രണ്ടാം ദീപാവലി സ്റ്റാമ്പുമായി അമേരിക്ക, അതും 10 വർഷത്തിനിടെ! ഇത്തവണ ഇടംപിടിച്ചത് ഇന്ത്യൻ കലാകാരിയുടെ രംഗോലി

Published : Nov 06, 2026, 12:35 PM IST
US releases second Diwali stamp

Synopsis

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കൻ തപാൽ വകുപ്പ് പുതിയ ഫോറെവർ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യൻ കലാകാരിയായ സംഗീത ഭുടാഡ ഒരുക്കിയ മനോഹരമായ രംഗോലി ചിത്രമാണ് ഈ സ്റ്റാമ്പിന്റെ പ്രധാന ആകർഷണം. 2016-ന് ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്ക ദീപാവലിയെ ആദരിച്ച് സ്റ്റാമ്പ് ഇറക്കുന്നത്.

ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി പുതിയ തപാൽ സ്റ്റാമ്പ് പുറത്തിറക്കി അമേരിക്കൻ തപാൽ വകുപ്പ്. ഇന്ത്യൻ കലാകാരി ഒരുക്കിയ വർണാഭമായ രംഗോലി ചിത്രമാണ് സ്റ്റാമ്പിന്‍റെ പ്രധാന ആകർഷണം. ദീപാവലിയെ ആദരിച്ച് അമേരിക്കൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കുന്നത് ഇത് രണ്ടാം തവണയാണ്. 2016 -ലായിരുന്നു ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയത്. അമേരിക്കയിലെ ഇന്ത്യൻ എംബസി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുതിയ സ്റ്റാമ്പിന്‍റെ ചിത്രം പങ്കുവെച്ചത്. 'പ്രകാശത്തിന്‍റെ ഉത്സവം ആഘോഷിക്കാം. ദീപാവലി ആഘോഷിക്കുന്നതിനായി യുഎസ് തപാൽ വകുപ്പ് പുതിയ ഫോറെവർ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നു' എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

ഒരുക്കിയത് ഇന്ത്യൻ കലാകാരി

ഇന്ത്യൻ കലാകാരിയായ സംഗീത ഭുടാഡയാണ് പുതിയ സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന രംഗോലി ഒരുക്കിയത്. പർപ്പിൾ നിറത്തിലുള്ള പശ്ചാത്തലത്തിൽ മനോഹരമായ വർണങ്ങളിലുള്ള രംഗോലിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് പതിറ്റാണ്ടായി പരമ്പരാഗത രംഗോലി കലയിൽ സജീവമാണ് സംഗീത ഭുടാഡ. എട്ട് അടി വ്യാസമുള്ളതായിരുന്നു ഈ രംഗോലി. ഇത് പൂർത്തിയാക്കാൻ എട്ട് മുതൽ പത്ത് ദിവസം വരെ വേണ്ടിവന്നതായി അമേരിക്കൻ തപാൽ വകുപ്പ് അറിയിച്ചു. ബിജയ് ദീക്ഷിതാണ് കലാസൃഷ്ടിയുടെ ചിത്രങ്ങൾ പകർത്തിയത്. ജെന്നിഫർ ആർനോൾഡാണ് സ്റ്റാമ്പ് രൂപകൽപ്പന ചെയ്തത്.

2026 ഒക്ടോബർ 21 -ന് വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിലാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്. ഒരു ഷീറ്റിൽ 20 സ്റ്റാമ്പുകൾ വീതം ഏകദേശം രണ്ട് കോടി സ്റ്റാമ്പുകളാണ് ഇതിനായി അച്ചടിച്ചിരിക്കുന്നത്. 'ഫോറെവർ സ്റ്റാമ്പ്' എന്നത് അമേരിക്കയിലെ ഫസ്റ്റ് ക്ലാസ് മെയിലിൽ ഒരു ഔൺസ് വരെ ഭാരമുള്ള കത്ത് അയയ്ക്കുന്നതിനുള്ള നിലവിലെ അടിസ്ഥാന തപാൽ നിരക്കിന് തുല്യമായ മൂല്യമുള്ള സ്റ്റാമ്പാണ്. ഭാവിയിൽ തപാൽ നിരക്ക് വർധിച്ചാലും അധിക തുക നൽകാതെ ഈ സ്റ്റാമ്പ് ഉപയോഗിക്കാം.

ആദ്യ ദീപാവലി സ്റ്റാമ്പ് 2016 -ൽ

2016 ഒക്ടോബർ അഞ്ചിനാണ് അമേരിക്കൻ തപാൽ വകുപ്പ് ആദ്യമായി ദീപാവലിക്ക് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയത്. ന്യൂയോർക്കിലായിരുന്നു അന്നത്തെ പ്രകാശനച്ചടങ്ങ്. അന്ന് പുറത്തിറക്കിയ സ്റ്റാമ്പിൽ പ്രകാശം പരത്തുന്ന പരമ്പരാഗത മൺവിളക്കിന്‍റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. തിളങ്ങുന്ന സ്വർണനിറത്തിലുള്ള പശ്ചാത്തലത്തിൽ പൂക്കളുടെ ഇതളുകൾക്കൊപ്പമായിരുന്നു വിളക്കിന്‍റെ ചിത്രം. തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തെയാണ് ഈ വിളക്ക് പ്രതിനിധീകരിച്ചത്. ഗ്രെഗ് ബ്രീഡിങ്ങാണ് ആദ്യ സ്റ്റാമ്പ് രൂപകൽപ്പന ചെയ്തത്. സാലി ആൻഡേഴ്സൺ-ബ്രൂസ് പകർത്തിയ ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്. അമേരിക്കൻ എംബസി പങ്കുവെച്ച പുതിയ സ്റ്റാമ്പിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടികഴിഞ്ഞു. നിരവധി പേർ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ദീപാവലി ആശംസകൾ പങ്കുവെക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

പിസ്സയിൽ പൈനാപ്പിൾ ചേർക്കുന്നത് സംസ്കാരത്തിന് ചേർന്നതല്ലെന്ന് ഷെഫ്, പിരിച്ചുവിട്ട് റെസ്റ്റോറന്റ്!
കൂട്ടുകാരിയെ കൊന്ന്, മൃതദേഹം വളർത്തു പന്നികൾക്കൊപ്പം മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു; 65 -കാരന്‍റെ വിചാരണ തുടങ്ങി