Asianet News MalayalamAsianet News Malayalam

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ...

അത്രമേൽ ഭാവാർദ്രമായി അദ്ദേഹമാലപിച്ച 'ഇരുളിൻ മഹാനിദ്രയിൽ' എന്ന ഗാനത്തോളം ഞാനൊരു പാട്ടുമിന്നോളം കേട്ടിട്ടില്ല. രഘുവരൻ അഭിനയിച്ചനശ്വരമാക്കിയ രംഗങ്ങൾ മനോഹരമെങ്കിലും രംഗത്തേക്കാൾ വരികളെ ഉള്ളിലേക്കാവാഹിക്കാൻ ഇഷ്ട്ടപ്പെടുന്നതിനാൽ കണ്ണടച്ച് കേൾക്കാറായിരുന്നു പതിവ്. അവളെന്നേ അടർന്ന് മറ്റൊരു സ്വർഗത്തിൽ ചേക്കേറിയെങ്കിലും അടരുവാൻ വയ്യെന്ന് ഏറെനാൾ ഞാൻ പാടിനടന്നിരുന്നു. 

my beloved song ajmal n k
Author
Thiruvananthapuram, First Published Feb 15, 2019, 5:05 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved song ajmal n k

വിരഹഗാനങ്ങളെ മാത്രം ചെവിയോടുചേർത്ത നാളുകൾ ഏതാണ്ടെല്ലാവരിലുമുണ്ടാവും തീർച്ച! മൂന്ന് വർഷത്തെ പരിപാവന പ്രണയത്തിനൊടുവിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പിരിയേണ്ടി വന്നപ്പോൾ എന്റെ കാതിലും അവ ഇടമുറിയാതെ മുഴങ്ങിക്കൊണ്ടേയിരുന്നു. പാബ്ലോ നെരൂദയുടെ  'tonight i can write the saddest lines' മുതൽ ചുള്ളിക്കാടിന്റെ 'ആനന്ദധാര' വരെ രാത്രികളിലെനിക്ക് കൂട്ടിരുന്നു.

പിന്നീടുറങ്ങുംവരെ പാട്ടിന്റെ പിന്നാലെയാണ്

ഡിഗ്രി പഠനശേഷമുള്ള ഇടവേളയിലാണ് വിരഹം വരിഞ്ഞുമുറുക്കിയത്. അന്ന്, ചെന്നൈ നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. പകലൊക്കെയും ജോലിത്തിരക്കുകളിൽ ഞാൻ താനേ അലിയും. ഓർമകളെ അവള്‍ അപ്പോളത്ര ശല്യം ചെയ്യാറില്ല.. രാവായാൽ, കുളികഴിഞ്ഞ് കിടക്കയിലേക്കങ്ങ് വീണാൽ.. വരികയായി വേദന. പിന്നീടുറങ്ങുംവരെ പാട്ടിന്റെ പിന്നാലെയാണ്. അവയിലേറ്റം പ്രിയപ്പെട്ടതേതെന്ന് ചോദിച്ചാൽ നിസ്സംശയം മധുസൂദനൻ നായർ മനസിലേക്കോടിയെത്തും. 

അത്രമേൽ ഭാവാർദ്രമായി അദ്ദേഹമാലപിച്ച 'ഇരുളിൻ മഹാനിദ്രയിൽ' എന്ന ഗാനത്തോളം ഞാനൊരു പാട്ടുമിന്നോളം കേട്ടിട്ടില്ല. രഘുവരൻ അഭിനയിച്ചനശ്വരമാക്കിയ രംഗങ്ങൾ മനോഹരമെങ്കിലും രംഗത്തേക്കാൾ വരികളെ ഉള്ളിലേക്കാവാഹിക്കാൻ ഇഷ്ട്ടപ്പെടുന്നതിനാൽ കണ്ണടച്ച് കേൾക്കാറായിരുന്നു പതിവ്. അവളെന്നേ അടർന്ന് മറ്റൊരു സ്വർഗത്തിൽ ചേക്കേറിയെങ്കിലും അടരുവാൻ വയ്യെന്ന് ഏറെനാൾ ഞാൻ പാടിനടന്നിരുന്നു. 

ജീവൻ മറ്റൊരുവൾക്കായി പകുത്തെങ്കിലും, ആ പാട്ടിന്നും ഇടയ്‌ക്കൊന്ന് കേൾക്കാറുണ്ട്

പുതിയ കൂട്ടിലവൾ താമസം തുടങ്ങിയെങ്കിലും എന്റെ ചിറകുകൾക്കവളേകിയ ആകാശത്തെ കുറിച്ച് ഞാനോർക്കാറുണ്ടായിരുന്നു. കാലമേറെയായെങ്കിലും, ജീവൻ മറ്റൊരുവൾക്കായി പകുത്തെങ്കിലും, ആ പാട്ടിന്നും ഇടയ്‌ക്കൊന്ന് കേൾക്കാറുണ്ട്.. പ്രണയത്തിൽ ചാലിച്ചെഴുതിയ ആ വരികൾക്ക് ഇന്നുമെൻ കൺകളെ ഈറനനണിയിക്കാൻ അനായാസം കഴിയുന്നുവല്ലോ എന്നോർത്ത് അത്ഭുതപ്പെടാറുണ്ട്..

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

Follow Us:
Download App:
  • android
  • ios