
ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ച് അഞ്ച് വർഷത്തിന് ശേഷം വിയറ്റ്നാമിൽ നിന്നുള്ള ഒരു സ്ത്രീ അറസ്റ്റിലായി. അതും മരണാന്തര ഇന്‍ഷുറൻസ് പോളിസി തട്ടിയ കേസിൽ. വിയറ്റ്നാമിലെ തൻ ഹോവ പ്രവിശ്യയിലെ ഉദ്യോഗസ്ഥർ ഡിസംബർ 17 ന് ന്യൂയെൻ തി തു എന്ന സ്ത്രീ തന്‍റെ മരണ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാങ് ട്രങ് വാർഡ് പീപ്പിൾസ് കമ്മിറ്റിയെ സമീപിച്ചപ്പോഴാണ് കേസ് പുറത്തുവന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ 2020 ജൂണിൽ അതേ പേരും വിലാസവുമുള്ള ഒരു സ്ത്രീയെ നിയമപരമായി മരിച്ചതായി പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പിന്നാലെ നടന്ന അന്വേഷണത്തിൽ യുവതി തന്‍റെ ഇന്‍ഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി നടത്തിയ നാടകമായിരുന്നു അതെന്ന് തെളിഞ്ഞു. ഇതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ വർഷങ്ങൾക്ക് മുമ്പ് ഔദ്യോഗികമായി മരണം രജിസ്റ്റർ ചെയ്ത അതേ വ്യക്തി തന്നെയാണ് അപേക്ഷകനെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിൽ 2017-ൽ ഭർത്താവിനെ വിവാഹമോചനം ചെയ്ത് അമ്മ ട്രാൻ തി താപ്പിനൊപ്പം ന്യൂയെൻ തി തു താമസം മാറിയതായി കണ്ടെത്തി. ഇക്കാലത്ത് തന്നെ തി തു ജോലിക്കായി തെക്കൻ പ്രവിശ്യകളിലേക്ക് പതിവായി യാത്ര ചെയ്യുകയും പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ നിന്നും ഫു ഹംഗ് ലൈഫ് ഇൻഷുറൻസ് ജെഎസ്‌സിയിൽ നിന്നും നാല് ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നതായും കണ്ടെത്തി.
2020-ൽ, തി തുവിന് കാൻസർ കണ്ടെത്തി. പിന്നാലെ വീട്ടിൽ അസ്വസ്ഥതകൾ ആരംഭിച്ചു. ഇതോടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്ത് മറ്റൊരു ഐഡന്‍റിറ്റിയിലേക്ക് ജീവിതം പറിച്ച് നടാൻ അവൾ ആഗ്രഹിച്ചു. ഇതോടെ സ്വന്തം മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള പദ്ധിതകൾ തയ്യാറാക്കാൻ തി തു ശ്രമമാരംഭിച്ചു. പോലീസിന്‍റെ ചോദ്യം ചെയ്യലിൽ തി തുവിന്‍റെ അമ്മ അന്നുണ്ടായ കാര്യങ്ങളെല്ലാം പോലീസിനോട് സമ്മതിച്ചു.
2020 ജൂൺ 7 ന് രാവിലെ, ഉറക്കഗുളിക കഴിച്ച് തി തു കുളിമുറിയിൽ വീണ് മാരകമായ അപകടമുണ്ടായതായി കുടുംബാംഗങ്ങൾ പ്രാദേശിക അധികാരികളെ അറിയിച്ചു. പിന്നാലെ ശവസംസ്കാര ചടങ്ങുകളും ആരംഭിച്ചു. മറ്റുള്ളവരുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ ശവസംസ്കാരം രഹസ്യമായും വേഗത്തിലും സംഘടിപ്പിച്ചു. ശവസംസ്കാരത്തിനായി ഒരു പ്രാദേശിക പുരോഹിതനെ ഏർപ്പാടാക്കി. തി തു മരിച്ചില്ലെന്ന് അറിയുമായിരുന്ന രണ്ടേരണ്ട് പേർ അവളുടെ അമ്മയും പുരോഹിതനും മാത്രമായിരുന്നെന്ന് പോലീസ് പറയുന്നു.
2022 -ൽ പുരോഹിതൻ മരിച്ചു. മരിച്ചെന്ന് അറിയിച്ച ദിവസം തി തു പുരോഹിതനോടൊപ്പം താമസം മാറ്റി. കുറച്ച് കാലത്തിന് ശേഷം ഡോങ് നായ് പ്രവിശ്യയിലേക്ക് പോയി, അവിടെ താമസം തുടങ്ങിയ തി തു ഒരു ജോലിയും കണ്ടെത്തി. ഇതിനിടെ അവൾ മരിച്ചതായി നിയമപരമായി അംഗീകരിക്കപ്പെട്ടു. മരണത്തിന് പിന്നാലെ പ്രുഡൻഷ്യലിൽ ഇന്‍ഷുറൻസ് കമ്പനിയിൽ നിന്നും 23,27,880 ലക്ഷം രൂപയും ഫു ഹംഗ് ലൈഫ് ഇൻഷുറൻസിൽ നിന്ന് 20,40,000 ലക്ഷം രൂപയും തി തുവിന്‍റെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. ഈ പണം ഉപയോഗിച്ച് അവർ സ്വത്തുക്കളും നിക്ഷേപങ്ങളും നടത്തി. പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പണം തട്ടാനായി സ്വന്തം മരണം വ്യാജമായി ഉണ്ടാക്കിയെന്ന് തി തു സമ്മതിച്ചു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.