Asianet News MalayalamAsianet News Malayalam

'സ്ത്രീകളേ, നിങ്ങള്‍ എല്ലാം തികഞ്ഞ ഭാര്യയോ അമ്മയോ മരുമകളോ ആയില്ലെങ്കിലും കുഴപ്പമില്ല'; ജ്യോത്സ്‌ന

വീട് വൃത്തിയായി കൊണ്ടുനടക്കുന്ന, മക്കളുടെയും ഭര്‍ത്താവിന്റെയുമൊക്കെ കാര്യങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാതെ ചെയ്യുന്ന സ്ത്രീയെ ആണ് പലരും മാതൃകാ വനിതയായി പറയാറുള്ളത്. 

perfection is a myth says jyotsna
Author
Thiruvananthapuram, First Published Dec 11, 2020, 12:07 PM IST

മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍‌ ശ്രദ്ധ നേടുന്നത്.  സമൂഹത്തിലെ സ്ത്രീകളോടും പുരുഷന്മാരോടും തനിക്ക് പറയാനുള്ളതാണ് ജ്യോത്സ്‌ന തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കുറിക്കുന്നത്. എല്ലാം തികഞ്ഞ സ്ത്രീ, പുരുഷന്‍ എന്നതെല്ലാം വെറും സങ്കല്‍പമാണെന്ന് പറയുകയാണ് ജ്യോത്സ്‌ന. 

വീട് വൃത്തിയായി കൊണ്ടുനടക്കുന്ന, അടുക്കള ജോലികള്‍ ചെയ്യുന്ന, മക്കളുടെയും ഭര്‍ത്താവിന്റെയുമൊക്കെ കാര്യങ്ങള്‍ ഒരു വിട്ടുവീഴ്ച്ചയില്ലാതെ ചെയ്യുന്ന സ്ത്രീയെ ആണ് പലരും മാതൃകാ വനിതയായി പറയാറുള്ളത്. അതുപോലെതന്നെ, പുരുഷന്മാര്‍ പരസ്യമായി കരയാന്‍ പാടില്ലെന്നും അവര്‍ പിങ്ക് നിറങ്ങള്‍ ധരിക്കരുതെന്നുമൊക്കെ പറയുന്നവരുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍  എല്ലാം തികഞ്ഞ സ്ത്രീ, പുരുഷന്‍ എന്നതെല്ലാം വെറും സങ്കല്‍പമാണെന്നും അവരും സാധാരണ മനുഷ്യരാണ് എന്നും ജ്യോത്സ്‌ന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ജ്യോത്സ്‌നയുടെ കുറിപ്പ് വായിക്കാം...

'' പ്രിയപ്പെട്ട സ്ത്രീകളേ, 

പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തിയായി കിടന്നില്ലങ്കിലും, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലങ്കിലും കുഴപ്പമില്ല. കുട്ടികള്‍ ഇപ്പോള്‍ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മിസ് ചെയ്താലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.

പ്രിയപ്പെട്ട പുരുഷന്മാരേ, 

നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അത്താഴത്തിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താല്‍പര്യപ്പെടുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് അത് പറയുന്നതില്‍ കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന്‍ എന്നത് ഒരു മിഥ്യയാണ്.

നിങ്ങള്‍ സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് നോക്കേണ്ടത്. സമൂഹമാധ്യമത്തിലെ നമ്പറുകളോ പ്രധാനപ്പെട്ട പ്രൊജക്റ്റ് നഷ്ടമാകുന്നതോ അല്‍പം വണ്ണം കൂടുന്നതോ ഒന്നുമല്ല നിങ്ങളെ നിശ്ചയിക്കുന്നത്. എല്ലാം തികഞ്ഞവര്‍ ആയിരിക്കാനുള്ള സമ്മര്‍ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കി മാറ്റരുത്" - ജ്യോത്സ്‌ന കുറിച്ചു. 

 

Also Read: 'ബിരിയാണിക്ക് വേണ്ടി കരഞ്ഞോളൂ, ആളുകൾക്ക് വേണ്ടിയാവരുത്'; ഒരച്ഛന്‍ മകൾക്ക് അയച്ച സന്ദേശം വൈറല്‍...

Follow Us:
Download App:
  • android
  • ios