
കൊച്ചി : തുടർച്ചയായ ശ്വാസകോശ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്കായി എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ ക്രോണിക് ലംഗ് ഡിസീസ് ക്ലിനിക് (സി.എൽ.ഡി.സി) പ്രവർത്തനം ആരംഭിച്ചു. സി.ഒ.പി.ഡി, ബ്രോങ്കൈക്ടസിസ്, പൾമണറി ഫൈബ്രോസിസ് തുടങ്ങി വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ വലയുന്നവർക്ക് ബഹുമുഖ പിന്തുണ നൽകി ജീവിത നിലവാരം ഉയർത്തുകയാണ് സി.എൽ.ഡി.സി ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. പോഷകാഹാര പിന്തുണ, ശാസ്ത്രീയ വ്യായാമ ക്രമം, മാനസിക പിന്തുണ തുടങ്ങിയവ ഉൾക്കൊള്ളുന്ന സമഗ്ര സമീപനത്തിലൂടെയാണ് ഇത് യാഥാർത്ഥ്യമാക്കുക.
വി.പി.എസ് ലേക്‌ഷോർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.ബാബു എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ശ്വാസകോശവുമായി ബന്ധപ്പെട്ട വ്യത്യസ്ത ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വി.പി. എസ് ലേക്‌ഷോറിൽ സംവിധാനം ആരംഭിച്ചത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ജന്മനായുള്ളത്, വാർധക്യസഹജമായത് എന്നിങ്ങനെ ആസ്ത്മ രോഗങ്ങൾ കേരളത്തിൽ കണ്ടുവരുന്നുണ്ട്. ഇതിന് പരിഹാരമായി ലേക്‌ഷോറിൽ കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുവെന്നത് രോഗികൾക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാതിമാത്രം വളർച്ചയുള്ള വലംകൈയുടെ പ്രതിസന്ധി വകവെക്കാതെ വൺ ഹാൻഡ് എംബ്രോയിഡറിയെന്ന സ്വന്തം സംരംഭം ഹിറ്റാക്കി മാറ്റിയ സമൂഹ മാധ്യമ ഇൻഫ്‌ളുവൻസർ അഞ്ജന ഷാജി മുഖ്യാതിഥിയായിരുന്നു. രോഗികളുടെ ആരോഗ്യസംരക്ഷണത്തിനായി സമർപ്പണത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരാണ് യഥാർത്ഥ ഇൻഫ്‌ളുവൻസർമാരെന്ന് അഞ്ജന പറഞ്ഞു.
ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയെന്ന പ്രവർത്തിയിലൂടെ ദൈവത്തോട് ചേർന്ന് നിൽക്കുന്നവരാണത്. ചികിത്സയും പിന്തുണയും നൽകി രോഗികൾക്ക് കൈതാങ്ങാകുന്നത് അവരുടെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തുന്ന കാര്യമാണെന്നും അഞ്ജന കൂട്ടിച്ചേർത്തു. സർജിക്കൽ ഗാസ്‌ട്രോ എന്ററോളജി ഡയറക്ടർ ഡോ. എച്ച്. രമേഷ് സംസാരിച്ചു. പൾമണറി മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. ഹരി ലക്ഷ്മണൻ സ്വാഗതവും കൺസൾട്ടന്റ് ഡോ. കെ.കെ. മുജീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam