Asianet News MalayalamAsianet News Malayalam

800 വര്‍ഷം പഴക്കമുള്ള നിധി ശേഖരം കണ്ടെത്തി; ലഭിച്ച സ്വര്‍ണ്ണനാണയങ്ങളില്‍ ഇസ്ലാമിക സ്വാധീനം

ഓരോ കമ്മലിലും ഒരു ഡസനോളം വിലകൂടിയ രത്ന കല്ലുകൾ കൊണ്ട് അലങ്കരിച്ചിരുന്നു, ലഭിച്ച സ്വര്‍ണ്ണനാണയങ്ങളില്‍ ഇസ്ലാമിക നാണയങ്ങളുടെ അനുകരണമായി സ്വര്‍ണ്ണം പൂശിയിരുന്നു. സങ്കീർണ്ണമായ അറബി എഴുത്തുകളും ഈ നാണയങ്ങളില്‍ ഉണ്ടായിരുന്നു. 

800 year old gold treasure found in Germany bkg
Author
First Published Feb 24, 2023, 9:00 AM IST


ന്നത്തെ ജര്‍മ്മനിയിലൂടെ 800 വര്‍ഷം മുമ്പ് കടന്ന് പോയ ഒരു സഞ്ചാരി, അല്ലെങ്കില്‍ ഒരു വൈക്കിംഗ് പോരാളി ഒളിപ്പിച്ച് വച്ചതെന്ന് കരുതുന്ന നിധിശേഖരം ഒടുവില്‍ കണ്ടെത്തി. അതിനിടെ ആ നിധിക്ക് മുകളിലൂടെ കടന്ന് പോയത് എട്ട് നൂറ്റാണ്ട്. ജനിച്ചുമരിച്ചത് കോടാനുകോടി മനുഷ്യര്‍, രണ്ട് ലോകമഹായുദ്ധങ്ങള്‍. അപ്പോഴൊക്കെയും തന്‍റെ ഉടമയെ കാത്ത് ആ നിധി മണ്ണിനടിയില്‍ മറഞ്ഞിരുന്നു. ബെർലിനിൽ നിന്ന് ഏകദേശം 335 മൈൽ വടക്ക് പടിഞ്ഞാറായി ഷ്ലെസ്‌വിഗ്-ഹോൾസ്റ്റീൻ സംസ്ഥാനത്തിലെ ബുസ്‌ഡോർഫിന് സമീപം ഡെന്‍മാര്‍ക്ക് അതിര്‍ത്തിക്കടുത്താണ് ഹൈതാബു - ഡാനെവർക് ലോക പൈതൃക സൈറ്റ്. എട്ടാം നൂറ്റാണ്ട് മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ വൈക്കിംഗ് വ്യാപാര കേന്ദ്രവും ജനവാസ കേന്ദ്രവുമായിരുന്നു ഹൈതാബുവെന്ന് ജർമ്മൻ യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളുടെ അസോസിയേഷന്‍ പറയുന്നു. ഹൈതാബു എന്ന പുരാതന നഗരത്തില്‍ നിന്നാണ് ആ നിധി ശേഖരം ഇപ്പോള്‍ കണ്ടെത്തിയത്.  

ജർമ്മൻ യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകനായ നിക്കി ആന്‍ഡ്രിയാസ് സ്റ്റെയ്ന്‍മാന്‍ നടത്തിയ അന്വേഷണങ്ങള്‍ക്കിടയാണ് ഹൈതാബു, ഡാനെവർക്ക് എന്നീ ലോക പൈതൃക സൈറ്റുകള്‍ക്കിടയില്‍ നിന്ന് നിധി ശേഖരം കണ്ടെത്തിയതെന്ന്  ആർക്കിയോളജിക്കൽ സ്റ്റേറ്റ് ഓഫീസ് ഓഫ് ഷ്ലെസ്വിഗ്-ഹോൾസ്റ്റീൻ പറഞ്ഞു. മെറ്റല്‍ ഡിറ്റക്ടറില്‍  സംശയാസ്പദമായ വസ്തുക്കള്‍ കണ്ട പ്രദേശത്ത് അദ്ദേഹം കുഴിയെടുത്തു. ഒടുവില്‍ ചില സ്വര്‍ണ്ണ നാണയങ്ങളും സ്വര്‍ണ്ണക്കമ്മലും ഒരു കഷ്ണം തുണിയും മറ്റ് ചില വസ്തുക്കളും കണ്ടെത്തി. തുടര്‍ന്ന് കൂടുതല്‍ ഖനനത്തിനുള്ള അനുമതി അദ്ദേഹം തേടി. 

കൂടുതല്‍ വായനയ്ക്ക്: ചൈനയില്‍‌ 2,400 വർഷം പഴക്കമുള്ള ഫ്ലഷ് ടോയ്‍ലറ്റ് കണ്ടെത്തി !

ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് ഒരു സഞ്ചാരി, അല്ലെങ്കില്‍ ഒരു വൈക്കിംഗ് പോരാളി കുഴിച്ചിട്ടതാകാം ഈ സ്വർണ്ണശേഖരമെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. നാണയങ്ങൾ ഒന്നിനുപുറകെ ഒന്നായി അടുക്കിവച്ച നിലയിലായിരുന്നു. മറ്റ് ചില വസ്തുക്കള്‍ സമീപത്തായി ഉണ്ടായിരുന്നു. എല്ലാം ഒരുമിച്ചാണ് അടക്കം ചെയ്തത്. ഇവയ്ക്കൊപ്പം ബൈസന്‍റൈൻ ശൈലിയിൽ ശ്രദ്ധാപൂർവം രൂപകല്പന ചെയ്ത ഉയർന്ന നിലവാരമുള്ള രണ്ട് സ്വർണ്ണ കമ്മലുകളും ഉണ്ടായിരുന്നു. സങ്കീർണ്ണമായ നിര്‍മ്മാണ രീതി കാണിക്കുന്ന സ്വര്‍ണ്ണക്കമ്മലുകളാണിവ. ഓരോ കമ്മലിലും ഒരു ഡസനോളം വിലകൂടിയ രത്ന കല്ലുകൾ കൊണ്ട് അലങ്കരിച്ചിരുന്നു, ലഭിച്ച സ്വര്‍ണ്ണനാണയങ്ങളില്‍ ഇസ്ലാമിക നാണയങ്ങളുടെ അനുകരണമായി സ്വര്‍ണ്ണം പൂശിയിരുന്നു. സങ്കീർണ്ണമായ അറബി എഴുത്തുകളും ഈ നാണയങ്ങളില്‍ ഉണ്ടായിരുന്നു. 

ഏതാണ്ട് 30 ഓളം നാണയങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ പലതും 1202 മുതൽ 1241 വരെ ഭരിച്ചിരുന്ന ഡാനിഷ് രാജാവായ വാൾഡെമർ രണ്ടാമന്‍റെ ഭരണകാലത്തേതാണെന്ന് കരുതുന്നു. നാണയങ്ങള്‍ക്കിടയില്‍ പുരാതനമായ ഏതോ തുണിയുടെ ചില ഭാഗങ്ങളും കണ്ടെത്തി. ഒപ്പം സ്വർണ്ണം പൂശിയ രണ്ട് മോതിരങ്ങൾ, ഒരു മോതിരത്തിന്‍റെ കഷണം, മറ്റ് ചില ചെറിയ സ്വർണ്ണ പാളികള്‍ എന്നിവയും കണ്ടെത്തി. ഇവയെല്ലാം ഒരു ബാഗിലാക്കി കുഴിച്ചിട്ടതാകാമെന്ന് കരുതുന്നു. വൈക്കിംഗ് കാലഘട്ടത്തിലെ പ്രധാന വ്യാപാര കേന്ദ്രത്തിന് സമീപമാണ് ഈ വസ്തുക്കൾ കണ്ടെത്തിയതെങ്കിലും, നാണയങ്ങളുടെ പഴക്കത്തെ അടിസ്ഥാനമാക്കി ഹൈതാബു നഗരം നശിപ്പിച്ചതിന് ശേഷം ഇവ നഷ്ടപ്പെടാതിരിക്കാന്‍ ഒളിപ്പിച്ചതാകാമെന്ന് പുരാവസ്തു വിദഗ്ദര്‍ പറയുന്നു.  

കൂടുതല്‍ വായനയ്ക്ക്: എയര്‍ലൈന്‍ ഭക്ഷണത്തില്‍ എംപിയ്ക്ക് കിട്ടിയത് മുടി; പരാതിപ്പെട്ട് മടുത്ത് എംപി ചെയ്തത് !
 

 

Follow Us:
Download App:
  • android
  • ios