62-കാരിയായ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് ഫ്രീസറിൽ സൂക്ഷിച്ച കേസിൽ 65-കാരനായ ബ്രിട്ടീഷ് പൗരന്റെ വിചാരണ ആരംഭിച്ചു. കൊലപാതകത്തിന് ശേഷം യുവതിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുത്ത പ്രതി, അവർ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാൻ വ്യാജ സന്ദേശങ്ങളും അയച്ചിരുന്നു.

സുഹൃത്തായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് വളർത്തുമൃഗങ്ങൾക്കൊപ്പം ഫ്രീസറിൽ സൂക്ഷിച്ച സംഭവത്തിൽ 65 -കാരനായ ബ്രിട്ടീഷ് പൗരന്‍റെ വിചാരണ തുടങ്ങി. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഏകദേശം മൂന്ന് വർഷത്തോളം പ്രതിയുടെ ഫ്ലാറ്റിലെ ഫ്രീസറിൽ സൂക്ഷിച്ചെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. 62 -കാരിയായ ഡെലിയ മക്‌ഇനേണിയെ 2023 ഏപ്രിലിൽ കൊലപ്പെടുത്തിയ കേസിലാണ് ജോർജ് ഗോർഡനെതിരെയുള്ള വിചാരണ ലിവർപൂൾ ക്രൗൺ കോടതിയിൽ ബുധനാഴ്ച ആരംഭിച്ചത്.

2026 ജനുവരി 8 -നാണ് ഗോർഡന്‍റെ ഫ്ലാറ്റിലെ ഫ്രീസറിൽനിന്ന് ഡെലിയയുടെ ശരീരഭാഗങ്ങൾ കണ്ടെത്തുന്നത്. കൊലപാതകത്തിന് ശേഷം ഡെലിയ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതി അവരുടെ പേരിൽ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും സന്ദേശങ്ങളും ഇമെയിലുകളും അയച്ചിരുന്നു. കൂടാതെ, ഡെലിയയുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ആയിരക്കണക്കിന് പൗണ്ട് തട്ടിയെടുക്കുകയും അവരുടെ പേരിൽ വായ്പകളും ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

പോർച്ചുഗലിലേക്ക് പോകാനിരിക്കെ...

വിദേശയാത്രയിലോ ലിവർപൂളിലെ ആൻഫീൽഡിലുള്ള സ്വന്തം വീട്ടിലോ അല്ലാത്തപ്പോഴൊക്കെ ഡെലിയ ഗോർഡന്‍റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. 2023 ഏപ്രിലിൽ താൻ വളർത്തുന്ന അഞ്ച് ഗിനിപ്പന്നികളുമായി പോർച്ചുഗലിലേക്ക് താമസം മാറാൻ ഡെലിയ പദ്ധതിയിട്ടിരുന്നു. ഡെലിയയുടെ ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ഗോർഡൻ, സ്ലെഡ്ജ് ഹാമർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങിയതായി പ്രോസിക്യൂഷൻ ആരോപിച്ചു. പിന്നീട് കൊലപാതകത്തിനും മൃതദേഹം വെട്ടിമുറിക്കാനും ഉപയോഗിച്ചത് ഈ ഉപകരണങ്ങളാണെന്നാണ് സംശയിക്കുന്നത്.

Scroll to load tweet…

2023 ഏപ്രിൽ 11 -ന് ഡെലിയ തന്‍റെ ഗിനിപ്പന്നികൾക്കൊപ്പമുള്ള വീഡിയോ ഗോർഡൻ ചിത്രീകരിച്ചു. ഡെലിയ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന അവസാന ദൃശ്യമാണിത്. ഡെലിയ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നത് ഏപ്രിൽ 11, 12 ദിവസങ്ങളിലാണ്. അവർ പോർച്ചുഗലിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചിരുന്ന അഞ്ച് ഗിനിപ്പന്നികളെയും പ്രതി വെള്ളത്തിൽ മുക്കിക്കൊന്നു. ഏപ്രിൽ 12 -ന് ഗോർഡൻ, ഡെലിയയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 2,000 പൗണ്ടിലധികം തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.

വ്യാജ സന്ദേശങ്ങളും ആൾമാറാട്ടവും

ഡെലിയ കൊല്ലപ്പെട്ട ശേഷവും അവരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് ഗോർഡൻ ആൾമാറാട്ടം തുടർന്നു. ഡെലിയയ്ക്ക് സുഖമില്ലെന്ന് ചിലരോട് പറഞ്ഞ പ്രതി, മറ്റു ചിലരോട് 2023 മേയിൽ ചാൾസ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണച്ചടങ്ങിൽ ഡെലിയ, തനിക്കൊപ്പം പങ്കെടുത്തതായി വിശ്വസിപ്പിച്ചു. ചടങ്ങിൽവെച്ച് പ്രശസ്ത വ്യക്തികളായ ജോവാന ലംലി, സ്റ്റീഫൻ ഫ്രൈ എന്നിവരെ കണ്ടുമുട്ടിയെന്നും ഗോൾഡൻ സന്ദേശമയച്ചിരുന്നു. യഥാർത്ഥത്തിൽ ഡെലിയയുടെ മൃതദേഹം ഫ്രീസറിലിരിക്കെയാണ് പ്രതി ഈ നുണക്കഥകളെല്ലാം പ്രചരിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർ മാർട്ടിൻ റീഡ് കോടതിയെ അറിയിച്ചു.

പെൻഷൻ കൂടി തട്ടിയെടുക്കാൻ ശ്രമം, പക്ഷേ...

2025 ഡിസംബറിലാണ് പ്രതിയുടെ തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങിയത്. ക്രിസ് കവൻഡിഷ് ഗോർഡൻ എന്ന പേരിൽ തൊഴിൽ - പെൻഷൻ വകുപ്പിനെ ബന്ധപ്പെട്ട ഇയാൾ, ഡെലിയയ്ക്ക് ലഭിച്ചിരുന്ന പെൻഷൻ പേയ്‌മെന്‍റ് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ 2026 ജനുവരി 8 -ന് പൊലീസ് ഗോർഡനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ "അവൾ അതിനുള്ളിലുണ്ട്, അവൾ ഫ്രീസറിലാണ്" എന്ന് ഗോർഡൻ പൊലീസിനോട് സമ്മതിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആദ്യം കുറ്റം സമ്മതിച്ചു, പിന്നീട് വാക്കുമാറ്റി

ഡെലിയയെ കൊലപ്പെടുത്തിയ കാര്യം ഗോർഡൻ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതകക്കുറ്റവും മൃഗങ്ങളോടുള്ള ക്രൂരതയും ഇയാൾ നിഷേധിച്ചു. ഡെലിയ അമിതമായി മരുന്നുകൾ കഴിച്ചതിനെത്തുടർന്ന് അവരുടെ ദുരിതം അവസാനിപ്പിക്കാനാണ് ചുറ്റികകൊണ്ട് അടിച്ചതെന്നാണ് ആദ്യം ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, സ്വയരക്ഷയ്ക്കായാണ് താനിക്ക് അങ്ങനെ ചെയ്യേണ്ടിവന്നതെന്നാണ് വിചാരണവേളയിൽ ഗോൾഡൻ വാദിക്കുന്നത്. വിചാരണ പൂർത്തിയാക്കുന്നതിന് പിന്നാലെ വിധി പ്രഖ്യാപനവും ഉണ്ടാകും.