
വൈദ്യുതി ബില്ലുകൾ അപൂർവ്വമായി വീട്ടുടമസ്ഥരെ ഷോക്കടിപ്പിക്കാറുണ്ട്. പക്ഷേ. ഇതൊരല്‍പം കടന്ന കൈയായിപ്പോയെന്നാണ് തന്‍റെ വീട്ടിലെത്തിയ വൈദ്യുതി ബില്ല് കണ്ട ബീഹാറിലെ സീതാമർഹി ജില്ലയിലെ ഒരു വീട്ടുമസ്ഥന്‍ പറഞ്ഞത്. സീതാമർഹി ജില്ലയിലെ ഗാർഹിക വൈദ്യുതി ഉപഭോക്താവായ സന്തോഷ് മണ്ഡലിന് സംസ്ഥാന വൈദ്യുതി വകുപ്പ് നല്‍കിയ ബില്ല് കുടിശ്ശിക തുക 22.96 ലക്ഷം രൂപ! അതും ഒരു വീട്ടിൽ രണ്ട് മാസക്കാലത്തേക്ക് ഉപയോഗിച്ച വൈദ്യുതിക്ക്.
ബില്ല് കിട്ടിയതും സന്തോഷ് മണ്ഡല്‍ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ഓടി. അവിടെ എത്തിയപ്പോഴാണ് സന്തോഷിന് അല്പം ആശ്വസമായത്. താന്‍ ഒറ്റയ്ക്കല്ല. ഒരു ജില്ലയിലെ ആളുകൾ മൊത്തമുണ്ട്. എല്ലാവര്‍ക്കും സമാനപരാതി. എല്ലാവരോടും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഒരേ പല്ലവി. ബില്ല് കണ്ട് ഞെട്ടെണ്ട അത് സാങ്കേതിക പ്രശ്നമാണെന്ന്. ബീഹാറിലെ സീതാമർഹി ജില്ലയിലുടനീളമുള്ള വൈദ്യുതി ബില്ലുകളിലും ഇരട്ടിക്കിരട്ടി തുകയാണ് പ്രിന്‍റ് ചെയ്ത്. ബില്ല് വീടുകളിലെത്തിച്ചെങ്കിലും അതിലെ തുകയിലെ അസ്വാഭാവികത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചില്ല. അത് ശ്രദ്ധിച്ചതും പരാതിയുമായി എത്തിയതും വീട്ടുടമസ്ഥരായിരുന്നു. അപ്പോൾ മാത്രമാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം അറിയുന്നത്.
22.96 ലക്ഷം രൂപ വൈദ്യുതി ബില്ല് ലഭിച്ച സന്തോഷ് മണ്ഡലിന്‍റെ യഥാര്‍ത്ഥ കുടിശ്ശിക 65,321 രൂപയാണെന്ന തിരുത്തിയ ബില്ല് ഉടന്‍ തന്നെ വൈദ്യുതി വകുപ്പ് നല്‍കി. സന്തോഷിന്‍റെത് ഒറ്റപ്പെട്ട പ്രശ്നമായിരുന്നില്ല. ബജിത്പൂരിലെ ഒരു ഉപഭോക്താവിന് 43,717 രൂപയുടെ ബില്ലിന് പകരം നല്‍കിയത് 58,268 രൂപയുടെ ബില്ലായിരുന്നു. ഇതും വൈദ്യുതി ഓഫീസില്‍ നിന്നും മാറ്റി നല്‍കിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തെറ്റായ വൈദ്യുതി ബില്ലുകളെ കുറിച്ച് നിരവധി പരാതികളാണ് എത്തിയത്. ഇത് സമയവും പണവും നഷ്ടപ്പെടുത്തുന്നെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇത്തരം തെറ്റായ ബില്ലുകൾ തിരുത്തിക്കിട്ടാന്‍ പലപ്പോഴും ദിവസങ്ങളോ ആഴ്ചകളോ ഓഫീസുകൾ കയറി ഇറങ്ങേണ്ടിവരുന്നെന്ന് മറ്റൊരാൾ പരാതിപ്പെട്ടു. കഴിഞ്ഞ വര്‍ഷവും സമാനമായ പ്രശ്നമുണ്ടായിരുന്നെന്നും ഓരോ വര്‍ഷവും ഒരേ പ്രശ്നം ആവര്‍ത്തിക്കുന്നതെങ്ങനെ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. മീറ്ററുകളിലെ സാങ്കേതിക പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നാണ് ബീഹാര്‍ വൈദ്യുതി വകുപ്പിന്‍റെ നിലപാട്.