ആശങ്കപ്പെടുത്തുന്ന അമീബിക് മസ്തിഷ്കജ്വരം; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

Published : Sep 10, 2025, 10:07 PM IST
amoebic meningitis

Synopsis

രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി.

സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം സ്വദേശിയായ പെൺകുട്ടിയാണ് ഇന്ന് രോഗം സ്ഥരീകരിച്ച മറ്റൊരാൾ. മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

എന്താണ് അമീബിക് മസ്തിഷ്കജ്വരം?

തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല.

ലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന, ഛർദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം.

പ്രതിരോധ മാർഗങ്ങൾ

  • വൃത്തിയില്ലാത്ത കുളങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിംഗ് പൂളുകൾ എന്നിവയിൽ കുളിക്കുന്നത് ഒഴിവാക്കുക.
  • വെള്ളത്തിൽ കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളം കയറാതെ ശ്രദ്ധിക്കുക.
  • വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
  • വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
  • ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്.
  • രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ രോഗബാധ തടയാൻ സാധിക്കും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക