൃദത്തിന്റെ ഏറ്റവും ദീപ്തമായ, ഗാഢമായ ഭാവം! ഈ ഒരൊറ്റ ഗാന രംഗത്തിലൂടെ, ഇന്ദിരയ്‌ക്കൊപ്പം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതാണ് ശാരദയേയും.

ഇന്ദിരയുടെ ജീവിതത്തിലെ ഇരുണ്ട ഒരേട് എത്ര മനോഹരമായാണ് ഏതാനും വരികളിലൂടെ കവി മായ്ക്കുന്നത്! 

ചില പാട്ടുകള്‍ മനസില്‍ ചേക്കേറുന്നത് വരികളോ, ആലാപനമോ, ഈണമോ കൊണ്ടു മാത്രമല്ല, ആ സിനിമാഗാനം ഉള്ളില്‍ കൊത്തിവെച്ച രംഗങ്ങള്‍ കൊണ്ടുകൂടിയാണ്. കെ എസ് ചിത്രയുടെ രാഗമധുരാലാപനത്തിനുമപ്പുറം ഈ പാട്ടുകേള്‍ക്കുമ്പോഴെല്ലാം മനസില്‍ തെളിയുന്നത്, നിസ്സംഗതയും വിഷാദവുംഘനീഭവിച്ച ഇന്ദിരയുടെ മിഴികളും, സ്‌നേഹം വഴിയുന്ന ശാരദയുടെ നയനങ്ങളുമാണ്. ചോരചിന്തിയ വഴികളും കാരാഗൃഹവാസവും പിന്നിട്ട, തന്റെ ശരികളെ എന്നും ചേര്‍ത്തുപിടിക്കുന്ന ഇന്ദിരയോടുള്ള ഇഷ്ടമല്ലാതെ, മറ്റെന്താണ് ഈ  ഗാനത്തോടുള്ള എന്റെ  പ്രിയം.

മനസില്‍ ഒരു തേങ്ങല്‍ അവശേഷിപ്പിച്ച് ഇന്ദിര പോലീസ് സ്റ്റേഷന്റെ പടവുകള്‍ കയറുമ്പോള്‍,   അവളെ വീണ്ടും ജയിലിലേക്ക് നയിക്കുന്ന ആ പകല്‍ കൂടി മാഞ്ഞു പോയെങ്കിലെന്ന് റഷീദിനെ (മോഹന്‍ലാല്‍) പോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, അവളുടെ വിപ്ലവ സ്വപ്നങ്ങള്‍ മായ്ക്കാന്‍ ആര്‍ക്കുമാവില്ല. അവള്‍ തന്നെ പറയുന്നുണ്ടല്ലോ, 'എനിക്ക് എന്നില്‍ നിന്ന് ഒളിച്ചോടാനാവില്ല' എന്ന്.

 

 

കാതിലാരോ വന്നു മൊഴിയുന്ന മൃദുമന്ത്രണം...

ചില പാട്ടുകള്‍ വീണ്ടും നമ്മെ സിനിമയിലേക്ക് വലിച്ചിടും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പഞ്ചാഗ്നി കാണുമ്പോള്‍ ഇന്ദിരയെക്കാള്‍ ഒരു നോവായി മാറുന്നത് റഷീദാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി.  സമയം പന്ത്രണ്ട് ആയതറിഞ്ഞില്ല. ക്ലോക്കിലെ സൂചികള്‍ പിരിയാനായി മാത്രം നൈമിഷികമായി ഒന്നായിരിക്കുന്നു. പിരിയുമ്പോഴും വീണ്ടുമൊരു ഒത്തുചേരലുണ്ടെന്ന പ്രതീക്ഷ നിറയ്ക്കുന്ന ദൃശ്യം.  അരണ്ട നിലാവുള്ള ആ രാത്രി, പെരുമ്പടവത്തിന്റെ  ദസ്തയോവസ്‌കിയെ ഓര്‍മ്മിപ്പിക്കുന്നു.

