'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

ചില പാട്ടുകളുണ്ട്... ഉയിരിന്റെ നേർത്ത പ്രതലത്തിൽ തട്ടി സുഖമനുഭവിപ്പിക്കുന്ന ജീവന്റെ തുടിപ്പുള്ള നനുത്ത പാട്ടുകള്‍. ആ ഈണങ്ങളില്‍, വരികളില്‍ ചിരിപ്പിക്കാനും കരയിപ്പിക്കാനും സ്വപ്നം കാണാനും പ്രണയിക്കാനും കഴിവുള്ള കടലിന്‍റെ ഇരമ്പുന്ന ശബ്ദം കേൾക്കാം. കടല് നമ്മളില്‍ ലയിച്ചു ചേരുമ്പോള്‍ പാട്ടുകൾക്കുള്ളിൽ പെട്ട് നാം യാഥാർഥ്യങ്ങള്‍ക്കുമപ്പുറം സഞ്ചരിക്കുന്നു. അത്യുന്നതങ്ങൾ കീഴടക്കുന്നു.

എവിടെയൊക്കെയോ വെച്ച് ഞാൻ മാറ്റാരൊക്കെയോ ആയിത്തീരുന്നു

രാത്രികളില്‍ സ്ഥിരമായി ഷഹബാസ് അമാന്റെ മായാനദിയില് ഒഴുകികൊണ്ടിരിക്കുന്ന ഞാൻ! അനന്തമായ ഒഴുക്കാണ്, മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞ്. ആ നിലയ്ക്കാത്ത ശാന്തമായ ഒഴുക്കില്‍ ആരെയൊക്കെയോ കണ്ടുമുട്ടുന്നു. ഓർമകളുടെ കെട്ടഴിച്ച് പലതും മനസിന്റെ ഒഴിഞ്ഞിടങ്ങളിലേക്ക് സമ്മതം കൂടാതെ കടന്നുവരുന്നു. ഇന്നലകളിലേക്ക് കൊളുത്തിട്ടു വലിക്കുന്ന അവയെല്ലാം നോവിന്റെ ചൂടിൽ തട്ടി മരിക്കുന്നു. 

സ്വപ്നങ്ങളത്രയും തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഞാനെന്ന തോന്നലിനൊപ്പം ഒഴുകികൊണ്ടിരിക്കുകയാണ്. ചിന്തകൾ മുളച്ചു പൊന്തുന്ന നദിയുടെ വേരുകളിൽ ഞാൻ ലയിച്ചില്ലാതെയാവുകയാണ്. എവിടെയൊക്കെയോ വെച്ച് ഞാൻ മാറ്റാരൊക്കെയോ ആയിത്തീരുന്നു. ആനന്ദത്തിന്റെ, ആത്മാനുഭൂതിയുടെ ആകാശത്ത് ദിശയറിയാതെ ആർത്തുപെയ്യുന്നു. എന്ത് മാജിക്കാണ് ഇവിടെ സംഭവിക്കുന്നത്?

എത്ര കേട്ടാലും  ബോറടിപ്പിക്കാതെ എന്നെ ഒഴുകാൻ പ്രേരിപ്പിക്കുന്ന ഉയിരിന്റെ നദി

ഹര്‍ഷമായ്... വർഷമായ്... മറ്റൊരു ഉന്മാദത്തിലേക്ക് മനസിനെ ഷഹബാസ് അമൻ നിമിഷാർദ്ധം കൊണ്ടെത്തിക്കുന്നു. ഇവിടം സുഖമുള്ള നോവിന്റെ, പ്രതീക്ഷയുടെ ലഹരികഴിച്ച സംതൃപ്‌തിയാണ്.

പാതിയടഞ്ഞ മിഴികളിൽ നിന്നുപോലും ഈ ഈണം മായാനദിയായ പ്രവഹിച്ച് മറ്റെവിടെയൊക്കെയോ കൊണ്ടിടുന്നു. എന്റെ നിദ്രയുടെ കാവലായി മാറി മത്തുപിടിപ്പിക്കുന്നു. എത്ര കേട്ടാലും  ബോറടിപ്പിക്കാതെ എന്നെ ഒഴുകാൻ പ്രേരിപ്പിക്കുന്ന ഉയിരിന്റെ നദി. വീണ്ടും വീണ്ടും പ്രണയാർദ്രമായി കരളിന്റെ ഞരമ്പുകളിലൂടെ മായാനദി ഒഴുകിക്കൊണ്ടിരിക്കുകയാണ് അറ്റമില്ലാതെ, അനന്തമായി മിഴിയിൽ നിന്നും മിഴിയിലേക്ക്.

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം