
കഴിഞ്ഞ 20 വർഷമായി ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മൂലമുള്ള മരണങ്ങളിൽ കുറവുണ്ടായിട്ടും പ്രായാധിക്യം മൂലമുള്ള ഡിമെൻഷ്യ മരണനിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. അൽഷിമേഴ്സ് രോഗവും മറ്റ് ഡിമെൻഷ്യകളും മുതിർന്ന പൗരന്മാരിൽ മൂന്നിലൊന്ന് പേരുടെയും ജീവൻ അപഹരിക്കുന്നു.
ദിവസവും ഒലീവ് ഓയിൽ കഴിക്കുന്നത് ഡിമെൻഷ്യയുമായി ബന്ധപ്പെട്ട മരണ സാധ്യത ഗണ്യമായി കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. JAMA നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
പ്രതിദിനം കുറഞ്ഞത് ഏഴ് ഗ്രാം ഒലീവ് ഓയിൽ കഴിക്കുന്നത് ആരോഗ്യകരമാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക ഗുണങ്ങൾ ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്.
92,383 വ്യക്തികളിൽ 28 വർഷക്കാലം നടത്തിയ ഒരു പ്രോസ്പെക്റ്റീവ് കോഹോർട്ട് ഗവേഷണത്തിൽ പ്രതിദിനം 7 ഗ്രാമിൽ കൂടുതൽ ഒലീവ് ഓയിൽ കഴിക്കുന്നത് ഡിമെൻഷ്യയുമായി ബന്ധപ്പെട്ട മരണ സാധ്യത 28 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി. കൂടുതൽ ഒലീവ് ഓയിൽ കഴിക്കുന്നത് ഡിമെൻഷ്യ മരണ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് ഈ കണ്ടെത്തലുകൾ കാണിക്കുന്നു.
ലോകമെമ്പാടുമുള്ള 55 ദശലക്ഷത്തിലധികം ആളുകൾ ഡിമെൻഷ്യ ബാധിതരാണ്. കൂടാതെ ഓരോ വർഷവും 10 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നതായും കണക്കാക്കപ്പെടുന്നു. ഒലീവ് ഓയിൽ കൂടുതലായി കഴിക്കുന്നത് ഡിമെൻഷ്യയുമായി ബന്ധപ്പെട്ട മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. സമീകൃതാഹാരവും ജീവിതശൈലിയും അൽഷിമേഴ്‌സ് രോഗത്തിന്റെ പുരോഗതി തടയാനോ മന്ദഗതിയിലാക്കാനോ സഹായിക്കുമെന്ന് പഠനം പറയുന്നു.
തലച്ചോറിന്റെ പ്രവർത്തനത്തിൽ ഒലീവ് ഓയിലിന്റെ ഗുണങ്ങളെക്കുറിച്ച് കൂടുതലറിയാൻ, മൂന്ന് പതിറ്റാണ്ടുകളായി 90,000-ത്തിലധികം അമേരിക്കക്കാരിൽ നിന്ന് ശേഖരിച്ച ഭക്ഷണക്രമ ചോദ്യാവലികളും ഡാറ്റയും ഗവേഷകർ പരിശോധിച്ചു. മറ്റൊരു കാര്യം ഒലീവ് ഓയിൽ മിതമായി മാത്രം ഉപയോഗിക്കണം, കാരണം അവയിൽ കലോറി കൂടുതലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam