
ഇന്ന് ഒക്ടോബർ 20- ലോക ഓസ്റ്റിയോപൊറോസിസ് ദിനം. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ് രോഗമെന്ന് പറയുന്നത്. ലോക ഓസ്റ്റിയോപൊറോസിസ് ദിനം നമ്മുടെ അസ്ഥികളുടെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ്. നിശബ്ദ അസ്ഥി കള്ളൻ എന്നും അറിയപ്പെടുന്ന ഓസ്റ്റിയോപൊറോസിസ് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു, ഇത് നിങ്ങളുടെ അസ്ഥികളെ ദുർബലമാക്കുകയും പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അസ്ഥികളെ ആരോഗ്യകരമായി നിലനിർത്താൻ, നിങ്ങളുടെ ഭക്ഷണത്തിൽ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കണം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. പാൽ
കാത്സ്യത്തിന്‍റെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് പാല്‍. ഒരു ഗ്ലാസ് പാലില്‍ ഏകദേശം 300 മില്ലിഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ പാല്‍ കുടിക്കുന്നത് പതിവാക്കുന്നത് അസ്ഥികളെ ശക്തമായി നിലനിർത്തുകയും അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യും.
2. തൈര്
നിങ്ങൾക്ക് അസ്ഥികളുടെ ബലം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്താൻ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ തൈര് ചേര്‍ക്കാം. കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ അസ്ഥികളുടെ ബലം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രോബയോട്ടിക് ഗുണങ്ങള്‍ ഉള്ളതിനാല്‍ തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. പനീര്‍
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കോട്ടേജ് ചീസായ പനീരില്‍ കാത്സ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
4. എള്ള്
എള്ളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്.
5. റാഗി
കാത്സ്യം, നാരുകളും ഇരുമ്പും അടങ്ങിയ റാഗിയും എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
6. ബദാം
കാത്സ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ബദാം കഴിക്കുന്നത് നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
7. ചീര
ചീര,ബ്രൊക്കോളി പോലുള്ള പച്ച ഇലക്കറികളിൽ ധാരാളം കാത്സ്യം, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം നിലനിർത്താന്‍ സഹായിക്കും.