
ശരീരത്തിലെ പ്രധാന അവയങ്ങളിൽ ഒന്നാണ് വൃക്ക. മാലിന്യങ്ങളെ നീക്കം ചെയ്യുകയാണ് വൃക്കകളുടെ പ്രധാന ജോലി. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വൃക്കകളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികളും മറ്റു ജീവിത ശൈലികളും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കാം.
അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കൂടാൻ കാരണമാകുന്നു. ഇത് അമിതമായ രക്തസമ്മർദ്ദത്തിലേക്കും നിങ്ങളെ എത്തിക്കും. ഇത് സ്‌ട്രെയിൻ ഉണ്ടാക്കുകയും വൃക്കകൾ തകരാറിലാവാൻ കാരണമാവുകയും ചെയ്യുന്നു. ഒരു പരിധിയിൽ അപ്പുറം ഉപ്പ് കഴിക്കുന്നത് ഒഴിവാക്കാം.
പലതരം മായങ്ങളും ചേരുവകളും ചേർത്താണ് പായ്ക്കറ്റ് ഭക്ഷണങ്ങൾ തയാറാക്കുന്നത്. എന്നാൽ അമിതമായി ഇത് കഴിക്കുമ്പോൾ വൃക്കകൾക്ക് തകരാറുകൾ സംഭവിക്കാൻ കാരണമാകുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും ഇവ കാരണമായേക്കാം.
വെള്ളം കുടിക്കാതിരിക്കുന്നത്
ശരീരത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെള്ളം. വൃക്കകൾക്കും എപ്പോഴും വെള്ളം ആവശ്യമാണ്. ഇത് വൃക്ക രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ആവശ്യത്തിനുള്ള വെള്ളം കുടിച്ചാൽ മാത്രമേ വൃക്കകൾക്ക് മാലിന്യങ്ങളെ പുറന്തള്ളാൻ സാധിക്കുകയുള്ളു.
വറുത്ത ഭക്ഷണങ്ങൾ
വറുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. എപ്പോഴും എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പൊണ്ണത്തടി ഉണ്ടാവാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദത്തേയും കൂട്ടാറുണ്ട്. അതിനാൽ തന്നെ എപ്പോഴും പുറത്ത് നിന്നും ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
അമിതമായി പഞ്ചസാര കഴിക്കുന്നത്
ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ പൊണ്ണത്തടി ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇത് രക്തസമ്മർദ്ദവും പ്രമേഹവും കൂടാൻ കാരണമാകുന്നു. അതിലൂടെ വൃക്കകളുടെ ആരോഗ്യം തകരാറിലാവാനും സാധ്യതയുണ്ട്. അതിനാൽ തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം.