
ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ ഗർഭാശയമുഖ ക്യാൻസർ മൂലം മരിക്കുന്നുതായി ലോകാരോഗ്യ സംഘടന. 2024-ൽ ഇന്ത്യയിൽ 79,360 പുതിയ ഗർഭാശയമുഖ ക്യാൻസർ കേസുകളും 36,319 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഈ രോഗം മൂലമുള്ള ആഘാതം വളരെ വലുതായി തുടരുന്നതായി ഗ്ലോബോക്കാൻ (GLOBOCAN) വ്യക്തമാക്കുന്നു.
ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിലെ (Cervix) കോശങ്ങളിലുണ്ടാകുന്ന അസാധാരണമായ വളർച്ചയാണ് സെർവിക്കൽ ക്യാൻസർ (ഗർഭാശയഗള കാൻസർ). ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയാണ് 90 ശതമാനത്തിലധികം കേസുകൾക്കും പ്രധാന കാരണം. നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും പ്രതിരോധിക്കാനും ചികിത്സിച്ചു ഭേദമാക്കാനും കഴിയുന്ന ഒന്നാണിത്.
എച്ച്.പി.വി. (HPV) വാക്സിനേഷൻ, കൃത്യമായ പരിശോധന, സമയബന്ധിതമായ ചികിത്സ എന്നിവയിലൂടെ പല കേസുകളും തടയാനോ അല്ലെങ്കിൽ രോഗം നേരത്തെ കണ്ടെത്താനോ സാധിക്കും. എന്നാൽ, ഈ രോഗം പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ നിശബ്ദമായാണ് വളരുന്നത് എന്നതിനാൽ, രോഗം മൂർച്ഛിക്കുന്നത് വരെ പല സ്ത്രീകളും ഇതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു.
ഗർഭാശയമുഖത്തുണ്ടാകുന്ന ക്യാൻസർ-പൂർവ്വ മാറ്റങ്ങൾ സാധാരണയായി യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കാറില്ല എന്നതാണ് ഇതിലെ വെല്ലുവിളി. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു സ്ത്രീക്ക് താൻ പൂർണ്ണ ആരോഗ്യവതിയാണെന്ന് തോന്നിയേക്കാമെന്ന് എന്ന് രാജീവ് ഗാന്ധി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്ററിലെ ഗൈനി ഓങ്കോളജി യൂണിറ്റ്-2 സീനിയർ കൺസൾട്ടന്റും യൂണിറ്റ് മേധാവിയുമായ ഡോ. രേണുക ഗുപ്ത പറയുന്നു.
എച്ച്പിവി വാക്സിനേഷൻ, പാപ് സ്മിയർ (Pap smear) അല്ലെങ്കിൽ HPV പരിശോധന വഴിയുള്ള കൃത്യമായ പരിശോധന, സമയബന്ധിതമായ തുടർനടപടികൾ എന്നിവ അത്യന്താപേക്ഷിതമാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവയെ സാധാരണ ആർത്തവ സംബന്ധമായ മാറ്റങ്ങളായോ നിസ്സാരമായ അണുബാധകളായോ കരുതി അവഗണിക്കരുതെന്നും വിദഗ്ധർ പറയുന്നു. സെർവിക്കൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?
അസാധാരണമായ യോനീരക്തസ്രാവമാണ് ആദ്യത്തെ ലക്ഷണം. ഹോർമോൺ വ്യതിയാനങ്ങൾ, മാനസിക സമ്മർദ്ദം അല്ലെങ്കിൽ ആർത്തവവിരാമം (മെനോപോസ്) അടുക്കുന്നതിന്റെ ലക്ഷണങ്ങൾ എന്നിവ മൂലമാണ് ഇത്തരത്തിലുള്ള രക്തസ്രാവം ഉണ്ടാകുന്നതെന്ന് കരുതി പല സ്ത്രീകളും അത് അവഗണിക്കാറുണ്ട്. ആർത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന രക്തസ്രാവം നിസാരമായി കാണരുത്.
ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവമാണ് മറ്റൊരു ലക്ഷണം. ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം ഉണ്ടായാൽ അത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.
തുടർച്ചയായതോ അസാധാരണമോ ആയ യോനീസ്രവമാണ് മറ്റൊരു ലക്ഷണം. ആർത്തവചക്രത്തിനിടയിൽ യോനീസ്രവത്തിൽ സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്; എന്നാൽ തുടർച്ചയായതോ അസാധാരണമായതോ ആയ സ്രവം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തമായ കാരണമില്ലാതെ ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന സ്രവം (discharge) ഉണ്ടെങ്കിൽ, അത് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
പെൽവിക് വേദന അല്ലെങ്കിൽ ലൈംഗിക ബന്ധത്തിനിടയിലുള്ള വേദനയാണ് മറ്റൊരു ലക്ഷണം. പെൽവിസ് ഭാഗത്തോ വയറിന്റെ താഴെയുള്ള ഭാഗത്തോ ഉണ്ടാകുന്ന വിട്ടുമാറാത്ത വേദനയ്ക്ക് ആർത്തവ വേദന, മൂത്രനാളിയിലെ അണുബാധ, ഫൈബ്രോയിഡുകൾ അല്ലെങ്കിൽ എൻഡോമെട്രിയോസിസ് തുടങ്ങി പല കാരണങ്ങളുണ്ടാകാം. പുതിയതായി ഉണ്ടാകുന്നതോ വഷളായിക്കൊണ്ടിരിക്കുന്നതോ ആയ പെൽവിക് വേദന—പ്രത്യേകിച്ച് അസാധാരണമായ രക്തസ്രാവമോ സ്രവമോ (discharge) അതിനൊപ്പം ഉണ്ടാകുമ്പോൾ—അവഗണിക്കരുത്.
നടുവേദന അല്ലെങ്കിൽ കാലുകളിലെ നീരാണ് മറ്റൊരു ലക്ഷണം. രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ, സമീപത്തുള്ള കലകളെയോ ഞരമ്പുകളെയോ ലിംഫാറ്റിക് ഡ്രെയിനേജിനെയോ ബാധിക്കുമ്പോൾ ഗർഭാശയമുഖ ക്യാൻസർ നടുവേദന, കാലുകളിലേക്ക് വ്യാപിക്കുന്ന വേദന, അല്ലെങ്കിൽ ഒന്നോ രണ്ടോ കാലുകളിലും നീര് എന്നിവയ്ക്ക് കാരണമായേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam