സോഷ്യൽ മീഡിയയിൽ പുതിയൊരു ട്രെൻഡ് വൈറലാണ്, 'ഡാർക്ക് ഷവറിംഗ്'. രാത്രി ഇങ്ങനെ കുളിച്ചാൽ തലയിണയിൽ തല വെച്ചാൽ മതി, മിനിറ്റുകൾക്കകം ഉറക്കം പിടിക്കാമത്രേ. എന്താണ് ഈ ഡാർക്ക് ഷവറിംഗ്? വിശദമായി അറിയാം.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെപ്പോലെ നിങ്ങളും ഉറക്കപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ഉയർന്ന മാനസിക സമ്മർദ്ദവും കുറഞ്ഞ ശാരീരിക അധ്വാനവും കാരണം ഇന്ന് എല്ലാ പ്രായക്കാരിലും ഉറക്കമില്ലായ്മ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. ഈ പ്രശ്നത്തെ നേരിടാൻ, 'ഡാർക്ക് ഷവർ' എന്ന പുതിയൊരു ട്രെൻഡ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
25
എന്താണ് ഡാർക്ക് ഷവറിംഗ്?
ഈ രീതിയിൽ, ആളുകൾ രാത്രിയിൽ ലൈറ്റുകൾ ഡിം ആക്കിയോ അല്ലെങ്കിൽ പൂർണ്ണമായും ഓഫ് ചെയ്തോ ആണ് കുളിക്കുന്നത്. വിദഗ്ധർ പറയുന്നത്, ഇരുട്ടത്ത് കുളിക്കുന്നത് മാനസികമായി ശാന്തത നൽകാനും സമ്മർദ്ദം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ്. ചിലർ കുളിക്കുമ്പോൾ ബാത്ത്റൂമിലെ തീവ്രമായ വെളിച്ചം ഒഴിവാക്കാൻ മങ്ങിയ നൈറ്റ് ലാമ്പുകളോ മെഴുകുതിരികളോ ഉപയോഗിക്കുന്നു. രാത്രിയിലെ കൃത്രിമ വെളിച്ചം, പ്രത്യേകിച്ച് വെള്ളയോ നീലയോ നിറത്തിലുള്ള ലൈറ്റുകൾ ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു.
35
ഉറക്കത്തിന് വെളിച്ചം എന്തിന്?
നമ്മുടെ ശരീരം 24 മണിക്കൂറുള്ള ഒരു ആന്തരിക ക്ലോക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനെ വെളിച്ചം കാര്യമായി സ്വാധീനിക്കുന്നുണ്ട്. സ്ക്രീനുകളിൽ നിന്നും എൽഇഡി ബൾബുകളിൽ നിന്നും വരുന്ന നീല വെളിച്ചം, ഉറങ്ങാൻ സഹായിക്കുന്ന മെലാറ്റോണിൻ എന്ന ഹോർമോണിനെ തടയും. ഉറങ്ങുന്നതിന് തൊട്ടുമുൻപ് നിങ്ങൾ ബാത്ത്റൂമിലെ ലൈറ്റുകൾ ഓൺ ചെയ്യുമ്പോൾ, ഉണരാനുള്ള സിഗ്നലായിട്ടാണ് തലച്ചോറ് അതിനെ കാണുന്നത്. അതുകൊണ്ടാണ് ഡാർക്ക് ഷവർ പ്രധാനമാകുന്നത്. ലൈറ്റുകൾ ഡിം ആക്കുന്നതിലൂടെ, നിങ്ങൾ തലച്ചോറിന് 'ഉണരൂ' എന്ന സന്ദേശം നൽകുന്നില്ല.
രാത്രിയിൽ വെളിച്ചം ഏൽക്കുന്നത് കുറയ്ക്കുന്നത് സ്വാഭാവികമായി മെലാറ്റോണിൻ ഉത്പാദനം കൂട്ടുമെന്നും ഇത് വേഗത്തിൽ ഉറങ്ങാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. രാവിലെയുള്ള കുളി നിങ്ങളെ ഉന്മേഷഭരിതരാക്കുമ്പോൾ, ഡാർക്ക് ഷവർ വെളിച്ചം കുറച്ചും ശരീര താപനില നിയന്ത്രിച്ചും മനസ്സിന് വിശ്രമം നൽകിയും ഉറക്കത്തിനായി ശരീരത്തെ തയ്യാറാക്കുന്നു.
1. മെലാറ്റോണിനെ സംരക്ഷിക്കുന്നു: മങ്ങിയ വെളിച്ചം ശരീരത്തിലെ സ്വാഭാവിക ഉറക്ക ഹോർമോണുകളെ സഹായിക്കുന്നു, ഇത് വേഗത്തിൽ ഉറങ്ങാൻ വഴിയൊരുക്കുന്നു.
2. മനസ്സിന് വിശ്രമം: ഡാർക്ക് ഷവർ പേശികളെ റിലാക്സ് ചെയ്യുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മങ്ങിയ വെളിച്ചം കൂടി ചേരുമ്പോൾ ഒരു സ്പാ അനുഭവം ലഭിക്കും.
3. താപനിലയിലെ മാറ്റം: കുളിക്കുമ്പോൾ ശരീര താപനില ചെറുതായി ഉയരുന്നു. കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ശരീരം തണുക്കുന്നത്, വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്ന ഒരു സിഗ്നലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam