
ഓരോ വ്യക്തിക്കും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. ചിലർക്ക് അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചില ജീവിതലക്ഷ്യങ്ങൾ ഉണ്ടാകും. മറ്റുചിലർ അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നു. റിട്ടയേർഡ് ഫിസീഷ്യനാണ് ഷിഗെക്കോ കഗവ എന്ന 114ക്കാരി. ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഷിഗെക്കോ കഗവ. വ്യത്യസ്തമാണ് ഈ വയോധികയുടെ ജീവിതം. 2021 ടോക്കിയോ ദീപശിഖയിലെ റിലേയിൽ, ഗെയിംസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ദീപശിഖ വാഹകരിൽ ഒരാളായിരുന്നു കഗാവ. അന്ന് ഇവർക്ക് 109 വയസ്സാണ് ഉണ്ടായിരുന്നത്.
ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകയുമാണ് കഗാവ, രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പാണ് മെഡിക്കൽ സ്കൂളിൽ നിന്നും ബിരുദം നേടിയത്. യുദ്ധത്തിന്റെ സമയത്ത് കഗാവ ഒസാക്കയിലെ ഒരാശുപത്രിയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. ശേഷം ഫാമിലി ക്ലിനിക്ക് ഏറ്റെടുത്ത് നടത്തി. 86ലാണ് കഗാവ റിട്ടയേർഡ് ആയത്. ഉറങ്ങുന്ന സമയത്ത് കിടക്കക്കടുത്ത് ടെലിഫോൺ സൂക്ഷിക്കുമായിരുന്നു. ഏതു രാത്രിയിലും രോഗികൾ വിളിച്ചാൽ പെട്ടെന്ന് പോകാൻ വേണ്ടിയാണ് കഗാവ അടുത്ത് ഫോൺ സൂക്ഷിച്ചിരുന്നത്. അത്രയധികം സന്തോഷത്തോടെയും ഇഷ്ടത്തോടെയുമാണ് കഗാവ ജോലി ചെയ്തിരുന്നത്.
താൻ ഡോക്ടറായിരുന്ന സമയത്ത് നിരത്തുകളിൽ കാറുകൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഒരുപാട് നടന്നാണ് ജോലിക്ക് പോയികൊണ്ടിരുന്നത്. അതുകൊണ്ടായിരിക്കാം താൻ ഇപ്പോഴും ആരോഗ്യവതിയായി ഇരിക്കുന്നതെന്നാണ് ദീർഘായുസിന്റെ രഹസ്യം ചോദിച്ചപ്പോൾ കഗാവ നൽകിയ മറുപടി. 114 വയസിലും കഗാവ എന്നും പത്രങ്ങൾ വായിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്യുന്നു. സാധാരണ ആരോഗ്യമുള്ള ആളുകളെ പോലെയാണ് ഇന്നും കഗാവ ജീവിക്കുന്നത്.