ഏഷ്യാനെറ്റ് ന്യൂസിന്‍റെ അഗോറയിൽ നടന്ന 'അവയവദാനത്തിനപ്പുറം' സെഷനിൽ, കേരളത്തിൽ മരണാനന്തര അവയവദാനം കുറയാനുള്ള കാരണങ്ങളും അതിലെ വെല്ലുവിളികളും ചർച്ചയായി. ഈ മേഖലയിലെ പുതിയ ഗവേഷണങ്ങളെ കുറിച്ചും പാനലിസ്റ്റുകൾ വിലയിരുത്തി.

നാല് കുഞ്ഞുങ്ങൾക്ക് പുതുജീവനേകിയ 10 മാസം മാത്രം പ്രായമുളള ആലിൻ ഷെറിൻ എന്ന കുഞ്ഞു മാലാഖ അടക്കം എത്രയെത്ര മനുഷ്യർ! ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ശ്വാസം നിലയ്ക്കാൻ പോവുകയാണ് എന്നറിയുന്ന നിമിഷം അയവദാനമെന്ന മഹാദാനത്തിന് തയ്യാറാകുന്നവരുടെ ഉള്ളിലെ മനുഷ്യത്വവും നന്മയും അളവറ്റതാണ്. പക്ഷേ മരണാനന്തര അവയവദാനത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം വളരെ പിന്നിലാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഐഡിയ ഫെസ്റ്റായ അഗോറയിൽ 'അവയവദാനത്തിനപ്പുറം' എന്ന സെഷനിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തു. ഒപ്പം മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ വച്ചുപിടിപ്പിക്കുന്നത് എത്രത്തോളം വിജയകരമാണ്, കൃത്രിമമായി അവയവങ്ങൾ നിർമിക്കാനുള്ള ഗവേഷണങ്ങളുടെ ഭാവിയെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കും പാനലിസ്റ്റുകൾ കൃത്യമായ മറുപടി നൽകി . കേരളത്തിൽ അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഏകോപിപ്പിക്കുന്ന സർക്കാർ സംവിധാനമായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) യുടെ എക്സിക്യൂട്ടീവ് ഡയറക്ടറും നെഫ്രോളജിസ്റ്റുമായ ഡോ. നോബിൾ ഗ്രേഷ്യസ്, ആലപ്പുഴ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി, ഹൈക്കോടതി അഭിഭാഷകനും മുൻ ഐപിഎസ് ഓഫീസറുമായ അജിത് ജോയ് എന്നിവരായിരുന്നു പാനലിസ്റ്റുകൾ. പിആർഎസ് ആശുപത്രിയിലെ സീനിയർ നെഫ്രോളജിസ്റ്റ് ഡോ. ഗീത എം നായരായിരുന്നു ചർച്ചയുടെ മോഡറേറ്റർ.

മരണാനന്തര അവയവദാനത്തിൽ എന്തുകൊണ്ട് കേരളം പിന്നിൽ?

അവയവദാനത്തിലെ വലിയ പ്രതിസന്ധി അവയവ ദൌർലഭ്യമാണ്. സംസ്ഥാനത്ത് അവയവത്തിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അങ്ങനെയാണ് 2012-13ൽ സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പിന്‍റെ കീഴിൽ മൃതസഞ്ജീവനി എന്ന പദ്ധതി തുടങ്ങിയത്. പിന്നീടത് പരിഷ്കരിച്ച് കെ സോട്ടോയായി മാറി. മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും ഭയവും വ്യാജ പ്രചാരണങ്ങളും മസ്തിഷ്ക മരണം റിപ്പോ‍ർട്ട് ചെയ്യുന്നതിൽ ഡോക്ടർമാർക്കുള്ള വിമുഖതയുമെല്ലാം കേരളത്തെ പിന്നോട്ടടിക്കുകയാണെന്ന് ഡോ. നോബിൾ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. അവയവത്തിനായി രജിസ്റ്റർ ചെയ്തവരുടെ കണക്കും ഇപ്പോഴത്തെ അവയവദാന ശരാശരിയും കണക്കിലെടുത്താൽ, 25 വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. 2012 കാലത്തൊക്കെ ദാതാക്കളെ കിട്ടാനില്ലാതെ കണ്‍മുന്നിൽ വൃക്ക രോഗികൾ മരിക്കുന്നതു കാണേണ്ടിവന്നിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നു. അതേസമയം അക്കാലത്ത് തമിഴ്നാട്ടിൽ മസ്തിഷ്ക മരണ അവയവ ദാനങ്ങൾ വലിയ തോതിൽ നടക്കുന്നുണ്ടായിരുന്നു, അവിടെ ഒരു വർക്ക് ഷോപ്പിൽ പങ്കെടുത്ത ശേഷം പ്രൊജക്റ്റുണ്ടാക്കി അന്നത്തെ ആരോഗ്യമന്ത്രി ശിവകുമാറിന് സമർപ്പിച്ചു. അദ്ദേഹം ആ പദ്ധതി അപ്പോൾത്തന്നെ അംഗീകരിച്ചെന്ന് ഡോ. നോബിൾ പറഞ്ഞു.

2013-24 കാലത്ത് ഇന്ത്യയിൽ തന്നെ മികച്ച അവയവദാന സംസ്ഥാനമായി കേരളം മാറി. 72ഓളം അവയവദാനങ്ങൾ ഒരു വർഷം നടക്കുന്ന സ്ഥിതിയിലെത്തി. അതിനിടെ റിലീസായ 'ജോസഫ്' എന്ന സിനിമ മനുഷ്യരെ ബോധപൂർവ്വം കൊലപ്പെടുത്തി അവയവ കച്ചവടം നടത്തുന്നു എന്ന ഭീതി ജനങ്ങളിലുണ്ടാവാൻ കാരണമായതായി ഡോ.നോബിൾ പറയുന്നു. അവയവദാന സമ്മത പത്രത്തിൽ ഒപ്പിടാൻ ബോധവൽക്കരണം നടത്തുമ്പോൾ ആളുകൾ ഈ സിനിമയിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആശങ്ക പങ്കുവയ്ക്കാൻ തുടങ്ങി. പിന്നാലെയത് ഹൈക്കോടതി വ്യവഹാരം വരെ എത്തി. അവയവ കച്ചവട ലോബി പ്രവർത്തിക്കുന്നു എന്നും മറ്റുമുള്ള ആശങ്കകൾ സമൂഹത്തിൽ പടരാൻ തുടങ്ങി. ഇതോടെ ആശുപത്രികളും ഡോക്ടർമാരും മസ്തിഷ്ക മരണം റിപ്പോർട്ട് ചെയ്യാൻ വിമുഖത കാണിച്ചുതുടങ്ങിയെന്ന് ഡോ. നോബിൾ പറഞ്ഞു. മസ്തിഷ്ക മരണം റിപ്പോർട്ട് ചെയ്ത് എന്തിന് കോടതി കയറിയിറങ്ങണം എന്ന ചോദ്യം ഡോക്ടർമാരുടെ ഉള്ളിലും ഉണ്ടായി. ഒരു ദിവസം തനിക്ക് കൊച്ചി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ലഭിച്ച അനുഭവം ഡോക്ടർ പങ്കുവച്ചു. എറണാകുളത്തെ ഒരു ആശുപത്രിയിൽ മസ്തിഷ്ക മരണം റിപ്പോർട്ട് ചെയ്തതിൽ ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ്. ഹൈക്കോടതി തന്നെ ചേംബറിൽ വിളിച്ചു കേട്ട ശേഷം ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ട് ഹർജി തള്ളുകയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ കെ-സോട്ടോയിലുള്ള വെയ്റ്റിങ് ലിസ്റ്റ് പ്രകാരമാണ് അവയവദാനം നടത്തുന്നതെന്നും ഇത് സുതാര്യമാണെന്നും അവയവം മാറ്റിവെയ്ക്കൽ സാധാരണക്കാരെ സംബന്ധിച്ച് സാധ്യമാകാൻ നിലവിൽ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

വഴിത്തിരിവാകുമോ ഓർഗനോയിഡ്സ്?

വൃക്ക രോഗികളെ സംബന്ധിച്ച് 30 ശതമാനം കേസുകളിലും അടുത്ത ബന്ധുക്കൾ വൃക്ക നൽകാൻ തയ്യാറാണെങ്കിലും രക്തഗ്രൂപ്പ് ചേരാത്തതാണ് വലിയ പ്രതിസന്ധിയെന്ന് ഡോക്ടർ ഗോമതി പറഞ്ഞു. അവിടെയാണ് ഒന്നിലധികം ദാതാക്കളുടെ വൃക്കകൾ കൈമാറ്റം ചെയ്ത് സ്വീകർത്താക്കൾക്ക് നൽകുന്ന സ്വാപ്പ് ട്രാൻസ്പ്ലാന്‍റേഷന്‍റെ പ്രസക്തി. സർക്കാർ, സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഒരു ഡാറ്റാ ബാങ്ക് കൊണ്ടുവന്നാൽ മാത്രമേ ഇത് ഫലപ്രദമായി നടക്കൂ. അതിനാവശ്യമായ ഏകീകൃത നിയമത്തിന് ഹൈക്കോടതി നിർദേശ പ്രകാരം സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഡോക്ടർ വിശദീകരിച്ചു. പന്നിയിൽ നിന്ന് സ്വീകരിച്ച വൃക്കയുമായി ഒരു വർഷമായി ജീവിക്കുന്ന യുഎസ് വനിതയെ സംബന്ധിച്ച റിപ്പോർട്ട് വലിയ പ്രതീക്ഷയാണ് നൽകുന്നത്. നമ്മുടെ നാട്ടിലത് നടന്നിട്ടില്ല. കാരണം കുറേ കടമ്പകളുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അല്ലാതെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അവയവമാറ്റം നടത്താൻ പുതിയ നിയമ നിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ട്. മാതൃ കോശങ്ങളിൽ നിന്ന് അവയവം നിർമിക്കാനുള്ള പരീക്ഷണങ്ങളും ലാബുകളിൽ നിലവിൽ നടക്കുന്നുണ്ട്. മൃഗങ്ങളിലാണ് നിലവിൽ ഇത് പരീക്ഷിക്കുന്നത്. കഴിഞ്ഞ 60 - 70 വർഷത്തിനിടെ അവയവമാറ്റ ശസ്ത്രക്രിയയിൽ ലോകം ഏറെ മുന്നോട്ടുപോയിട്ടുണ്ട് എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർ പറഞ്ഞു.

മസ്തിഷ്ക മരണം- ആശങ്കകളും യാഥാർത്ഥ്യവും

ഒരുതരത്തിലും തലച്ചോറിന്റെ പ്രവർത്തനം വീണ്ടെടുക്കാൻ സാധിക്കാത്ത അവസ്ഥയാണു മസ്തിഷ്ക മരണം. തലച്ചോറിനും സുഷുമ്നയ്ക്കും ഉണ്ടാകുന്ന ക്ഷതംമൂലം ശ്വസനശേഷി നഷ്ടപ്പെടുകയും ശ്വസനം വെന്റിലേറ്ററിന്‍റെ സഹായത്തോടുകൂടി മാത്രം നിലനിർത്തുകയും ചെയ്യുന്ന അവസ്ഥയാണത്. എന്നാൽ ഹൃദയമിടിപ്പ് ഉണ്ടാകും. രോഗിയെ ചികിത്സിക്കുന്ന ഡോക്ടർക്ക് തനിച്ച് മസ്തിഷ്ക മരണം സ്ഥിരീകരിക്കാനാവില്ല. രോഗി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ട രണ്ടു ഡോക്ടർമാരും മസ്തിഷ്ക മരണ പരിശോധനകൾ നടത്തും. സംഘത്തിൽ ഒരാൾ ന്യൂറോളജിസ്റ്റോ ന്യൂറോ സർജനോ ആയിരിക്കണം. മസ്തിഷ്കമരണം സ്ഥിരീകരിച്ചാലും ആ വ്യക്തിയുടെ നിയമപരമായ അവകാശമുള്ള വ്യക്തി സമ്മതിച്ചാൽ മാത്രമേ അവയവദാനം നടക്കൂ. കെ സോട്ടോയുടെ വെയ്റ്റിങ് ലിസ്റ്റിൽ നിന്നാണ് അവയവ സ്വീകർത്താവിനെ കണ്ടെത്തുന്നത്. അവരെ ഉടനെ ആശുപത്രിയിൽ എത്തിക്കുക, അവയവം മാച്ച് ആവുമോ എന്ന് പരിശോധിക്കുക, കൃത്യസമയത്ത് അവയവം രോഗി കിടക്കുന്ന ആശുപത്രിയിൽ നിന്ന് ട്രാൻസ്പ്ലാന്‍റേഷൻ നടത്തുന്ന ആശുപത്രിയിൽ എത്തിക്കുക എന്നിങ്ങനെ സങ്കീർണമായ പ്രക്രിയ ആണ് അവയവദാനം. 300-400 പേർ പിന്നിൽ പ്രവർത്തിച്ചാൽ മാത്രമേ അവയവദാനം സാധ്യമാകൂ. അവയവദാനം സംബന്ധിച്ച് ഹൃദയസ്പർശിയായ ഒരു അനുഭവം പങ്കുവച്ചാണ് ഈ സെഷൻ അവസാനിച്ചത്. കോട്ടയം സ്വദേശിയായ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇനി ഒന്നും ചെയ്യാനില്ലെന്ന് ആ ആശുപത്രിയിലും സ്ഥിരീകരിച്ചതോടെ കൈ ഉൾപ്പെടെയുള്ള എല്ലാ അവയവങ്ങളും ദാനം ചെയ്തു. മകന്‍റെ ജന്മദിനത്തിലും ചരമ വാർഷികത്തിലും ആ മാതാപിതാക്കൾ മകന്‍റെ അവയവങ്ങൾ സ്വീകരിച്ചവരെയെല്ലാം വിളിച്ച് ഒത്തുചേരും. അഞ്ച് കുടുംബങ്ങളിലായി മകൻ ജീവിക്കുന്നു എന്നാണ് അവർ കരുതുന്നത്. അവയവം സ്വീകരിച്ചവരിൽ ഒരാളുടെ വൃക്ക തകരാറിലായപ്പോൾ, യുവാവിന്‍റെ അമ്മ വൃക്ക ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ്. അവൻ മകനെപ്പോലെയാണെന്നും അവൻ ജീവിക്കണമെന്നുമാണ് ആ അമ്മ പറയുന്നതെന്ന് ഡോക്ടർ നോബിൾ വിശദീകരിച്ചു. മരണാനന്തര അവയവദാനത്തിനെതിരായ തെറ്റായ പ്രചാരണങ്ങൾ നോവിക്കുന്നത് ഇതുപോലുള്ള ദാതാക്കളെയാണെന്ന് ഓർമിപ്പിച്ചാണ് സെഷൻ അവസാനിച്ചത്.