ഇറാനെതിരായ യുദ്ധം 18 ദിവസം പിന്നിടുമ്പോൾ ഇസ്രയേലിന് കാര്യങ്ങൾ കൈവിട്ടുപോകുന്നതായി റിപ്പോർട്ട്. ആദ്യ ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഇറാൻ ശക്തമായി തിരിച്ചടിക്കുകയും, വ്യോമ മേധാവിത്വം നേടാനുള്ള ഇസ്രയേൽ പദ്ധതി പാളുകയും ചെയ്തു. യുദ്ധം പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നു.

സ്രയേൽ രണ്ടാമത്തെ ഇറാൻ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് 18 ദിവസങ്ങൾ കടന്ന് പോയിരിക്കുന്നു. ആദ്യ ദിവസത്തെ അക്രമണത്തിൽ തന്നെ ഇറാൻറെ പരമോന്നത നേതാവായ അലി ഖമനേയിയെയും കുടുംബാംഗങ്ങളെയും മുതിർന്ന സൈനിക മേധാവികളെയും കൊലപ്പെടുത്താൻ ഇസ്രയേലിന് കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് ഇറാൻറെ ശക്തമായ ചെറുത്ത് നിൽപ്പായിരുന്നു ലോകം കണ്ടത്. ഹോർമൂസ് കടലിടുക്ക് അടച്ചതോടെ പാചകവാതകത്തിലും പെട്രോളിലും ലോകം തന്നെ കുരുങ്ങി.

ഇതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ അസാന്നിധ്യവും അദ്ദേഹത്തിന്‍റെ പേരിൽ ഇസ്രയേൽ പുറത്ത് വിട്ട വീഡിയോകൾ സമൂഹ മാധ്യമ ഉപയോക്താക്കൾ എഐ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ഇസ്രയേലിന് തന്നെ ലോകത്തിന് മുന്നിൽ പരിഹാസ്യരാക്കി. ഇതിനിടെയാണ് ഇസ്രയേൽ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യുദ്ധം കൈവിട്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. തുടക്കത്തിൽ നിശ്ചയിച്ച രീതിയിലല്ല ഇറാൻ യുദ്ധം മുന്നോട്ട് പോകുന്നതെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ വിലയിരുത്തൽ. ഇസ്രയേലിലെ ബ്രോഡ്കാസ്റ്ററായ കെഎഎന്‍ ആണ് പേര് വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യം മികച്ചത്, പിന്നെ...

സൈന്യത്തിന്‍റെ ആദ്യ ആക്രമണം "പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു" എന്നാൽ പിന്നീട് അത് തങ്ങൾ കണക്ക് കൂട്ടിയ രീതിയിലല്ല യുദ്ധം മുന്നേറുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറ‌ഞ്ഞതായി റിപ്പോര്‍ട്ടിൽ പറയുന്നു. ഇറാൻ സർക്കാറിനെതിരെ ജനങ്ങളെ തെരുവിൽ ഇറക്കി പകുതി യുദ്ധം ജയിക്കാമെന്ന പദ്ധതി പാളി. യുദ്ധ സമയത്ത് അത്തരം ചില പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ കണക്ക് കൂട്ടിയിരുന്നെങ്കിലും അത് പ്രായോഗികമായില്ല. യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ വ്യോമസേനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇറാനിയൻ ആകാശത്തേക്കാൾ "വ്യോമ മേധാവിത്വം" കൈവരിക്കുക എന്നതായിരുന്നു. എന്നാൽ, ഇന്ന് ടെൽ അവീവിലേക്കും ഇറാൻറെ മിസൈലുകൾ പറന്നിറങ്ങുകയാണ്.

പാളിയ വ്യോമ മേധാവിത്വം

ഇറാനിയൻ സുരക്ഷാ, സൈനിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏകദേശം 2,200 സ്ഥലങ്ങൾ ആക്രമണ ലക്ഷ്യമായിരുന്നു. ഇറാനിലെ ഏകദേശം 100 വ്യോമ പ്രതിരോധ സംവിധാനങ്ങളും 120 റഡാർ കണ്ടെത്തൽ സംവിധാനങ്ങളും നശിപ്പിച്ചു. എന്നാൽ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്‍റെ ചെറുത്ത് നിൽപ്പ് തുടരുകയാണ്. അതേസമയം യുദ്ധം തങ്ങളുടെ വരുതിയിൽ കൊണ്ട് വരുന്നതിന് ഇസ്രയേലും യുഎസ്എയും ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.