
ക്യാൻസർ എന്നത് ഒറ്റ രോഗമല്ല. കുറെ രോഗങ്ങളുടെ കൂട്ടായ്മയാണ്. അനിയന്ത്രിതവും അസാധാരണവുമായി കോശങ്ങൾ വളരുമ്പോഴാണ് ക്യാൻസറായി മാറുന്നത്. ഓരോ ക്യാൻസറും ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത് ഏത് കോശത്തിൽ നിന്ന് ഉത്ഭവിക്കുന്ന എന്നതിനെ അനുസരിച്ച് അതിന്റെ വ്യാപനം വ്യത്യസ്തമാണ്. അത് പോലെ തന്നെ അതിനുള്ള ചികിത്സയും വ്യത്യസ്തമാണെന്ന് തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിലെ പിആർഎസ് കാർകിനോസ് ക്യാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റായ ഡോ. രാമദാസ് കെ പറയുന്നു.
‘ക്യാൻസറിന്റെ ലക്ഷണങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. സമൂഹത്തിൽ ബോധവത്കരണം വളരെ പ്രധാനമാണ്. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ തന്നെ രോഗം വേഗം ഭേദമാക്കാൻ സാധിക്കും. അത് പോലെ തന്നെ ചികിത്സയുടെ കാഠിന്യം കുറയ്ക്കാനും സാധിക്കും. എന്നാൽ ലക്ഷണങ്ങൾ കണ്ടിട്ടും ഭയപ്പെട്ട് ചികിത്സ തേടാതെയിരിക്കുന്നത് ശരീരത്തിൽ കൂടുതൽ വ്യാപിക്കുന്നതിന് കാരണമാകും…’ - ഡോ. രാമദാസ് കെ പറയുന്നു.
‘സ്ത്രീകളിൽ ഇന്ന് കൂടുതലായി കാണുന്നത് സ്തനാർബുദമാണ്. മാറിടത്തിൽ കല്ലിപ്പ്, മാറിടത്തിലെ തൊലി ചുരുങ്ങിയിരിക്കുക, മുലക്കണ്ണ് ഉള്ളിലേക്ക് വലിയുക, മുലക്കണ്ണിൽ നിന്ന് രക്തസ്രവം വരിക അല്ലെങ്കിൽ വ്രണം വരിക ഇതൊക്കെയാണ് ലക്ഷണങ്ങൾ. പലപ്പോഴും തുടക്കത്തിൽ വേദന ഉണ്ടാകണമെന്നില്ല…’ - ഡോ. രാമദാസ് കെ പറയുന്നു.