
ലോകത്തിലെ ഏറ്റവും ക്രൂരമായ ജയിലുകളില്‍ ഒന്നായി പേരെടുത്ത ജയിലാണ് ഗ്വാണ്ടനാമോ ജയില്‍. സിറിയ. ഇറാഖ്, അഫ്ഗാന്‍ തുടങ്ങിയ യുദ്ധമുഖങ്ങളില്‍ നിന്നും പിടികൂടുന്ന തടവുകാരെയാണ് അമേരിക്കന്‍ അധീനതയിലുള്ള ഈ ജയിലില്‍ പ്രധാനമായും പ്രര്‍പ്പിച്ചിരുന്നത്. ക്രൂരമായ ചോദ്യം ചെയ്യല്‍ രീതികള്‍ നിലനില്‍ക്കുന്ന ജയിലുകളിലൊന്നായാണ് ഇത് അറിയപ്പെടുന്നതും. ഗ്വാണ്ടനാമോ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. 2001 സെപ്‌റ്റംബർ 11-ന് അമേരിക്കയ്‌ക്കെതിരായ അൽ-ഖ്വയ്‌ദ ആക്രമണത്തിന് ശേഷം യുഎസ് നടത്തിയ തീവ്രവാദ നേട്ടയില്‍ പിടികൂടുന്ന തീവ്രവാദികളെ പാര്‍പ്പിക്കുന്നതിനായി ക്യൂബയിലെ ഒരു യുഎസ് നാവിക താവളത്തിൽ ജോർജ് ഡബ്ല്യു. ബുഷ് ഭരണകൂടം പണിതതാണ് ഈ ജയില്‍.
20 വര്‍ഷത്തോളം ഗ്വാണ്ടനാമോ ജയില്‍ തടവില്‍ക്കഴിഞ്ഞ രണ്ട് പാകിസ്ഥാന്‍ സഹോദരങ്ങളെ ജയില്‍ മോചിതരാക്കിയതോടൊയാണ് ഗ്വാണ്ടനാമോ വീണ്ടും വാര്‍ത്താ പ്രാധാന്യം നേടിയത്. കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന ജയില്‍ എന്ന വിശേഷണമുള്ള ഈ ജയില്‍ നിന്നും പുറത്തിറങ്ങുന്ന രണ്ട് പേര്‍ക്കുമെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നതാണ് വാര്‍ത്താ പ്രാധാന്യത്തിന്‍റെ കാരണം. ക്രൂരതയ്ക്ക് പര്യായമായ ഗ്വാണ്ടനാമോ അടച്ച് പൂട്ടാന്‍ യുഎസ്എ നീക്കം നടത്തുന്നതിന്‍റെ ഭാഗമായാണ് ഈ സഹോദരങ്ങളെ ഇപ്പോള്‍ വെറുതെ വിട്ടയക്കുന്നതും.
2002 ല്‍ കറാച്ചിയില്‍ വച്ചാണ് അബ്ദുള്‍, മുഹമ്മദ് റബ്ബാനി എന്നീ സഹോദരങ്ങളെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ പാകിസ്ഥാന്‍ യുഎസിന് കൈമാറി. സഹോദരങ്ങള്‍ അല്‍ ഖ്വയ്ദ അംഗങ്ങള്‍ക്ക് പാര്‍പ്പിടവും മറ്റ് സൌകര്യങ്ങളും ഒരുക്കിക്കൊടുത്തുവെന്നായിരുന്നു യുഎസിന്‍റെ ആരോപണം. ഗ്വാണ്ടനാമോയിലേക്ക് മാറ്റുന്നതിന് മുമ്പ് സിഐഎ കസ്റ്റഡിയിലിരിക്കെ തന്നെ പീഡനത്തിനിരയായെന്ന് ഇരുവരും ആരോപിച്ചു. എന്നാല്‍, അത്തരം വിവരങ്ങളെല്ലാം തന്നെ യുഎസ് മറച്ച് വയ്കക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറുന്നു. മാത്രമല്ല, 20 വര്‍ഷം തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട ഇരുവരെയും തിരികെ കൊണ്ടുവരുന്നതിന് പാകിസ്ഥാനുമായി ഉണ്ടാക്കിയ ഉടമ്പടികള്‍ എന്തൊക്കെയാണെന്നും പുറത്ത് വിട്ടിട്ടില്ല. പകരം ഗ്വാണ്ടനാമോ ബേ അടച്ച് പൂട്ടുന്നതിനുള്ള യുഎസ് ശ്രമങ്ങളെ പിന്തുണയ്ക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാറിന്‍റെ സന്നദ്ധതയെ യുഎസ് പ്രതിരോധ വകുപ്പ് അഭിനന്ദിച്ചു.
കൂടുതല്‍ വായിക്കാന്‍: 800 വര്‍ഷം പഴക്കമുള്ള നിധി ശേഖരം കണ്ടെത്തി; ലഭിച്ച സ്വര്‍ണ്ണനാണയങ്ങളില്‍ ഇസ്ലാമിക സ്വാധീനം
2003 ല്‍ ഗ്വാണ്ടനാമോ ബേയില്‍ ഉണ്ടായിരുന്ന 600 തടവ് പുള്ളികളും തീവ്രവാദികളാണെന്നായിരുന്നു അമേരിക്കയുടെ വാദം. എന്നാല്‍, വിചാരണയോ തടവ് പുള്ളികള്‍ക്കുള്ള പരിരക്ഷകളോ ഇല്ലാതെ തടവുപുള്ളികളെ പാര്‍പ്പിച്ചത് യുഎസിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. നിലവില്‍ 32 തടവുകാരാണ് ഇവിടെയുള്ളത്. ഇവരുടെ രാജ്യങ്ങള്‍ തയ്യാറാണെങ്കില്‍ അവശേഷിക്കുന്നവരെയും തിരിച്ചയക്കാന്‍ സന്നദ്ധത യുഎസ് പ്രകടിപ്പിച്ചു. അവശേഷിക്കുന്ന തടവുകാരില്‍ പലരും യമന്‍കാരാണ്. കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടവരെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിന് യമനുമായി കരാറില്ലാത്തത് ഇവരുടെ മോചനം വൈകിപ്പിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്: യുദ്ധം; പിന്മാറാതെ റഷ്യയും യുക്രൈനും, ദുരിതമൊഴിയാതെ ജനതയും