കഴുത്തുവേദനയും ഉറക്കപ്രശ്നങ്ങളും അകറ്റാൻ ജപ്പാനിൽനിന്ന് 40,000 രൂപ വിലയുള്ള കസ്റ്റമൈസ്ഡ് തലയണ വാങ്ങിയ ഇന്ത്യൻ യുവതിയുടെ അനുഭവം വൈറലാകുന്നു. ശരീരത്തിന്റെ പ്രത്യേകതകളും ഉറങ്ങുന്ന രീതിയും പരിശോധിച്ചാണ് ഈ തലയണ നിർമിക്കുന്നത്.
കഴുത്തുവേദനയും ഉറക്കപ്രശ്നങ്ങളും അകറ്റാൻ ജപ്പാനിൽനിന്ന് 40,000 രൂപ വിലയുള്ള കസ്റ്റമൈസ്ഡ് തലയണ വാങ്ങിയ ഇന്ത്യൻ യുവതിയുടെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടി. ദീർഘനേരം ലാപ്ടോപ്പിലും മൊബൈൽ ഫോണിലും ജോലി ചെയ്യുന്നത് കഴുത്തിനെ ബാധിച്ചെന്നും മികച്ച ഉറക്കത്തിനായുള്ള നിക്ഷേപമായാണ് താൻ ഈ തലയണയെ കാണുന്നതെന്നുമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ യുവതി പറയുന്നത്.
400 വർഷം പഴക്കമുള്ളൊരു കടയിൽ നിന്ന്
വിപന്ദീപ് കൗർ എന്ന യുവതിയാണ് സമൂഹ മാധ്യമങ്ങളിൽ പുതിയ തലയിണയുമായി ശ്രദ്ധ നേടിയത്. ജപ്പാനിലെത്തിയ ഇവർ സന്ദർശനത്തിനിടെ നിഹോൻബാഷിയിലെ 400 വർഷം പഴക്കമുള്ളൊരു കടയിൽനിന്നാണ് ജാപ്പനീസ് ബെഡ്ഡിങ് ബ്രാൻഡായ നിഷികാവയുടെ കസ്റ്റമൈസ്ഡ് തലയണ വാങ്ങിയത്. നവംബർ നാലിന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് തലയണ വാങ്ങിയ അനുഭവം ഇവർ വിശദീകരിച്ചത്. ശരീരത്തിന്റെ പ്രത്യേകതകൾ, ഉറങ്ങുന്ന രീതി, കിടക്കുമ്പോഴുള്ള ശരീരത്തിന്റെ നില എന്നിവ കണക്കിലെടുത്താണ് തലയണ തയ്യാറാക്കുന്നതെന്ന് വിപന്ദീപ് പറഞ്ഞു.
വിശദ പരിശോധന
ജപ്പാനിലെ വിദഗ്ധർ കസ്റ്റമൈസ്ഡ് തലയണ നിർമിക്കുന്നതിന് മുൻപ് വിശദമായ പരിശോധനകളാണ് നടത്തുന്നത്. ആദ്യം ഉപഭോക്താവിന്റെ കഴുത്തിന്റെ ഘടനയും ശരീരത്തിന്റെ നിലയും പരിശോധിക്കും. തുടർന്ന് അനുയോജ്യമായ തലയണയുടെ തുണിയും മറ്റ് ഘടകങ്ങളും തീരുമാനിക്കും. വ്യത്യസ്ത ഉയരങ്ങളിലുള്ള തലയണകളിൽ കിടക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടും. ഇതിലൂടെ ഉറങ്ങുന്ന രീതിയും ശരീരത്തിന് അനുയോജ്യമായ തലയണയുടെ ഉയരവും വിദഗ്ധർ കണ്ടെത്തും. ആവശ്യമായ അളവുകളും പരിശോധനകളും പൂർത്തിയായ ശേഷമാണ് തലയണ നിർമിക്കുന്നത്. ബിഞ്ചോട്ടൻ (Binchotan) എന്നറിയപ്പെടുന്ന കറുത്ത കരിയുടെ ചെറിയ കുഴൽരൂപത്തിലുള്ള ബീഡുകളാണ് തലയണയ്ക്കുള്ളിൽ നിറയ്ക്കാൻ ഉപയോഗിക്കുന്നത്. ഇവ സുഖകരമായ ഉറക്കത്തിന് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
'ഒരു നല്ല നിക്ഷേപം'
തലയണയ്ക്കായി ഇത്രയും വലിയ തുക ചെലവഴിച്ചതിന്റെ കാരണം വിശദീകരിച്ച വിപന്ദീപ്, മുൻപ് ഉറക്കത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്ന് പറഞ്ഞു. എന്നാൽ, പ്രായം കൂടുന്നതിനനുസരിച്ച് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയെന്നും ലാപ്ടോപ്പിലും മൊബൈൽ ഫോണിലും ദീർഘനേരം ചെലവഴിക്കുന്നത് കഴുത്തിനെ ബാധിച്ചെന്നും അവർ വ്യക്തമാക്കുന്നു. കസ്റ്റമൈസ്ഡ് തലയണ കഴുത്തുവേദന കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
വിപന്ദീപിന്റെ വിഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പങ്കുവെച്ച് വെറും നാല് മണിക്കൂറിനുള്ളിൽ വിഡിയോയ്ക്ക് മൂന്ന് ലക്ഷത്തിലധികം കാഴ്ചകൾ ലഭിച്ചതായാണ് പോസ്റ്റിൽ പറയുന്നത്. മികച്ച ഉറക്കത്തിനായി പണം ചെലവഴിച്ച തീരുമാനത്തെ ചിലർ അഭിനന്ദിച്ചപ്പോൾ 40,000 രൂപ ഒരു തലയണയ്ക്കായി ചെലവഴിക്കേണ്ടതുണ്ടോ എന്നായിരുന്നു മറ്റുചിലരുടെ ചോദ്യം














