9 – 5 ജോലി വേണ്ട, ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുള്ളത് മതി! ഷിഫ്റ്റ് മാറിയാൽ വർക്ക് ഫ്രണ്ട്‌ലി ആകുമോ? ചർച്ചയായി പോസ്റ്റ്

Published : Aug 25, 2026, 07:10 PM IST
duty shift

Synopsis

പരമ്പരാഗത 9-5 ജോലിക്ക് പകരം ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുള്ള ഷിഫ്റ്റ് നിർദ്ദേശിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇന്‍റർനെറ്റിൽ ചർച്ചയാകുന്നു. ഇത് ഉൽപ്പാദനക്ഷമതയും വ്യക്തിജീവിതവും മെച്ചപ്പെടുത്തുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കുടുംബപരവും സാമൂഹികവുമായ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മറുവാദവുമുണ്ട്.

ലോകമെമ്പാടുമുള്ള കോർപ്പറേറ്റ് ലോകം പതിറ്റാണ്ടുകളായി പിന്തുടരുന്ന പരമ്പരാഗത 9 – 5 (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ) ജോലി രീതി മാറ്റേണ്ട സമയമായോ? പകരം ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയക്രമം തെരഞ്ഞെടുക്കുന്നതാണ് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും വ്യക്തിജീവിതം മെച്ചപ്പെടുത്താനും കൂടുതൽ അനുയോജ്യമെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റ് ഇന്‍റർനെറ്റിൽ വൻ ചർച്ചയാകുന്നു. സ്പെയിനിൽ ഇരുന്ന് യുഎസ് സമയക്രമത്തിൽ റിമോട്ടായി ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് 2 –10 ഷിഫ്റ്റിന്‍റെ നേട്ടങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.

2–10 ഷിഫ്റ്റിന്‍റെ അനുകൂല ഘടകങ്ങൾ

മികച്ച ഉറക്കവും ഉന്മേഷവും: രാത്രി ജോലി കഴിഞ്ഞയുടൻ ഉറങ്ങാൻ സാധിക്കുന്നതിനാൽ വൈകുന്നേരങ്ങളിലെ മാനസിക - ശാരീരിക ക്ഷീണം ഒഴിവാക്കാം. ആവശ്യത്തിന് വിശ്രമത്തിന് ശേഷം അടുത്ത ദിവസം ആരംഭിക്കുന്നത് ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. വ്യക്തിഗത ആവശ്യങ്ങൾക്ക് ധാരാളം സമയം: ജോലി ആരംഭിക്കുന്നതിന് മുമ്പുള്ള രാവിലത്തെ സമയം പൂർണ്ണമായും സ്വന്തം കാര്യങ്ങൾക്കായി മാറ്റിവെക്കാം. ബാങ്ക് ആവശ്യങ്ങൾ, ഷോപ്പിംഗ്, മറ്റ് അപ്പോയിന്‍റ്മെന്‍റുകൾ എന്നിവ തടസ്സമില്ലാതെ ചെയ്തുതീർക്കാം. തിരക്കില്ലാത്ത അന്തരീക്ഷം: സാധാരണ സമയങ്ങളിൽ തിരക്കേറിയ ജിം, സൂപ്പർമാർക്കറ്റുകൾ എന്നിവ രാവിലത്തെ ശാന്തമായ സമയത്ത് സന്ദർശിക്കാമെന്നത് വലിയ ആശ്വാസമാണ്.

സാമൂഹിക ജീവിതത്തെ ബാധിക്കുമെന്ന് മറുവാദം

എന്നാൽ, ഈ അഭിപ്രായത്തോട് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. കുടുംബവും സുഹൃത്തുക്കളും സാധാരണ 9 – 5 ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നതെങ്കിൽ, ഈ സമയക്രമം വ്യക്തിഗത - സാമൂഹിക ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് വിവാഹിതർക്കും കുട്ടികളുള്ളവർക്കും വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കാതെ വരുന്നത് വലിയ തിരിച്ചടിയാണ്.

അതേസമയം, രാവിലെ നേരത്തെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ള 'നൈറ്റ് ഔൾ' വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് ഈ ഷിഫ്റ്റ് ഏറെ അനുയോജ്യമാണെന്നും അഭിപ്രായമുണ്ട്. ചുരുക്കത്തിൽ, വ്യക്തികളുടെ ജീവിതശൈലി, കുടുംബ അന്തരീക്ഷം, ഉറക്കക്രമം എന്നിവയെ ആശ്രയിച്ചായിരിക്കും ഇത്തരം ഷിഫ്റ്റുകളുടെ വിജയം.

PREV
Read more Articles on
click me!

Recommended Stories

വരൂ, ഒരുനാൾ ട്രാഫിക് പൊലീസാകാം; ബെംഗളൂരുവിലെ ‘കോപ് ഫോർ ദി ഡേ' പദ്ധതിക്ക് വൻ സ്വീകാര്യത, ഒപ്പം വിമർശനവും
വന്യജീവി സംരക്ഷണത്തിന് പുതിയ കൂട്ടുകെട്ട്; അനന്ത് അംബാനിയുടെ വൻതാരയുമായി കൈകോർത്ത് ഇന്തോനേഷ്യ