
പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായതിനാൽ പാൽ നമ്മുടെ നിത്യജീവിതത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ്. എന്നാൽ എല്ലാവർക്കും പാൽ ഒരുപോലെ ദഹിക്കണമെന്നില്ല. പാൽ കുടിക്കുന്നത് നല്ലതാണോ അല്ലയോ എന്നത്, നിങ്ങളുടെ ശരീരം പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാരയെ എങ്ങനെ ദഹിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
കുഞ്ഞുന്നാളിൽ അമ്മപ്പാൽ കുടിക്കുന്ന നമ്മൾ പിന്നീട് മൃഗങ്ങളുടെ പാലിലേക്ക് മാറുന്നു. മൃഗങ്ങളുടെ പാൽ ദഹിപ്പിക്കാനുള്ള ശേഷി ഓരോരുത്തരിലും വ്യത്യസ്തമാണ്. പാലിലെ ലാക്ടോസിനെ ചെറുഘടകങ്ങളാക്കി മാറ്റാൻ സഹായിക്കുന്നത് ശരീരത്തിലെ ലാക്ടേസ് എന്ന എൻസൈം ആണ്. ഈ എൻസൈം ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്തവരിലാണ് ലാക്ടോസ് ഇൻടോളറൻസ് ഉണ്ടാകുന്നത്.
പാൽ കുടിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നത് പാൽ മോശമായതുകൊണ്ടല്ല, മറിച്ച് നിങ്ങളുടെ ശരീരത്തിന് അത് ദഹിപ്പിക്കാൻ കഴിയാത്തതുകൊണ്ടാകാം. വയറു വീർത്തു കെട്ടുക, ഗ്യാസ് നിറയുക, വയറുവേദനയും അസ്വസ്ഥതയും, വയറിളക്കം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
പാൽ കുടിക്കുന്നത് പൂർണ്ണമായി നിർത്തേണ്ടതുണ്ടോ?
പാൽ കുടിച്ചിട്ട് യാതൊരു അസ്വസ്ഥതയും ഉണ്ടാകുന്നില്ലെങ്കിൽ പാൽ ഒഴിവാക്കേണ്ടതില്ല. എന്നാൽ പാൽ സ്ഥിരമായി ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ അത് ഒഴിവാക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകില്ല. തൈര്, യോഗർട്ട്, പനീർ, ചീസ് എന്നിവയിൽ ലാക്ടോസിന്റെ അളവ് വളരെ കുറവായതിനാൽ ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്കും ഇവ എളുപ്പത്തിൽ ദഹിക്കും. ബദാം പോലുള്ള നട്സ്, മുട്ട എന്നിവ പാലിന് പകരം കഴിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam