കുവൈത്ത് അമീര്‍, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് , പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹ് എന്നിവർ ഇന്ത്യക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.
കുവൈത്ത് സിറ്റി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് കുവൈത്ത് അമീർ. അമീർ ശൈഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിനന്ദന സന്ദേശം അയച്ചു. രാഷ്ട്രപതിക്ക് ആരോഗ്യവും ദീർഘായുസ്സും രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ അഭിവൃദ്ധിയും വികസനവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതോടൊപ്പം കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് , പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹ് എന്നിവരും ഇന്ത്യക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.
കുവൈത്തിലെ ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. കൊടും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ എംബസി പരിസരത്ത് ആയിരക്കണക്കിന് ഇന്ത്യക്കാർ ഒത്തുകൂടി. അംബാസഡർ ഡോ. ആദർശ് സ്വൈക മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ത്രിവർണ്ണ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. അംബാസഡർ ഡോ. സ്വൈക തന്‍റെ പ്രസംഗത്തിൽ ഇന്ത്യൻ സമൂഹത്തിന് ഹൃദയംഗമമായ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ ഇന്ത്യൻ സമൂഹത്തോടുള്ള അവരുടെ തുടർച്ചയായ പിന്തുണയ്ക്കും കുവൈത്ത് നേതൃത്വത്തിനും സർക്കാരിനും നന്ദി രേഖപ്പെടുത്തി.