'ഒറ്റയ്ക്കു നടക്കുകയാണ് ദസ്തയോവസ്‌കി. പരാജിതനായാണ് നടന്നതെങ്കിലും ആ രാത്രിയുടെ ഭംഗി ദസ്തയോവസ്‌കിയെ ആകര്‍ഷിച്ചു. നേവാ നദിയുടെ തീരങ്ങളിലെ ഒരു രാത്രി ദസ്തയോവസ്‌കിക്ക് ഓര്‍മ്മ വന്നു. ആ രാത്രിയില്‍ ആരായിരുന്നു തന്റെ കൂടെ ഉണ്ടായിരുന്നത്?  ആരാത്രിയുടെ ഓര്‍മ്മ ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നതെന്തുകൊണ്ട്? നേര്‍ത്ത  മഞ്ഞും നിലാവും പെയ്യുന്ന ആ  രാത്രിയിലൂടെ നടക്കുമ്പോള്‍ മറ്റൊരു സംശയം ദസ്തയോവസ്‌ക്കിക്കുണ്ടായി. മനുഷ്യര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ രാത്രിക്കിത്ര ഭംഗിയെന്തിന്?'

എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഉണര്‍ന്നിരുന്ന് രാത്രിയുടെ ഭംഗി ആസ്വദിക്കുന്നത് ഈയിടെ ഒരു ശീലമായിരിക്കുന്നു. നിലാവ് പെയ്യുന്ന രാത്രി. നക്ഷത്രജാലങ്ങള്‍ക്കിടയില്‍ നിന്നും കണ്‍ചിമ്മുന്ന ഒരൊറ്റത്താരകം. ഷെമിയുടെ ഗിരിയാവുമോ അത്? ഓര്‍മ്മകളില്‍ നഷ്ടപ്പെടുന്നതിനിടെ, അടുത്ത വീട്ടില്‍നിന്നും ഒഴുകിയെത്തുന്നു ഒരു പാട്ട്. കാതിലാരോ വന്നു മൊഴിയുന്നു, ആ മൃദുമന്ത്രണം...

'ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ...'

പിന്നിട്ട വഴികളില്‍ നഷ്ടമായ പ്രണയവും, കൗമാരവും , സൗഹൃദവുമൊക്കെ ലിച്ചൊന്നായി മാറിയ ഗിരീഷ് പുത്തഞ്ചേരിയുടെ ഉള്ളുതൊടും വരികള്‍. മഴ ചാറിത്തുടങ്ങിയിരിക്കുന്നു. ഇരുട്ടും മഴയും ചേര്‍ന്നൊഴുകുന്ന നേരം. ഇടയിലിഴയുന്ന ഹൃദയസ്പര്‍ശിയായ വരികളും. വല്ലാത്ത കോമ്പിനേഷന്‍. 

നഷ്ടമാവുമെന്നുറപ്പായ ഉറക്കത്തിനായി കണ്ണടച്ച് കിടക്കുമ്പോള്‍ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഡെന്നിസും (സുരേഷ് ഗോപി) ആമിയും (മഞ്ജു വാരിയര്‍) വെള്ളിത്തിരയിലെന്നപോലെ മനസില്‍ തെളിയുന്നു. ആമിയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു. 

എത്രയോ തവണ നിന്നോട്  ഞാനും ഇത് പറയാനാഗ്രഹിച്ചിട്ടുണ്ട്. 

'നിരഞ്ജനെ (മോഹന്‍ലാല്‍) ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഡെന്നിസ്, നിങ്ങളെ മാത്രമേ ഞാന്‍ സ്‌നേഹിക്കുമായിരുന്നുള്ളൂ. അത്രയ്ക്ക് നല്ലവനാണ് നിങ്ങള്‍...' 


Also Read : 'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

Follow Us:
Download App:
  • android
  • ios