
ഒരു ജോലിയും മോശമല്ലെന്നും ഏതൊരു ജോലിക്കും അതിന്‍റെതായ അന്തസ്സുണ്ടെന്നും സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ചൈനയിൽ നിന്നുള്ള ഉന്നത ബിരുദധാരിയായ യുവാവ്. പിഎച്ച്ഡിയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും നേടിയിട്ടുള്ള ഈ യുവാവ് ചൈനയിലെ ഒരു ഫുഡ് ഡെലിവറി കമ്പനിയിലെ ഡെലിവറി ഏജൻറായാണ് ജോലി ചെയ്യുന്നത് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 39 -കാരനായ ഡിംഗ് യുവാൻ ആണ് ഇത്തരത്തിലൊരു വേറിട്ട മാതൃകയാകുന്നത്.
ആരും അമ്പരന്ന് പോകുന്നതാണ് ഡിംഗ് യുവാന്‍റെ വിദ്യാഭ്യാസ യോഗ്യത. ചൈനയിലെ മികച്ച സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം. പീക്കിംഗ് സർവകലാശാലയിൽ നിന്ന് എനർജി എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം. നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജിയിൽ പിഎച്ച്ഡിയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോഡൈവേഴ്സിറ്റിയിൽ ബിരുദവും ഇദ്ദേഹം നേടിയിട്ടുണ്ട്.
വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയെങ്കിലും തൊഴിൽ വിപണിയിൽ ഡിംഗ് കാര്യമായ വെല്ലുവിളികൾ നേരിട്ടു, നിരവധി റെസ്യൂമെകൾ അയയ്ക്കുകയും പത്തിലധികം അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടും അനുയോജ്യമായ ജോലി ലഭിച്ചില്ല. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായി ജോലി ചെയ്തെങ്കിലും അനുയോജ്യമായ ജോലി കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകൾ കാരണം ഒടുവിൽ ഒരു ഫുഡ് ഡെലിവറി ഏജന്‍റായി മാറുകയായിരുന്നു.
താൻ ചെയ്യുന്ന ജോലിയിൽ തനിക്ക് അഭിമാനമുണ്ടെന്നും കുടുംബത്തെ സന്തോഷമായി സംരക്ഷിക്കാനുള്ള വരുമാനം ഈ ജോലിയിൽ ഒന്നും കണ്ടെത്താൻ കഴിയുന്നുണ്ടെന്നുമാണ് ഡിംഗ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. കഠിനാധ്വാനം ചെയ്താൽ മാന്യമായി ജീവിക്കാനുള്ള നിരവധി സാധ്യതകൾ നമുക്ക് ചുറ്റുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിംഗിന്‍റെ കുറിപ്പ് ഇപ്പോൾ ചൈനയിലെ സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിദ്യാഭ്യാസ നേട്ടങ്ങൾ പരിഗണിക്കാതെ അന്തസ്സായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നിരവധി തൊഴിൽ സാധ്യതകൾ നമുക്ക് മുൻപിലുണ്ടെന്നാണ് ഡിംഗിന്‍റെ അഭിപ്രായം. ദുരഭിമാനവും നിരാശയും ജീവിതത്തെ തകർത്തു കളയുക മാത്രമേ ചെയ്യുകയുള്ളൂവെന്നും ഡിംഗ് കൂട്ടിച്ചേര്‍ക്കുന്നു.