ക്ലാസിൽ സംസാരിച്ചു, 4 വയസുകാരിയുടെ ചുണ്ടുകൾ ഗ്ലൂ ഗൺ തേച്ച് പൊള്ളിച്ച് അധ്യാപിക, പിന്നാലെ അറസ്റ്റ്

Published : Jun 06, 2026, 02:21 PM IST
Teacher burns little girl's lips with glue gun

Synopsis

ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ, ക്ലാസിൽ സംസാരിച്ചതിന് നാല് വയസ്സുകാരിയുടെ ചുണ്ടിൽ അധ്യാപിക ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് പൊള്ളിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, കുട്ടിക്ക് സ്വയം പരിക്ക് പറ്റിയതാണെന്ന അധ്യാപികയുടെ വാദം തെറ്റാണെന്ന് തെളിയുകയും അവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

 

ചൈനയിൽ ക്ലാസിൽ സംസാരിച്ചതിന് നാല് വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് രണ്ട് തവണ പൊള്ളിച്ച അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലെ (Jiangsu) ഫെങ്‌സിയാൻ (Fengxian) കൗണ്ടിയിലുള്ള ഒരു നഴ്സറി സ്കൂളിൽ മെയ് 27 -ാം തീയതി രാവിലെയാണ് ഈ ക്രൂരത അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊച്ച് കുട്ടികൾക്ക് നേരെ ഗ്ലൂ ഗൺ പ്രയോഗം

ക്ലാസ് നടക്കുമ്പോൾ കുട്ടികൾ സംസാരിച്ചതിൽ പ്രകോപിതയായ ചെൻ എന്ന അധ്യാപിക, കുട്ടികളെ ശിക്ഷിക്കാനായി ഓരോരുത്തരെയായി വരിയായി നിർത്തുന്നത് ക്ലാസ് റൂമിലെ സിസിടിവി (CCTV) ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം ഒരു ആൺകുട്ടിയുടെ കൈവെള്ളയിൽ അധ്യാപിക ഗ്ലൂ ഗൺ വെച്ച് തൊട്ടു. കുട്ടി പെട്ടെന്ന് തന്നെ കൈ പിൻവലിച്ചെങ്കിലും അധ്യാപിക അവനെ അടിക്കുകയും പിന്നീട് പോകാൻ അനുവദിക്കുകയും ചെയ്തു. തുടർന്നാണ് നാല് വയസ്സുകാരിയായ പെൺകുട്ടിയെ അധ്യാപിക മുന്നോട്ട് വലിച്ചിഴച്ച് കൊണ്ടുവന്നത്. കുട്ടി കുതറി മാറാൻ ശ്രമിച്ചെങ്കിലും അധ്യാപിക ഗ്ലൂ ഗൺ ഉപയോഗിച്ച് കുട്ടിയുടെ മുകൾ ചുണ്ടിൽ രണ്ട് തവണ ക്രൂരമായി പൊള്ളിക്കുകയായിരുന്നു. ഈ സമയത്ത് ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റൊരു പുരുഷ അധ്യാപകൻ ഇത് കണ്ടിട്ടും ഇടപെടാനോ കുട്ടിയെ രക്ഷിക്കാനോ ശ്രമിക്കുന്നില്ലെന്നും ദൃശ്യങ്ങളിൽ കാണാം.

എന്തിനീ ക്രൂരത?

അന്ന് വൈകുന്നേരത്തോടെ കുട്ടിയുടെ ചുണ്ടിൽ വലിയ കുമിളകൾ വരികയും, പിന്നീട് അതിൽ നിന്ന് പഴുപ്പ് വരാൻ തുടങ്ങുകയും ചെയ്തു. വേദന സഹിക്കാനാവാതെ കുട്ടി കരഞ്ഞതോടെയാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. "ഞങ്ങൾ പോലീസിനൊപ്പമാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടത്. ആ രംഗം കണ്ടപ്പോൾ എന്‍റെ നെഞ്ച് തകർന്നുപോയി," കുട്ടിയുടെ അമ്മയായ ഷൗ പറയുന്നു. "ഒരു നാല് വയസ്സുകാരി എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. എന്‍റെ മകളോട് അവർ എന്തിനാണ് ഇത്രയും ക്രൂരത കാണിച്ചത്?" അമ്മ കണ്ണീരോടെ ചോദിക്കുന്നു.

കള്ളം പറഞ്ഞ് അധ്യാപിക

കുട്ടിക്ക് പരിക്കേറ്റതിനെക്കുറിച്ച് അധ്യാപിക ആദ്യം പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തെളിഞ്ഞു. കുട്ടി സ്വയം വരുത്തിവെച്ച പരിക്കാണെന്നാണ് അധ്യാപിക ആദ്യം മാതാപിതാക്കളോട് പറഞ്ഞിരുന്നത്. പിന്നീട്, അബദ്ധത്തിൽ പറ്റിയതാണെന്ന് പറഞ്ഞ് അവർ തിരുത്തി. ക്ലാസ് റൂം അലങ്കരിക്കാനുള്ള ക്രാഫ്റ്റ് ജോലികൾക്കായി കൊണ്ടുവന്നതായിരുന്നു ഈ ഗ്ലൂ ഗൺ. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ക്ലാസിലെ മറ്റ് കുട്ടികൾക്ക് മാനസിക പിന്തുണ നൽകാൻ കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ടെന്നും, അധ്യാപകരുടെ ധാർമ്മികത ഉറപ്പുവരുത്താൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കുട്ടികൾക്കെതിരെ തുടരുന്ന ക്രൂരത

‌ചൈനയിൽ കുട്ടികൾക്ക് നേരെയുള്ള ഇത്തരം ക്രൂരതകൾ മുൻപും വാർത്തയായിട്ടുണ്ട്. 2024-ൽ ജിയാങ്സി (Jiangxi) പ്രവിശ്യയിൽ നാല് വയസ്സുകാരനെ ക്രൂരമായി മർദ്ദിക്കുകയും ഇരുട്ടുമുറിയിൽ അടച്ചിടുകയും ചെയ്ത കേസിൽ മൂന്ന് അധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം ലിയാവോണിംഗ് പ്രവിശ്യയിൽ പെൺകുട്ടിയെ നിരന്തരം മർദ്ദിക്കുകയും തലമുടിയിൽ പിടിച്ച് ചുവരിലിടിപ്പിക്കുകയും ചെയ്ത മറ്റൊരു നഴ്സറി അധ്യാപികയ്ക്ക് കോടതി രണ്ട് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ പേയ്‌മെന്‍റിലെ അബദ്ധം; അക്കൗണ്ടിലെത്തിയ 15,682 രൂപ തിരികെ നൽകി ഓട്ടോ ഡ്രൈവർ! കുറിപ്പ് വൈറൽ
ഇന്ത്യൻ യാത്രക്കാർ 'കുരങ്ങൻ കൂട്ട'മെന്ന് അധിക്ഷേപം, 'പോയി ലോകം കാണാൻ' നെറ്റിസെൺസിന്‍റെ നിർദ്ദേശം