
എല്ലാ വർഷവും സെപ്റ്റംബർ 21-ന് 'ലോക അൽഷിമേഴ്സ് ദിനം' (World Alzheimer's Day) ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെയും ഡിമെൻഷ്യയെയും കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം തുടങ്ങിയത്. അൽഷിമേഴ്സ് രോഗം എന്നത് ഓർമ്മശക്തി, ചിന്താശേഷി, ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവയെ ക്രമേണ നശിപ്പിക്കുന്ന, ഒരു മസ്തിഷ്ക രോഗമാണ്. ഡിമെൻഷ്യ കേസുകളിൽ 60% മുതൽ 80% വരെ ഇതിനാലാണ് ഉണ്ടാകുന്നത്. ഡിമെൻഷ്യയ്ക്ക് ഏറ്റവും സാധാരണമായ കാരണം അൽഷിമേഴ്‌സ് രോഗമാണ്.
തലച്ചോറിൽ അമിലോയിഡ് പ്ലാക്കുകൾ ന്യൂറോഫിബ്രില്ലറി ടാംഗിളുകൾ എന്നീ രൂപങ്ങളിൽ പ്രോട്ടീനുകൾ അടിഞ്ഞുകൂടുന്നതോടെ ആരംഭിക്കുന്ന ഒരു ജൈവിക പ്രക്രിയയാണ് അൽഷിമേഴ്‌സ് രോഗം. ഇത് കാലക്രമേണ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകുന്നു.
അമേരിക്കയിൽ 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏകദേശം 6.9 ദശലക്ഷം ആളുകൾ അൽഷിമേഴ്സ് രോഗം ബാധിച്ചവരാണ്. ഇവരിൽ 70 ശതമാനത്തിലധികം പേരും 75 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ലോകമെമ്പാടുമുള്ള 55 ദശലക്ഷത്തിലധികം ഡിമെൻഷ്യ ബാധിതരിൽ 60 മുതൽ 70 ശതമാനം വരെ ആളുകൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
അൽഷിമേഴ്സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ മറന്നുപോകുന്നത് ഉൾപ്പെടുന്നു. കാലക്രമേണ, ഈ രോഗം ഗുരുതരമായ ഓർമ്മശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള വ്യക്തിയുടെ കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. രോഗം മൂർച്ഛിച്ച ഘട്ടത്തിൽ, തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുന്നത് നിർജലീകരണം, പോഷകാഹാരക്കുറവ് അല്ലെങ്കിൽ അണുബാധ എന്നിവയ്ക്ക് കാരണമായേക്കാം. ഇത്തരം സങ്കീർണതകൾ മരണത്തിലേക്ക് നയിച്ചേക്കാം.
പേരോ വാചകമോ പറയാനുള്ള ബുദ്ധിമുട്ട്, പുതിയ ആള്‍ക്കാരെ പരിചയപ്പെടുമ്പോള്‍ പേരുകള്‍ ഓര്‍ത്തുവെക്കാനുള്ള ബുദ്ധിമുട്ട്, ജോലി സ്ഥലത്തും മറ്റും ജോലി ചെയ്തുതീര്‍ക്കാന്‍ നേരിടുന്ന വെല്ലുവിളികള്‍, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടടമാവുകയോ തെറ്റായസ്ഥലത്തു വയ്ക്കുകയോ ചെയ്യുന്നത് എന്നിവ അൽഷിമേഴ്സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
മുതിർന്നവരിലും കാര്യങ്ങൾ കൃത്യമായി ഓർത്തുെവക്കാനും പ്ലാൻ ചെയ്യാനും ജോലി കൃത്യസമയത്ത് തീർക്കാനും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇതും മറവി രോഗത്തിന്റെ ലക്ഷണമാണ്. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ വിവരങ്ങൾ ഓർത്തുെവക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
ഒരാളെക്കുറിച്ചുള്ള മുന്‍കാലവിവരങ്ങളോ സംഭവങ്ങളോ മറക്കുക, സ്വന്തം മേല്‍വിലാസമോ ഫോണ്‍നമ്പറോ മറന്നുപോവുക, പഠിച്ച സ്‌കൂളും കോളേജും ഏതാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, വ്യക്തിത്വത്തിലും സ്വഭാവത്തിലുമുള്ള മാറ്റം, സംശയം വഞ്ചിക്കപ്പെടുന്നുവെന്ന തോന്നല്‍ എന്നിവയെല്ലാം മറവിരോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് വിദഗ്ധർ പറയുന്നു.
അല്‍ഷിമേഴ്സിന്റെ അവസാന ഘട്ടമാകുന്നതോടെ രോഗികള്‍ക്ക് തങ്ങളുടെ ചുറ്റുപാടിനോട് പ്രതികരിക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടുന്നു. ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാനോ സ്വന്തം ചലനത്തെ നിയന്ത്രിക്കാനോ കഴിയാതാകും. പ്രായമാണ് ഏറ്റവും പ്രധാനപ്പെട്ട അപകടസാധ്യത ഘടകം. രോഗികളിൽ അൽഷിമേഴ്‌സ് രോഗനിർണയം നടത്തുന്ന വ്യക്തികളിൽ ഭൂരിഭാഗവും 65 വയസ്സിനു മുകളിലുള്ളവരാണ്.
നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ ഉള്ള സങ്കീർണ്ണമായ ഒരു അവയവമാണ് മസ്തിഷ്കം. അൽഷിമേഴ്‌സ് രോഗബാധിതരിൽ ഈ മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഇത് രോഗികളുടെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam