'ആർത്തവം സാധാരണമാണ്, കുട്ടികളുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്'; ജ്യോത്സ്നയുടെ കുറിപ്പ്

Published : Aug 02, 2021, 09:04 AM ISTUpdated : Aug 02, 2021, 12:18 PM IST
'ആർത്തവം സാധാരണമാണ്, കുട്ടികളുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്'; ജ്യോത്സ്നയുടെ കുറിപ്പ്

Synopsis

ആർത്തവം തികച്ചും സാധാരണമായ ഒരു ശാരീരിക പ്രക്രിയ ആണെന്നും അതിനെക്കുറിച്ച് സംസാരിക്കാനുള്ള മടിയും  നാണിക്കേണ്ടും മാറ്റണം എന്നും ഗായിക പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ വളരെ അധികം സജീവമാണ് മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്‌ന. ജ്യോത്സ്‌ന പങ്കുവയ്ക്കുന്ന കുറിപ്പുകളൊക്കെ സൈബര്‍ ലോകത്ത് ശ്രദ്ധ നേടാറുമുണ്ട്. വണ്ണത്തിന്‍റെ പേരില്‍ ഏറെക്കാലം താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ച് ജ്യോത്സ്‌ന അടുത്തിടെ പങ്കുവച്ച കുറിപ്പും ഏറേ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആർത്തവത്തെക്കുറിച്ചുള്ള താരത്തിന്‍റെ കുറിപ്പാണ് വൈറലാകുന്നത്. 

സ്കൂൾ കാലത്തെ പഴയ ചിത്രം പങ്കുവച്ചാണ് അന്നത്തെ അനുഭവങ്ങൾ ജ്യോത്സ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. ആർത്തവം തികച്ചും സാധാരണമായ ഒരു ശാരീരിക പ്രക്രിയ ആണെന്നും അതിനെക്കുറിച്ച് സംസാരിക്കാനുള്ള മടിയും  നാണിക്കേണ്ടും മാറ്റണം എന്നും ഗായിക പറയുന്നു. ‘ഈ ചിത്രത്തിലേയ്ക്കു നോക്കുമ്പോൾ അന്ന് സാധാരണമാണന്നു കരുതിയിരുന്ന പല കാര്യങ്ങളിലേയ്ക്കും കണ്ണ് തുറക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് ജ്യോത്സ്‌നയുടെ കുറിപ്പ് ആരംഭിക്കുന്നത്. 

‘ഈ ചിത്രത്തിലേയ്ക്കു നോക്കുമ്പോൾ ഞാൻ എത്ര ചെറുപ്പമായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നു. അന്ന് വളരെ സാധാരണമാണെന്നു കരുതിയ ഒരുപാട് കാര്യങ്ങളിലേയ്ക്ക് എന്റെ കണ്ണുകൾ തുറക്കുന്നു. ഷാൾ വൃത്തിയായി തോളിൽ കുത്തിവച്ച് അയഞ്ഞ യൂണിഫോം ധരിച്ചു നിൽക്കുന്ന ഇതിൽ എനിക്ക് ഏകദേശം പതിനാല് വയസ്സ് പ്രായമുണ്ടായിരിക്കും.

സ്പോർട്സ് ദിവസങ്ങളിൽ വെള്ള യൂണിഫോം ആയിരുന്നു ധരിക്കേണ്ടിയിരുന്നത്. ആർത്തവ സമയത്ത് അത് ധരിക്കാനുള്ള പേടി! ബെഞ്ചിൽ നിന്നും എഴുന്നേൽക്കുമ്പോഴെല്ലാം അടുത്തുള്ള പെൺസുഹൃത്തിനോട് ‘ഒന്നു നോക്കൂ’ എന്നു പറയും. ചുവന്ന നിറത്തിലുള്ള ഡിസൈൻ വന്നിട്ടുണ്ടാകല്ലേ എന്നായിരുന്നു പ്രാർഥന. ആവശ്യം വന്നാൽ ഉപയോഗിക്കാൻ പാഡുകൾ ബാഗിൽ നിറയ്ക്കുമായിരുന്നു. മാസത്തിലെ ആ നാല് ദിവസങ്ങളിൽ പുറത്തു കളിക്കാൻ വരാത്ത സുഹൃത്തുക്കളുമുണ്ട്. തങ്ങൾക്ക് ആർത്തവമാണെന്ന് ആരെങ്കിലും (പ്രത്യേകിച്ച് ആൺകുട്ടികൾ) അറിയുന്നത് ലജജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്നായിരുന്നു ചിന്ത.

പക്ഷേ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ഒരു സാധാരണ, സ്വഭാവിക ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അത്തരം ചിന്തകൾ പതിനാലാം വയസ്സിൽ തന്നെ ഭാരമാകേണ്ടതുണ്ടോ? കാര്യങ്ങൾ പതിയെ മാറാൻ തുടങ്ങിയതു കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇനിയും പതിയെ എല്ലാം ഉറപ്പായും മാറും. ചെറിയ കുട്ടികള്‍ കുഞ്ഞായി തന്നെയിരിക്കട്ടെ. ആദ്യ ആർത്തവം മുതൽ അവരെ ‘പക്വതയുള്ളവർ’ ആയി കാണരുത്. അവരുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്. നിങ്ങളുടെ പെൺകുട്ടികളോടും ആൺകുട്ടികളോടും അതിനെക്കുറിച്ചു സംസാരിക്കുക. അതിലെ ലജ്ജയും വിലക്കും നീക്കുക. ആർത്തവം സാധാരണമാണ്, ലളിതവും’- ജ്യോത്സ്ന കുറിച്ചു.

 

Also Read: 'സ്ത്രീകളേ, നിങ്ങള്‍ എല്ലാം തികഞ്ഞ ഭാര്യയോ അമ്മയോ മരുമകളോ ആയില്ലെങ്കിലും കുഴപ്പമില്ല'; ജ്യോത്സ്‌ന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി