Published : Jun 13, 2022, 11:12 AM ISTUpdated : Jun 13, 2022, 02:40 PM IST
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇന്ന് ദില്ലിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മുന്‍പാകെ ഹാജരാകും. രാവിലെ പതിനൊന്ന് മണിയോടെയാകും രാഹുല്‍ ഇഡിക്ക് മുന്നിലെത്തുക. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ബാധിതയായ സാഹചര്യത്തിൽ കൂടുതൽ സമയം വേണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎൽ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി. നേരത്തെ അന്വേഷണം അവസാനിപ്പിച്ച കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം. ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ അനന്ദുപ്രഭ, ദീപു എം നായര്‍, ഷിജോ ജോര്‍ജ്ജ്,
നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, പ്രതിഷേധ റാലിയുമായി മുന്നോട്ട് തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
217
മോദിക്കും അമിത് ഷായ്ക്കും എന്തിനാണ് പേടിയെന്ന് ചോദിച്ച കെ സി വേണുഗോപാല്‍, കേസിൽ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുമെന്നും അറിയിച്ചു. പ്രതിപക്ഷ കക്ഷികൾ ഒന്നിക്കേണ്ട സമയമാണിതെന്നും എഐസിസി ജനറൽ സെക്രട്ടറി ദില്ലിയിൽ പറഞ്ഞു.
317
ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി പൊലീസ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കി.
417
ഇതിന്‍റെ മുന്നൊരുക്കമായി എഐസിസി ഓഫീസ് പരിസരത്ത് ദില്ലി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദില്ലി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
517
ഇഡി ഓഫീസിന്‍റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായും പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോൺഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പൊലീസിന്‍റെ മുന്നൊരുക്കം.
617
എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനിടെ രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ദില്ലി നഗരത്തില്‍ നിരവധി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.
717
തുഗ്ലക്ക് ലൈനിലെ രാഹുല്‍ ഗാന്ധിയുടെ വീടിന് സമീപത്താണ് ബോർഡുകൾ സ്ഥാപിച്ചത്. മോദിക്കും അമിത് ഷാക്കും മുന്നിൽ മുട്ടുമടക്കാൻ 'ഞാൻ സവർക്കർ അല്ല, രാഹുൽ ഗാന്ധിയാണ്' എന്നിങ്ങനെയുള്ള വാചകങ്ങളുമായാണ് പോസ്റ്ററുകൾ ഉയര്‍ന്നത്.
817
രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കും എന്നായിരുന്നു വിവരം. എന്നാല്‍, ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
917
വര്‍ഗീയ ലഹളയ്ക്കുള്ള സാധ്യതവരെ തള്ളികളയാന്‍ കഴിയില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, പൊലീസിന്‍റെ നിര്‍ദ്ദേശം അവഗണിച്ച് മുന്നോട്ട് നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.
1017
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്റു കുടുംബത്തേയും തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ എഐസിസി ആഹ്വാനമനുസരിച്ച് എറണാകുളം, കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുകളിലേക്ക് സംസ്ഥാന കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിക്കും.
1117
എറണാകുളം ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോഴിക്കോട് ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.
1217
കോണ്‍ഗ്രസിന്‍റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ മുഴുവന്‍ മാതേതര ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും ഇഡി ഓഫീസ് മാര്‍ച്ചുകള്‍ വിജയിപ്പിക്കണമെന്നും കെ.സുധാകരന്‍ ആഹ്വാനം ചെയ്തു.
1317
തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള 8 ജില്ലകളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും കെപിസിസി, ഡിസിസി നേതാക്കളും എറണാകുളത്തും പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ആറ് ജില്ലകളിലെ നേതാക്കള്‍ കോഴിക്കോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുകളിലേക്കുള്ള മാര്‍ച്ചുകളില്‍ പങ്കെടുക്കും.
1417
2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.
1517
അതേസമയം രാഷ്ട്രീയ വേട്ടയെന്ന ആക്ഷേപത്തില്‍ ഇഡി നടപടി നേരിടുന്ന സമാനകക്ഷികളെ ഒപ്പം ചേര്‍ത്ത് രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് വിവരം.
1617
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തെ സോണിയ പിന്തുണച്ചത് ഭാവി നീക്കത്തിനുള്ള സൂചനയായി കരുതുന്നു.
1717
ദില്ലിയില്‍ നടന്ന പ്രതിഷേധത്തില്‍ കറുത്ത മാസ്ക് ധരിച്ചാണ് മുന്‍ കേരളാ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി എത്തിയത്. യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്നാ സുരേഷ് ഉയര്‍ത്തിയ ആരോപങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പോകുന്ന വഴികളില്‍ നിന്ന് കറുത്ത വസ്ത്രം ധരിച്ചവരെയും കറുത്തമാസ്ക് ധരിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത് വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam