
പേശികളുടെ വളർച്ചയ്ക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീൻ. എൻസൈമുകളും ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു വലിയ മുട്ടയിൽ ഏകദേശം 6 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇതൊരു 'കംപ്ലീറ്റ് പ്രോട്ടീൻ' ഉറവിടമായി കണക്കാക്കപ്പെടുന്നു. കൂടാതെ, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ, സെലിനിയം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ ധാരാളമായുണ്ട്. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.
മുട്ടയിൽ, പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ, കൊളസ്ട്രോൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. അപ്പോൾ, പ്രോട്ടീൻ ലഭിക്കുന്നതിനായി ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമാണോ? ഇത് കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുമോ? ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ ലഭിക്കാൻ മുട്ട ഒരു മികച്ച മാർഗമാണ്. എന്നാൽ, അവയിലടങ്ങിയിരിക്കുന്ന കൊളസ്ട്രോളിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം പലരും തങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ മുട്ട ഉൾപ്പെടുത്താൻ മടിക്കുന്നു.
ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോളും, ജനിതക ഘടകങ്ങൾ, മൊത്തത്തിലുള്ള ഭക്ഷണശീലങ്ങൾ, ശരീരഭാരം, ശാരീരിക അധ്വാനം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന രക്തത്തിലെ കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് വൈശാലിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ. സജൽ ഗുപ്ത പറയുന്നു.
ആരോഗ്യവാനായ മിക്ക ആളുകൾക്കും ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിന് മുട്ട ഒരു നല്ല ഘടകമായിരിക്കും. ഭൂരിഭാഗം ആളുകളിലും മുട്ട കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ മാറ്റമുണ്ടാക്കുകയോ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഒരു വലിയ മുട്ടയിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീനും 186 മില്ലിഗ്രാമോളം ഡയറ്ററി കൊളസ്ട്രോളും (ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ) അടങ്ങിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും മുട്ടയുടെ മഞ്ഞക്കരുവിലാണ് കാണപ്പെടുന്നത്. എന്നാൽ, മുട്ട കഴിക്കുന്നത് എല്ലാവരിലും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി വർദ്ധിക്കുന്നതിലേക്ക് നയിക്കണമെന്നില്ല. ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോളിനെ അപേക്ഷിച്ച്, ഒരാൾ കഴിക്കുന്ന മൊത്തം ഭക്ഷണത്തിലെ പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളുമാണ് എൽ.ഡി.എൽ അഥവാ 'ചീത്ത' കൊളസ്ട്രോളിന്റെ അളവിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത്.
മുട്ട പാകം ചെയ്യുന്ന രീതിയും പ്രധാനമാണ്. അമിതമായ അളവിൽ വെണ്ണ, നെയ്യ്, സംസ്കരിച്ച മാംസം അല്ലെങ്കിൽ ഉപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളെ അപേക്ഷിച്ച്, പുഴുങ്ങിയതോ, വെള്ളത്തിലിട്ട് വേവിച്ചെടുത്തതോ, അല്ലെങ്കിൽ ലഘുവായി പാകം ചെയ്തതോ ആയ മുട്ടകളാണ് പൊതുവെ കൂടുതൽ നല്ലത്.
മുട്ടയ്ക്കൊപ്പം പച്ചക്കറികൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തുന്നത് ആഹാരത്തെ കൂടുതൽ സമീകൃതമാക്കും. മുട്ടയുടെ വെള്ളയിൽ കൊളസ്ട്രോൾ ഇല്ലാതെ തന്നെ പ്രോട്ടീൻ ലഭിക്കുന്നു.
മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ബി12, കോളിൻ, വിറ്റാമിൻ ഡി തുടങ്ങിയ ഗുണപ്രദമായ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. സംസ്കരിച്ച മാംസവിഭവങ്ങൾക്കോ അമിതമായി സംസ്കരിച്ച പ്രഭാതഭക്ഷണങ്ങൾക്കോ പകരം മുട്ട തിരഞ്ഞെടുക്കുന്നത്, മൊത്തത്തിലുള്ള ഭക്ഷണക്രമത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam