
നമ്മുടെ ദഹനവ്യവസ്ഥയുടെ ആരോഗ്യം കേവലം ഭക്ഷണം ദഹിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. അത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ആഹാരം കഴിക്കുന്നതും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതും കൂടാതെ, ഹോർമോൺ സന്തുലിതാവസ്ഥ ഉറപ്പാക്കൽ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ, മാനസിക ഉന്മേഷം നിലനിർത്തൽ എന്നിവയിലെല്ലാം ദഹനവ്യവസ്ഥയ്ക്ക് നിർണ്ണായക പങ്കുണ്ട്. തലച്ചോറും ദഹനവ്യവസ്ഥയും തമ്മിൽ നിരന്തരം വിവരങ്ങൾ കൈമാറുന്നു. നമ്മുടെ വൈകാരിക പ്രതികരണങ്ങൾ, ചിന്താശേഷി, ഉറക്ക ചക്രം എന്നിവയെല്ലാം ഈ ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.
സന്തോഷം നൽകുന്ന ഹോർമോൺ എന്ന് അറിയപ്പെടുന്ന സെറോടോണിൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ 90 ശതമാനവും നടക്കുന്നത് കുടലിലാണ്. ദഹനവ്യവസ്ഥയിൽ ഉണ്ടാകുന്ന തകരാറുകൾ ഈ ഹോർമോണിന്റെ ഉത്പാദനത്തെ ബാധിക്കും. ഇത് അനാവശ്യമായ ദേഷ്യം, ഉത്കണ്ഠ, പെട്ടെന്നുള്ള മൂഡ് സ്വിങ്സ്, ഉത്സാഹക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. വയർ വീർക്കുക , അസിഡിറ്റി, മലബന്ധം അല്ലെങ്കിൽ അടിക്കടിയുണ്ടാകുന്ന ദഹനക്കേട് എന്നിവ നൽകുന്ന ശാരീരിക അസ്വസ്ഥതകൾ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. ദീർഘകാലം നീണ്ടുനിൽക്കുന്ന ദഹനപ്രശ്നങ്ങൾ മാനസിക തളർച്ചയിലേക്കും നയിച്ചേക്കാം.
നല്ല ഉറക്കം ലഭിക്കുന്നതിലും ദഹനവ്യവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. കുടലിൽ ഉത്പാദിപ്പിക്കപ്പെടുന്ന സെറോടോണിൻ പിന്നീട് ഉറക്കത്തെ നിയന്ത്രിക്കുന്ന മെലാടോണിൻ എന്ന ഹോർമോണായി മാറുകയാണ് ചെയ്യുന്നത്. ദഹനാരോഗ്യം മോശമാകുമ്പോൾ ഈ ഹോർമോൺ പ്രക്രിയ തടസ്സപ്പെടുകയും ഉറക്കമില്ലായ്മ, അർദ്ധരാത്രിയിൽ ഉറക്കം ഉണരുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. രാത്രി വൈകിയുള്ള അസിഡിറ്റി, അമിതമായി ഭക്ഷണം കഴിക്കുന്നത് മൂലമുള്ള അസ്വസ്ഥതകൾ എന്നിവ ഉറക്കത്തിന് തടസ്സം നിൽക്കുന്നു.
ജോലിയിലെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നത് എങ്ങനെ?
വയറ്റിലെ അസ്വസ്ഥതകൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്. ഇത് ശ്രദ്ധക്കുറവ്, അമിത ക്ഷീണം, ചിന്തകളിലെ വ്യക്തതക്കുറവ് എന്നിവയിലേക്ക് നയിക്കാം. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാതെ വരുന്നതാണ് ഇതിന് കാരണം. ശാരീരിക അസ്വസ്ഥതകൾ കാരണം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നത് ഉൽപ്പാദനക്ഷമത കുറയ്ക്കും.
ദഹനം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2. തൈര്, മോര്, അച്ചാറുകൾ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ ശരീരത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ നല്ലതാണ്.
3. കൃത്യമായ ദഹനത്തിനും പോഷകങ്ങൾ ശരീരത്തിൽ പിടിക്കുന്നതിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.
4. ഉറങ്ങാൻ പോകുന്നതിന് മുൻപ് അമിതമായി ആഹാരം കഴിക്കുന്നതും ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക.
5. വ്യായാമം, ശ്വസനക്രിയകൾ, ജോലിത്തിരക്കുകൾക്കിടയിൽ ചെറിയ ഇടവേളകൾ എടുക്കൽ എന്നിവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കുക.
6. ഭക്ഷണത്തിനും ഉറക്കത്തിനും കൃത്യമായ ഒരു സമയക്രമം പാലിക്കുന്നത് ദഹനവ്യവസ്ഥയുടെ സ്വാഭാവിക താളം നിലനിർത്താൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam