Asianet News MalayalamAsianet News Malayalam

യുദ്ധം; പിന്മാറാതെ റഷ്യയും യുക്രൈനും, ദുരിതമൊഴിയാതെ ജനതയും

 പ്രസിഡന്‍റിന് ഒപ്പം ജനങ്ങള്‍ ഉറച്ച് നിന്നതോടെ യുക്രൈന്‍റെ മണ്ണില്‍ നിന്ന് ഒരിഞ്ച് പോലും സ്വന്തമാക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞില്ല. ഇതോടൊപ്പം യൂറോപ്പില്‍ നിന്ന് ജനങ്ങള്‍  ക്രൌഡ് ഫണ്ടിങ്ങിലൂടെ പണം പിരിച്ച് യുക്രൈന് ആയുധങ്ങള്‍ വാങ്ങി നല്‍കുന്ന കാഴ്ചയും ലോകം കണ്ടു. 

One year of russia ukraine war Russia and Ukraine are still not withdrawing it bkg
Author
First Published Feb 24, 2023, 12:55 PM IST


ണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധമാണ്, ഇപ്പോഴും നടക്കുന്ന റഷ്യാ യുക്രൈന്‍ യുദ്ധം. കൃത്യമായി പറഞ്ഞാല്‍ 2022 ഫെബ്രുവരി 24-ാം തിയതി പുലര്‍ച്ചെ ആരംഭിച്ച് 2023 ഫെബ്രുവരി 24 നും തുടരുന്ന, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രത്യേക സൈനിക നടപടി. 2014 ല്‍ ക്രിമിയ പിടിച്ചടക്കിയതിന് ശേഷം റഷ്യന്‍ നടത്തുന്ന രണ്ടാമത്തെ യുക്രൈന്‍ അധിനിവേശമായിരുന്നു 2023 ഫെബ്രുവരിയിലേത്. റഷ്യയുടെ സാമ്രാജ്യത്വ മോഹമാണ് യുദ്ധത്തിന്‍റെ അടിസ്ഥാന കാരണമെന്ന് യൂറോപ്പ് ആരോപിച്ചപ്പോള്‍, യുഎസ്എയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിലേക്കുള്ള യുക്രൈന്‍റെ ചായ്‍വാണ് പ്രത്യേക സൈനിക നടപടിക്ക് കാരണമെന്ന് റഷ്യയും വാദിക്കുന്നു. 

അവകാശവാദങ്ങളും ആരോപണങ്ങളും എന്തുതന്നെയായാലും തങ്ങളുടെ അതിര്‍ത്തിയില്‍ നാറ്റോ സാന്നിധ്യം റഷ്യ ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല, യുഎസ്എസ്ആറിന്‍റെ കാലത്ത് ഉണ്ടായിരുന്ന റഷ്യന്‍ ഭൂപ്രദേശങ്ങളെ വീണ്ടും ഒന്നിപ്പിച്ച് റഷ്യന്‍ സാമ്രാജ്യത്തിന്‍റെ പുനസൃഷ്ടിയാണ് പുടിന്‍റെ ലക്ഷ്യമെന്നത് വളരെ നേരത്തെ തന്നെ ഉയര്‍ന്നിരുന്ന ആരോപണമാണ്. എന്നാല്‍, തങ്ങളുടെ പ്രത്യേക സൈനിക നടപടിക്കുള്ള ഒരു കാരണമായി റഷ്യ ഉന്നയിച്ചത് യുക്രൈന്‍റെ തെക്ക് കിഴക്കന്‍ പ്രദേശത്ത് ശക്തമായ സന്നിധ്യമുള്ള റഷ്യന്‍ അനുകൂല വിഘടനവാദികളെ യുക്രൈന്‍ പീഡിപ്പിക്കുന്നുവെന്നായിരുന്നു. ഇന്നും വിമാനങ്ങള്‍ കടന്ന് പോകാന്‍ മടിക്കുന്ന വ്യാമമേഖലയാണ് ഡോണ്‍ബാസ് മേഖലയ്ക്ക് മുകളിലുള്ളത്. റഷ്യന്‍ വിഘടനവാദികളുടെ ശക്തി കേന്ദ്രം. യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം കഴിയുമ്പോഴും റഷ്യയ്ക്ക് അല്പമെങ്കിലും മേല്‍ക്കൈ അവകാശപ്പെടാനെങ്കിലും കഴിയുന്നത് ഈ വടക്ക് കിഴക്കന്‍ മേഖലയില്‍ മാത്രം. 

യുദ്ധം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ യുദ്ധവിദഗ്ദര്‍, യുദ്ധമുഖത്തുള്ള റഷ്യന്‍ മുന്‍തൂക്കത്തെ കുറിച്ച് വാചാലരായി.  യുദ്ധം ആരംഭിച്ചാല്‍ പിന്നെ ഒരാഴ്ച, കൂടിപ്പോയാല്‍ രണ്ട് ആഴ്ചയാണ് കീവിന് യുദ്ധവിദഗ്ദര്‍ നല്‍കിയിരുന്ന ആയുസ്. ഇതിനായി നിരത്തിയ കാരണങ്ങളാകട്ടെ റഷ്യയുടെ സൈനീക ശേഷിതന്നെ. ആയുധശേഷിയിലും സൈനിക ശേഷിയിലും ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് റഷ്യ. ഒപ്പം ലോകോത്തര മിസൈല്‍ ശേഖരം. യുക്രൈനാകട്ടെ ആയുധശേഷിയില്‍ അമ്പതിനും മുകളിലായിരുന്നു സ്ഥാനം. അത്രശക്തമായ ആയുധ ശേഷിയും യുക്രൈനുണ്ടായിരുന്നില്ല. ഇതിനൊക്കെ പുറമെ, യുക്രൈന്‍ പ്രസിഡന്‍റായ വോളോഡിമർ സെലെൻസ്കി. അദ്ദേഹം ടിവി പരിപാടികളിലെ ഹാസ്യ നടനായിരുന്നു. പ്രസിഡന്‍റാകും മുമ്പ് യുദ്ധതന്ത്രത്തിലോ രാഷ്ട്രതന്ത്രത്തിലോ അനുഭവജ്ഞാനം ഇല്ലാതിരുന്നയാള്‍. എന്നാല്‍, യുദ്ധം തുടങ്ങി ഒരു വര്‍ഷം തികയ്ക്കുമ്പോള്‍, റഷ്യയ്ക്കൊപ്പം നിന്ന് യുദ്ധമുഖത്ത് പോരാടാന്‍ ഇന്നും യുക്രൈനെ സജ്ജമാക്കി നിര്‍ത്തിയതില്‍ പ്രധാനകണ്ണിയായും രാജ്യത്തെ ജനങ്ങളുടെ സൂപ്പര്‍ ഹീറോയായും നില്‍ക്കുന്നത് വോളോഡിമർ സെലെൻസ്കിയാണ്.  

One year of russia ukraine war Russia and Ukraine are still not withdrawing it bkg

കൂടുതല്‍ വായനയ്ക്ക്: അവസാനിക്കാത്ത പോർവിളി; റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം

യുദ്ധമുഖത്തെ വാശിയും വീറും നയന്ത്രരംഗത്തും ഉപയോഗപ്പെടുത്താന്‍ സെലെന്‍സ്കിക്കായി എന്നതിന്‍റെ തെളിവാണ് ലോകത്തിന്‍റെ ഏതാണ്ടെല്ലാ ഭാഗത്ത് നിന്നും യുക്രൈനിലേക്ക് ഒഴുകുന്ന ആയുധങ്ങളും പണവും സൈനീകരും തെളിയിക്കുന്നത്. നാറ്റോ സഖ്യരാഷ്ട്രങ്ങളാണ് ഇതിന് സെലെന്‍സ്കിയെ അകമഴിഞ്ഞ് സഹായിക്കുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്ന് സൈനിക സേവനം ലഭിച്ചവരും അല്ലാത്തവരും റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ യുക്രൈനൊപ്പം നിന്ന് പോരാടാനായി യുക്രൈന്‍ സൈന്യത്തിന്‍റെ ഭാഗമായി. ആധുനിക കാലത്ത് ഇത്തരമൊരു യുദ്ധ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതും ഇതാദ്യമായാണ്. എന്നാല്‍, എല്ലാവരെയും അത്ഭുതപ്പെടുത്തിയത് റഷ്യന്‍ സൈന്യത്തിന്‍റെ ആയുധശേഷിയിലെ കാലപ്പഴക്കമാണ്. യുദ്ധാരംഭത്തില്‍ യുക്രൈന്‍റെ വടക്ക് പടിഞ്ഞാറ് നിന്ന് കരയുദ്ധം ആരംഭിച്ച റഷ്യയ്ക്ക് പക്ഷേ പിടിച്ച് നില്‍ക്കന്‍ കഴിഞ്ഞില്ല. കിലോമീറ്ററുകള്‍ നീളമുള്ള റഷ്യയുടെ സൈനിക കോണ്‍വോയ്കള്‍ വ്യാപകമായി തീയിട്ട് നശിപ്പിക്കപ്പെട്ടു. ഇത് ചെയ്തതാകട്ടെ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരും. അതിനുള്ള അടിസ്ഥാന സാങ്കേതിക വിദ്യകള്‍ യുദ്ധത്തിന് മുമ്പ് തന്നെ ജനങ്ങളിലേക്ക് യുക്രൈന്‍ സൈന്യം എത്തിച്ചിരുന്നു. യുദ്ധത്തിന് മുമ്പ് അഭയാര്‍ത്ഥി പ്രവാഹം ശക്തമായപ്പോള്‍ രാജ്യത്തെ 18 നും 60 നും ഇടയിലുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്ന് സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്‍റിന് ഒപ്പം ജനങ്ങള്‍ ഉറച്ച് നിന്നതോടെ യുക്രൈന്‍റെ മണ്ണില്‍ നിന്ന് ഒരിഞ്ച് പോലും സ്വന്തമാക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞില്ല. ഇതോടൊപ്പം യൂറോപ്പില്‍ നിന്ന് ജനങ്ങള്‍  ക്രൌഡ് ഫണ്ടിങ്ങിലൂടെ പണം പിരിച്ച് യുക്രൈന് ആയുധങ്ങള്‍ വാങ്ങി നല്‍കുന്ന കാഴ്ചയും ലോകം കണ്ടു. 

ചൈനയും ഇറാനും റഷ്യയ്ക്കൊപ്പം നിലയുറപ്പിച്ചപ്പോഴും യുഎന്നില്‍ പോലും റഷ്യ പല സന്ദര്‍ഭങ്ങളിലും ഒറ്റപ്പെട്ടു. യുദ്ധമെന്ന വാക്ക് പോലും രാജ്യത്ത് ഉപയോഗിക്കരുതെന്ന് പുടിന്‍ ഉത്തരവിറക്കി. എന്നാല്‍, യുദ്ധം ആരംഭിച്ച ആദ്യ ആഴ്ചയില്‍ തന്നെ യുക്രൈനികള്‍ക്കെതിരെ തങ്ങളുടെ മക്കളെ യുദ്ധത്തിനിറക്കിയതിനെതിരെ റഷ്യയിലെ അമ്മമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ തങ്ങള്‍ പിടികൂടിയ പല റഷ്യന്‍ സൈനികര്‍ക്കും പ്രായപൂര്‍ത്തി തികഞ്ഞിട്ടില്ലെന്ന ആരോപണം യുക്രൈനുമുയര്‍ത്തി. റഷ്യ യുദ്ധ കുറ്റം ചെയ്യുന്നതായി യൂറോപ്യന്‍ യൂണിയന്‍ യുക്രൈനൊപ്പം നിന്ന് വിളിച്ച് പറഞ്ഞു. ഒടുവില്‍ വടക്ക് പടിഞ്ഞാറ് നിന്ന് എല്ലാ സൈനികരെയും പിന്‍വലിച്ച പുടിന്‍, വിമതമേഖലയായ തെക്ക് കിഴക്കന്‍ പ്രദേശത്ത് സൈന്യത്തെ കേന്ദ്രീകരിച്ചു. കീഴടക്കിയ ഖര്‍സോണില്‍ നിന്ന് പോലും റഷ്യന്‍ സൈന്യത്തിന് പിന്മാറേണ്ടി വന്നു. ഇതിനിടെ യുക്രൈന്‍റെ അസോള്‍ട്ട് ബറ്റാലിയന്‍ സൈന്യത്തെ (ഇവര്‍ നവനാസികളാണെന്നതായിരുന്നു യുദ്ധ പ്രഖ്യാപനത്തിനുള്ള റഷ്യയുടെ മറ്റൊരു ആരോപണം.) മരിയുപോളിലെ ഉപേക്ഷിക്കപ്പെട്ട ഇരുമ്പ് ഉരുക്ക് നിര്‍മ്മാണ ശാലയില്‍ അകപ്പെടുത്തിയ റഷ്യന്‍ സൈന്യം ആഴ്ചകള്‍ നീണ്ട ഉപരോധത്തിന് ശേഷം കീഴടക്കി. പിന്നാലെ തെക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യ മിസൈല്‍ വര്‍ഷം തന്നെ നടത്തി. 

One year of russia ukraine war Russia and Ukraine are still not withdrawing it bkg

ഇന്ന് യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖല, രണ്ടാം ലോക മഹായുദ്ധകാലത്തെ ഫ്രാന്‍സിന്‍റെ യുദ്ധഭൂമിയേക്കാള്‍ മോശമായ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധം ഒന്നാം വര്‍ഷികത്തിലെത്തി നില്‍ക്കുമ്പോള്‍ റഷ്യയ്ക്ക് രണ്ട് ലക്ഷം സൈനികരെ നഷ്ടമായെന്ന് യുഎസും റഷ്യയ്ക്ക് സ്വന്തം ആയുധശേഷിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ നഷ്ടമായെത്ത് യുകെയും ആരോപിക്കുന്നു. യുദ്ധം തുടങ്ങിയ ആദ്യ ആഴ്ചയില്‍ മാത്രമാണ് തങ്ങളുടെ നഷ്ടക്കണക്ക് റഷ്യ പുറത്ത് വിട്ടതെന്നതും ശ്രദ്ധേയം. റഷ്യ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന പല ആയുധങ്ങളും ചൈനയുടെയും ഇറാന്‍റെതുമാണെന്ന ആരോപണം യുക്രൈന്‍ ഉന്നയിച്ച് തുടങ്ങിയത് യുദ്ധം ആരംഭിച്ച് മൂന്നാല് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതലാണ്. അപ്പോഴും യുദ്ധമുഖത്ത് നിന്ന് പിന്മാറില്ലെന്ന വാശിയിലാണ് പുടിന്‍. ഇതിനിടെ രാജ്യത്തിന് അകത്തും പുറത്തും പുടിന്‍ വിരുദ്ധര്‍ ഒരോരുത്തരായി കൊല്ലപ്പെട്ടു തുടങ്ങിയിരുന്നു. യുദ്ധരംഗത്ത് മരിച്ച് വീഴുന്ന റഷ്യന്‍ സൈനികര്‍ക്ക് പകരം ആളെ കണ്ടെത്താന്‍ രാജ്യമെമ്പാടും സൈനിക റിക്രൂട്ട്മെന്‍റുകള്‍ നടത്താന്‍ പുടിന്‍ ഉത്തരവിട്ടതിന് പിന്നാലെ റഷ്യയുടെ അതിര്‍ത്തികളിലേക്ക് യുവാക്കളുടെ കുത്തൊഴിക്കായിരുന്നെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു. ഇതിനിടെ അഫ്ഗാനില്‍ താലിബാനെതിരെ പോരാടുന്നതിന് യുഎസ് പപരിശീലനം ലഭിച്ച അഫ്ഗാന്‍ സൈനികരെ തേടിയും റഷ്യയെത്തിയെന്ന വാര്‍ത്തകളും വന്നു. അതേസമയം രാജ്യവിട്ട യുക്രൈനികള്‍ക്ക് ജര്‍മ്മനിയും പോളണ്ടും സൈനിക പരിശീലനം നല്‍കുന്നു. 

'ആയുധം തരൂ, റഷ്യയെ പരാജയപ്പെടുത്തി കാണിക്കാം' എന്നാണ് സെലെന്‍സ്കി ലോകരാഷ്ട്രങ്ങളോടും പ്രത്യേകിച്ച നാറ്റോ സഖ്യരാജ്യങ്ങളോടും യുദ്ധാരംഭം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആയുധങ്ങളില്‍ മിക്കതും നാറ്റോ യുക്രൈന് നല്‍കിക്കഴിഞ്ഞു. ഒന്നൊഴിച്ച്, അത്യന്താധുനിക യുദ്ധവിമാനങ്ങളൊഴിച്ച്. യുദ്ധവിമാനങ്ങള്‍ ശത്രുവിന്‍റെ കണ്ണില്‍പ്പെടാതെ താഴ്ന്ന് പറത്തുന്നതില്‍ യുക്രൈന്‍ സൈനികര്‍ക്കുള്ള മികവ് ഈ യുദ്ധത്തില്‍ കണ്ടതാണ്. അതിനാല്‍ തന്നെ ഏറ്റവും പുതിയ വിമാനങ്ങള്‍ യുക്രൈന്‍റെ കൈയിലെത്തിയാല്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി യുക്രൈന്‍ അക്രമണം അഴിച്ച് വിടുമെന്ന് യുഎസും നാറ്റോയും ഭയക്കുന്നു. അത്തരമൊരു സംഭവമുണ്ടായാല്‍ പുടിന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന ആശങ്കതന്നെയാണ് കാരണം.  ഒരു പ്രത്യക്ഷ പ്രകോപനവുമില്ലാതെ തന്നെ മറ്റൊരു രാജ്യത്തിന്‍റെ അതിര്‍ത്തി കടന്ന് അക്രമണം നടത്തുന്ന പുടിന്‍, നാറ്റോയ്ക്ക് നല്‍കിയ ഭീഷണിയും അത് തന്നെയാണ്. തങ്ങളുടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍ അണുവായുധം ഉപയോഗിക്കാനും മടിക്കില്ലെന്നത്. 

2014 ല്‍ റഷ്യ, യുക്രൈനില്‍ നിന്നും പിടിച്ചെടുത്ത ക്രിമിയന്‍ ദ്വീപ് തിരിച്ച് പിടിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് സെലെന്‍സ്കി പ്രഖ്യാപിച്ചതിന് പിന്നില്‍, നാറ്റോയുടെ അകമഴിഞ്ഞ സഹായം ലഭിക്കുമെന്ന ആത്മവിശ്വാസമാണുള്ളത്. ആ ആത്മവിശ്വസത്തിലാണ് യുദ്ധം ആരംഭിച്ചതിന്‍റെ ഒന്നാം വാര്‍ഷികത്തിലും ആത്യന്തികമായ വിജയം തങ്ങള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കാന്‍ സെലെന്‍സ്കിയെ പ്രാപ്തനാക്കുന്നതും. എന്നാല്‍, സെലെന്‍സ്കിയുടെ ആത്മവിശ്വാസം റഷ്യന്‍ പ്രസിഡന്‍റിനില്ലെന്ന് അദ്ദേഹത്തിന്‍റെ വാക്കിലും പ്രവര്‍ത്തിയിലും വ്യക്തം. ദിവസങ്ങള്‍ക്ക് അല്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ ജയിക്കാന്‍ കഴിയുമെന്ന തെറ്റായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ നിന്നുമുണ്ടായ അമിത ആത്മവിശ്വസം ഇന്ന് പുടിന് ഇല്ല. പക്ഷേ, യുക്രൈന്‍ യുദ്ധം ഇപ്പോള്‍ നിര്‍ത്തിയാല്‍ രാജ്യത്ത് തനിക്കെതിരെയുള്ള പട നീക്കം ശക്തമാകുമെന്ന് അയാള്‍ക്ക് നന്നായി അറിയാം. അത് ആത്മഹത്യാപരമായ ഒരു തീരുമാനമായിരിക്കുമെന്ന് മറ്റാരെക്കാളും നന്നായി പുടിന് അറിയാം. അതിനാല്‍ അത്തരമൊരു തീരുമാനത്തിലേക്ക് പുടിന്‍ ഒരിക്കലും കടക്കില്ലെന്ന് യുദ്ധനിരീക്ഷകരും പറയുന്നു. ഇതിനിടെ ഭരണാധികാരികളുടെ വ്യക്തി താത്പര്യങ്ങളില്‍പ്പെട്ട് ഇയാം പാറ്റകളെ പോലെ സാധാരണക്കാര്‍ മരിച്ച് വീണുകൊണ്ടേയിരിക്കുന്നു. 


 

Follow Us:
Download App:
  • android
  • ios