
അവധി ദിനങ്ങളിൽ ഉത്സവങ്ങൾക്കും മേളകൾക്കും പോകുന്നത് നമ്മുടെ പതിവാണ്. രസകരമായി സമയം ചിലവഴിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും ഇത്തരം ഫെസ്റ്റിവൽ കേന്ദ്രങ്ങളിൽ നിരവധി റൈഡുകൾ സജ്ജമാക്കിയിട്ടുണ്ടാകും. ഇതിൽ മുതിർന്നവരുടെ ഉൾപ്പെടെ പ്രധാന ആകർഷണമായി മാറുന്നത് പലപ്പോഴും റോളർകോസ്റ്റർ ആണ്.
പലപ്പോഴും ഇത്തരം റോളർകോസ്റ്ററുകൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. അത്തരത്തിൽ ഭയാനകമായ ഒരു അപകടത്തിനാണ് അമേരിക്കയിലെ വിസ്കോൺസിൻ ഫെസ്റ്റിവലിൽ ഒരു കൂട്ടം ആളുകൾ ഇരയായത്. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യന്ത്രത്തകരാർ മൂലം എട്ടു പേർ ആണ് ഇവിടെ റോളർകോസ്റ്ററിൽ കുടുങ്ങിപ്പോയത്. മൂന്നു മണിക്കൂറിൽ അധികം തലകീഴായി തൂങ്ങിക്കിടന്ന ഇവരെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്താൻ ആയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കടിച്ചതുമില്ല, പിടിച്ചതുമില്ല; വൈറലായി പുള്ളിപ്പുലിയുടെ വേട്ടയാടൽ
അപകടത്തിൽ പെട്ടുപോയ എട്ടുപേരിൽ ഏഴുപേരും കുട്ടികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യന്ത്രത്തകരാർ പരിഹരിക്കാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ രക്ഷാപ്രവർത്തകരുടെ സഹായത്തോടെയാണ് ഇവരെ താഴെയിറക്കിയത്. റോളർ കോസ്റ്റർ കുത്തനെ മുകളിൽ എത്തിയപ്പോഴാണ് യന്ത്രത്തിന് തകരാറു സംഭവിക്കുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തത്. ഇതോടെ ഇതിൽ ഉണ്ടായിരുന്ന ആളുകൾ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാവുകയായിരുന്നു.
തലകീഴായി കിടക്കുന്നതുകൊണ്ടുതന്നെ പലർക്കും ഒന്ന് ഒന്നനങ്ങാൻ പോലും സാധിക്കുമായിരുന്നില്ല. ഒടുവിൽ മണിക്കൂറുകൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിൽ സ്ഥലത്തെത്തിയ റെസ്ക്യൂ ടീം അംഗങ്ങൾ റൈഡിനു മുകളിൽ കയറിയാണ് ആളുകളെ ഓരോരുത്തരെയായി താഴെ ഇറക്കിയത്. ഭയം നിമിത്തം എല്ലാവരും പരിഭ്രാന്തരായെങ്കിലും മറ്റു പരിക്കുകൾ ഒന്നും ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നത്.